ഇന്ത്യയുടെ ധനക്കമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ച് മൂഡീസ്

ഇന്ത്യയുടെ ധനക്കമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ച് മൂഡീസ്

ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ധനക്കമ്മിയില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഉയര്‍ന്ന ഇന്ധന വില ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതിന് സര്‍ക്കാരിന് വെല്ലുവിളിയാകുമെന്നാണ് മൂഡീസിന്റെ നിരീക്ഷണം. ഇന്ധന വില വര്‍ധന ഹ്രസ്വകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുമെന്നും മൂഡീസ് പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവ് വരുമാനത്തേക്കാള്‍ അധികമായി വരുന്ന അവസ്ഥയാണ് ധനക്കമ്മി. ജിഡിപിയുടെ 3.3 ശതമാനത്തേക്കാള്‍ കൂടുതലായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മിയെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 86.5 ശതമാന (5,40,257 കോടി രൂപ) ത്തിലെത്തിയതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട സിജിഎ (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തിലെ കണക്കെടുത്താല്‍ ബജറ്റില്‍ ലക്ഷ്യമിടുന്നതിന്റെ 68.7 ശതമാനമാണ് ധനക്കമ്മി.

ബജറ്റില്‍ വകയിരുത്തിയതിന്റ 36.4 ശതമാനത്തോളം തുക (8.9 ലക്ഷം കോടി രൂപ) സര്‍ക്കാര്‍ ഏപ്രില്‍-ജൂലൈയില്‍ ചെലവഴിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക ശാക്തീകരണ പദ്ധതികളുമായി ഈ കണക്കുകള്‍ ചേര്‍ന്നുപോകുന്നില്ലെങ്കിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തിയിരുന്നു. 2017-2018 സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.5 ശതമാനമായിരുന്നു ഇന്ത്യയുടെ ധനകമ്മി.

ഉയര്‍ന്ന ഇന്ധന വിലയും ഉയര്‍ന്ന എണ്ണയിതര ഇറക്കുമതി ആവശ്യകതയും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയില്‍ സ്വാധീനം ചെലുത്തുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനത്തിലെത്തുമെന്നാണ് മൂഡീസിന്റെ നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് ജിഡിപിയുടെ 1.5 ശതമാനമായിരുന്നു. ഉയര്‍ന്ന ഇന്ധന വിലയും പലിശ നിരക്കും സര്‍ക്കാരിന്റെ ബജറ്റ് ലക്ഷ്യത്തിലും കറന്റ് എക്കൗണ്ടിലും സമ്മര്‍ദം ചെലുത്തുമെന്ന് മൂഡീസ് വൈസ് പ്രസിഡന്റ് ജോയ് റാന്‍കോത്‌ജെ പറഞ്ഞു.

എന്നാല്‍, സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് മൂഡീസിന്റെ നിഗമനം.

Comments

comments

Categories: Business & Economy
Tags: Moody's