മഹീന്ദ്ര മറാസോ അവതരിപ്പിച്ചു

മഹീന്ദ്ര മറാസോ അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെ ; നാല് വേരിയന്റുകളില്‍ ലഭിക്കും

ശങ്കര്‍ മീറ്റ്‌ന

മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ ഓള്‍-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കും. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ പൂര്‍ണ്ണമായും പുതിയ മോഡലാണ് മറാസോ. മഹീന്ദ്രയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലും ഇനി മറാസോ തന്നെ. എംപിവി സെഗ്‌മെന്റില്‍ ലീഡറായി വിലസുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ എന്നിവയാണ് മഹീന്ദ്ര മറാസോയുടെ എതിരാളികള്‍. മാരുതി സുസുകി എര്‍ട്ടിഗയും ഒന്നു കരുതിയിരിക്കുന്നത് നന്ന്.

പുതിയ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് കരുത്തേകുന്നത്. 120 ബിഎച്ച്പി പരമാവധി പവറും 300 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെക്കുറിച്ച് തല്‍ക്കാലം മഹീന്ദ്ര ഒന്നും പറയുന്നില്ല. മറാസോയുടെ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്റെ പണിപ്പുരയിലാണ് മഹീന്ദ്ര. പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

7 സീറ്റ്, 8 സീറ്റ് ലേഔട്ടുകളിലാണ് മഹീന്ദ്ര മറാസോയുടെ കാബിന്‍ തീര്‍ത്തിരിക്കുന്നത്

മഹീന്ദ്ര വാഹനങ്ങളില്‍ ഏറ്റവുമധികം ഫൂട്ട്പ്രിന്റുള്ള മോഡലാണ് മറാസോ. വലിയ അളവുകളും അഗ്രസീവ് സ്‌റ്റൈലിംഗുമാണ് മറാസോയുടെ പ്രത്യേകത. സ്രാവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മഹീന്ദ്ര മറാസോയുടെ സ്റ്റൈലിംഗ്. സ്റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാവുന്ന ക്രോം ടൂത്ത് ഗ്രില്‍, പൈലറ്റ് ലൈറ്റുകള്‍ സഹിതം ഡബിള്‍ ബാരല്‍ ഹെഡ്‌ലാംപുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, കണ്ണിന്റെ ആകൃതിയുള്ള ഫോഗ് ലാംപുകള്‍ എന്നിവ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ വിശേഷങ്ങളാണ്. 17 ഇഞ്ച് അലോയ് വീലുകള്‍, വലിയ പുറം കണ്ണാടികള്‍, സ്രാവിന്റെ വാലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ടെയ്ല്‍ലാംപുകള്‍, ടെയ്ല്‍ലാംപുകളെ ബന്ധിപ്പിച്ച് തടിച്ച ക്രോം സ്ലാറ്റ് എന്നിവയും ഫീച്ചറുകള്‍ തന്നെ.

7 സീറ്റ്, 8 സീറ്റ് ലേഔട്ടുകളിലാണ് മഹീന്ദ്ര മറാസോയുടെ കാബിന്‍ തീര്‍ത്തിരിക്കുന്നത്. 7 സീറ്റ് ലേഔട്ടില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു. 8 സീറ്റര്‍ മോഡലിന് നല്‍കിയതാവട്ടെ മടക്കിവെയ്ക്കാവുന്ന ബെഞ്ച് സീറ്റും. കാബിന്‍ ഡിസൈന്‍ ആകപ്പാടെ പ്രീമിയം ലുക്കിംഗ് ആണെന്നുപറയാം. ഇന്റീരിയറിന് ഓഫ് വൈറ്റ് നിറമാണ്. ഡാഷ്‌ബോര്‍ഡിന് ബ്ലാക്ക് ആന്‍ഡ് ഓഫ് വൈറ്റ് ഡുവല്‍ ടോണ്‍ നല്‍കിയിരിക്കുന്നു.

വേരിയന്റ്                           പ്രാരംഭ വില

എം2                                         9.99 ലക്ഷം രൂപ

എം4                                         10.95 ലക്ഷം രൂപ

എം6                                         12.40 ലക്ഷം രൂപ

എം8                                        13.90 ലക്ഷം രൂപ

യുഎസ്ബി സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് & ഓക്‌സ്-ഇന്‍ കണക്റ്റിവിറ്റി, വലിയ എംഐഡി (മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ) യൂണിറ്റ് സഹിതം ഡുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റൂഫ് മൗണ്ടഡ് എയര്‍ കണ്ടീഷന്‍ സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. വാഹന വ്യവസായത്തില്‍ ഇതാദ്യമായി സറൗണ്ട് കൂള്‍ സാങ്കേതികവിദ്യ നല്‍കിയതായി മഹീന്ദ്ര അവകാശപ്പെട്ടു. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലില്‍ തന്നെ ഓഡിയോ, ടെലിഫോണി, ക്രൂസ് കണ്‍ട്രോള്‍ എന്നിവ നിയന്ത്രിക്കാം.

സ്രാവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മഹീന്ദ്ര മറാസോയുടെ സ്റ്റൈലിംഗ്

ഇബിഡി സഹിതം എബിഎസ്, ബ്രേക്ക് അസിസ്റ്റ്, രണ്ട് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും നല്‍കിയിരിക്കുന്നു. എം8 എന്ന ടോപ് സ്‌പെക് വേരിയന്റില്‍ റിയര്‍ പാര്‍ക്കിംഗ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും നല്‍കി. എന്നാല്‍ എം6 വേരിയന്റില്‍ കാമറയില്ല. 17.6 കിലോമീറ്ററാണ് മറാസോയുടെ ഇന്ധനക്ഷമതയെന്ന് മഹീന്ദ്ര അവകാശപ്പെട്ടു. മറാസോ എംപിവി രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്നതിന് 200 ദശലക്ഷം യുഎസ് ഡോളറാണ് മഹീന്ദ്ര മുടക്കിയത്. വാഹനം കയറ്റുമതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്.

Comments

comments

Categories: Auto