ഭാഷാ പഠനം ഈസിയാക്കുന്ന ലേണിംഗ് ആപ്പുകള്‍

ഭാഷാ പഠനം ഈസിയാക്കുന്ന ലേണിംഗ് ആപ്പുകള്‍

ആഗോളതലത്തില്‍ ജനങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കുമ്പോള്‍ ഭാഷയാണ് വിലങ്ങു തടിയാകാറുള്ളത്. തൊഴില്‍ പരമായും ബിസിനസ് ട്രിപ്പുകളുടെ ഭാഗമായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നവരെ സഹായിക്കാന്‍ ഇന്ന് നിരവധി ഭാഷാ പഠന ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. പോക്കറ്റ് കാലിയാക്കാതെ ഭാഷ അനായാസം പഠിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന ചില ആപ്ലിക്കേഷനുകലെ ഇവിടെ പരിചയപ്പെടാം

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ടുള്ള ആഗോള സമ്പര്‍ക്കമാണ് ആധുനിക ജനതയുടെ മുഖമുദ്ര. സമൂഹ മാധ്യമങ്ങളിലൂടെയായാലും പ്രൊഫഷണല്‍ ജീവിതത്തിന്റെ ഭാഗമായും ലോകത്തിന്റെ ഏതൊരു കോണിലുമുള്ള വൃക്തിയുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഇന്നത്തെ സമൂഹത്തിന് ആശയവിനിമയം ഒരു തടസമാകുന്നില്ല. ഏതൊരു വ്യക്തിയും ഒന്നോ അതില്‍ കൂടുതലോ ഭാഷ വശത്താക്കിയിരിക്കും. ഇനിയിപ്പോള്‍ അതു പ്രാദേശിക, വിദേശ ഭാഷയാണെങ്കില്‍ കൂടിയും അവ വളരെ ലളിതമായി പഠിപ്പിച്ചു നല്‍കാന്‍ ഇവിടെ ഭാഷാ പഠന ആപ്ലിക്കേഷനുകളും ധാരാളം കടന്നു വരുന്നുണ്ട്.

ആഗോളതലത്തില്‍ ജനങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കുമ്പോള്‍ ഭാഷയാണ് ചിലപ്പോഴെങ്കിലും വിലങ്ങു തടിയാകാറുള്ളത്. തൊഴിലിന്റെ ഭാഗമായും ബിസിനസ് ട്രിപ്പുകള്‍, വിദേശ രാജ്യങ്ങളില്‍ ഒഴിവുകാലം ചെലവിടല്‍, കുടുംബ സന്ദര്‍ശനം എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ ആളുകള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതായി വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതാതു സ്ഥലങ്ങളിലെ അത്യാവശ്യം ചില വാക്കുകളും പ്രയോഗങ്ങളും അറിഞ്ഞു വെക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ഹലോ, നമസ്‌തെ, നന്ദി എന്നിങ്ങനെ സര്‍വസാധാരണയായി പറയുന്ന വാക്കുകള്‍ക്കു പുറമെ വിവിധ ഭാഷകളെ അടുത്തറിയാനും പ്രയോഗത്തില്‍ വരുത്താനും പഠിപ്പിക്കുകയാണ് ലാംഗ്വേജ് ലേണിംഗ് ആപ്പുകള്‍. ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും ഇവര്‍ അനായാസം സഹായിക്കും. സ്പാനിഷ് മുതല്‍ ഫ്രഞ്ച്, ജര്‍മന്‍, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലെ പഠനം ഈസിയാക്കുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം. ഭാഷാ പഠനം വേഗത്തിലാക്കുന്നു എന്നതിലുപരി ആളുകളുടെ പോക്കറ്റ് കാലിയാക്കുന്നില്ല എന്നതാണ് ഈ ആപ്പുകളുടെ എടുത്തു പറയേണ്ട സവിശേഷത. ഇനി മുതല്‍ ഭാഷ പഠിക്കാന്‍ മറ്റൊരാളുടെ സഹായം തേടാതെ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാകും.

ഡുവോലിംഗോ

ലാംഗ്വേജ് ലേണിംഗ് ആപ്പുകളുടെ ഗണത്തില്‍ ജനപ്രീതി ഏറെയുള്ള ആപ്ലിക്കേഷനാണ് ഗൂഗിളിന്റെ പിന്തുണയുള്ള ഡുവോലിംഗോ. നിലവില്‍ 200 ദശലക്ഷം ഉപഭോക്താക്കളുടെ സജീവ സാന്നിധ്യമാണ് ആപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഡുവോലിംഗോയില്‍ ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. 10.1 മില്യണ്‍ ആളുകളാണ് ഈ വിഭാഗത്തിലുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലൂയിസ് വോണ്‍ ആന്‍, സെവറിന്‍ ഹാക്കര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഡുവോലിംഗോയില്‍ പഠനം രസകരമാക്കാന്‍ വിവിധ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദി അറിയാവുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള വിഭാഗത്തിനു പുറമെ ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് ഹിന്ദി പഠിക്കാനും ഇവര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ് തുടങ്ങി 37 ഓളം വ്യത്യസ്ത ഭാഷകള്‍ പഠിക്കാനുള്ള അവസരം ഡുവോലിംഗോ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 68 ശതമാനത്തിലേറെയും ഈ ആപ്പ് ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടിയാണ്. 8.3 ശതമാനം ഫ്രഞ്ചും 8.2 ശതമാനം സ്പാനിഷും 5.5 ശതമാനം ആളുകള്‍ ജര്‍മന്‍ ഭാഷ പഠിക്കാനും ഈ ആപ്പ് വിനിയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

ബീലിംഗ്ആപ്പ്

സാധാരണഗതിയില്‍ ഫഌഷ് കാര്‍ഡുകളും മെമ്മറി ഗെയിമുകളും പ്രവര്‍ത്തന സജ്ജമല്ലെങ്കിള്‍ ഈ ആപ്പ് നിങ്ങള്‍ക്ക് ഏറെ സഹായകമാകും. ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളും വാക്കുകളും രണ്ട് വ്യത്യസ്ത ഭാഷയില്‍ അടുത്തടുത്തായി ഇതില്‍ ദൃശ്യമാകുന്നു. ഇവയില്‍ ഒന്ന് റഫറന്‍സ് ഭാഷയായിരിക്കും. ഭാഷ ഏതു രീതിയില്‍ ഉച്ചരിക്കണമെന്നതിനുള്ള ശബ്ദശകലങ്ങളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷ സംസാരിക്കുന്ന വ്യക്തികളില്‍ നിന്നുള്ള നേരിട്ടുള്ള ഉച്ചാരണമാണ് ഈ ഓഡിയോ ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ ഭാഷാ പഠനം രസകരമാക്കാന്‍ സാങ്കല്‍പിക കഥകള്‍ മുതല്‍ സയന്‍സ് ലേഖനങ്ങള്‍ വരെ ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ഏകദേശം 13 ഭാഷകള്‍ പഠിക്കാന്‍ സഹായിക്കുന്ന ബീലിംഗ്ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പത്തു ലക്ഷത്തിലേറെ ഡൗണ്‍ലോഡുകള്‍ ഇതിനോടകം നേടാനായതായി കമ്പനി അവകാശപ്പെടുന്നു.

ഹലോ ഇംഗ്ലീഷ്

വിദേശ ഭാഷാ പഠനവും അനുബന്ധ വിഷയങ്ങളും എക്കാലത്തും തൊഴില്‍ സാധ്യതയ്ക്ക് മികച്ച പിന്തുണ നല്‍കുന്ന ഒന്നാണ്. ഇതില്‍ മുന്‍പന്തിയിലാണ് ഇംഗ്ലീഷ് ഭാഷ. തൊഴില്‍ ലക്ഷ്യങ്ങള്‍ മാത്രമല്ല മറ്റുള്ളവരില്‍ നിന്നും ബഹുമാനം, മികച്ച അവസരങ്ങള്‍ എന്നിവ ലഭിക്കുന്നതിനും ആളുകള്‍ ഇംഗ്ലീഷ് ഭാഷയെ ഒന്നാം നിരയില്‍ സൃഷ്ടിച്ച് ലോക ഭാഷയായി അംഗീകരിച്ചു വരുന്നുണ്ട്. നിഷാന്ത് പാട്‌നി, പ്രാന്‍ഷു ഭണ്ഡാരി എന്നിവര്‍ ചേര്‍ന്നാണ് ഹലോ ഇംഗ്ലീഷ് എന്ന ഭാഷാ പഠന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷ് പഠിക്കാന്‍ കാത്തിരിക്കുന്ന ഏതൊരാള്‍ക്കും പഠനം ഈസിയാക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. 25ല്‍ പരം ഭാഷകളെ പിന്തുണച്ചാണ് ഇവിടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഭോജ്പുരി തുടങ്ങി 14 ഓളം വിവിധ ഇന്ത്യന്‍ ഭാഷകള്‍ അറിയാവുന്നവര്‍ക്കും ഈ പ്ലാറ്റ്‌പോമിലൂടെ ഇംഗ്ലീഷ് ഭാഷ അനായാസം പഠിക്കാനാകുമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ലിംഗോസ് മിയോ

വാക്കുകള്‍ ഓര്‍ത്തുവെച്ചുള്ള പഠനത്തിനപ്പുറം ഭാഷ അനായാസം സ്വായത്തമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ലിംഗോസ് മിയോ. സംഭാഷണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും വാക്കുകള്‍ സ്വയം സൃഷ്ടിക്കാനുമാണ് ഈ ഭാഷാ പഠന പ്ലാറ്റ്‌ഫോം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ബാര്‍ക്ലെയ്‌സിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയിരുന്ന അലോക് അറോറയാണ് ലിംഗോസ് മിയോയുടെ സ്ഥാപകന്‍. ഒരിക്കല്‍ ബ്രസീല്‍ സന്ദര്‍ശനത്തിനിടെ പോര്‍ച്ചുഗീസ് ഭാഷയിലെ തന്റെ പരിമിതി മനസിലാക്കിയതോടെയാണ് ഇത്തരത്തിലൊരു പഠന ആപ്ലിക്കേഷന് രൂപം നല്‍കാന്‍ അലോക് തീരുമാനിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, മാന്‍ഡരിന്‍ ചൈനീസ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ ലളിതവും സരസവുമായ രീതിയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്ന ഇവര്‍ കൂടുതല്‍ ഭാഷകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയാറെടുക്കുകയാണ്. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ലിംഗോസ് മിയോ ഇതിനോടകം ഒരു ലക്ഷത്തോളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞിരിക്കുന്നു.

മെംമ്‌റൈസ്

കുറച്ചു സമയം കൊണ്ട് കൂടുതല്‍ വാക്കുകള്‍ പഠിക്കുക എന്നതിനാണ് മെംമ്‌റൈസ് ആപ്പ് മുന്‍തൂക്കം നല്‍കുന്നത്. വിഷ്വല്‍ ലേണിംഗ് ടെക്‌നിക്കുകളും മെമ്മറി ഗെയിമുകളും വഴിയാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഭാഷാ പഠനം അനായാസം കൈകാര്യം ചെയ്യുന്നത്. വൈഡ് ചോയ്‌സ് അക്‌സസ് വഴി കൂടുതല്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ നിന്നും സംരംഭം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കുന്നുണ്ട്. സ്വാഹ്‌ലി, ഉറുദു, സംസ്‌കൃതം, മറാത്തി തുടങ്ങിയ നിരവധി ഭാഷകള്‍ പഠിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 20 മില്യണ്‍ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ മെംമ്‌റൈസിനുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

മള്‍ട്ടിഭാഷി

രണ്ടു വര്‍ഷം മുമ്പ് അനുരാധ അഗര്‍വാള്‍ തുടക്കമിട്ട ഈ സംരംഭം പ്രധാനമായും രണ്ടു രീതിയിലാണ് ഭാഷാ പഠനത്തിന് സഹായിച്ചു വരുന്നത്. ഒന്ന് ഗെയിമുകളും മറ്റു പരിശീലനങ്ങളും വഴി സ്വയം പഠിക്കാവുന്ന തരത്തിലുള്ളതാണ്. മികച്ച പരിശീലകരുമായി ചാറ്റ് വഴിയും ഫോണ്‍ കോളുകള്‍, വീഡിയോ കോളുകള്‍ എന്നീ മാധ്യമങ്ങളിലൂടെയും പഠിക്കാവുന്ന രീതിയാണ് മറ്റൊന്ന്. ഇംഗ്ലീഷ് ഭാഷ അറിയാവുന്നവര്‍ക്ക് ഇന്ത്യയിലെ വിവിധ ഭാഷകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നതോടൊപ്പം ഇന്ത്യയിലെ ഏതൊരു ഭാഷക്കാര്‍ക്കും ഇംഗ്ലീഷ് ഭാഷ അനായാസം പഠിക്കാനും ഇവര്‍ സഹായിക്കുന്നു.

Comments

comments

Categories: FK Special, Slider