പ്രളയബാധിത പ്രദേശങ്ങളില്‍ ദാഹജലം നല്‍കി ജലബസ്

പ്രളയബാധിത പ്രദേശങ്ങളില്‍ ദാഹജലം നല്‍കി ജലബസ്

ഗുജറാത്തിലെ ഭാവ്‌നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്എംസിആര്‍ഐ ജലബസ്സിനെ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു

കൊച്ചി : കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടതോടൊപ്പം കുടിവെള്ള സ്രോതസ്സുകള്‍ വ്യാപകമായി മലിനമാക്കപ്പെട്ടിരുന്നു. പ്രളയത്തെ അതിജീവിച്ചവര്‍ക്ക് തൊണ്ട നനയ്ക്കാന്‍ വെള്ളം ലഭിക്കാത്ത അവസ്ഥ. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഓടിയെത്തിയിരിക്കുകയാണ് ഗുജറാത്തില്‍നിന്ന് ഒരു ജലബസ്. പ്രളയബാധിത പ്രദേശങ്ങളില്‍ കേരളത്തിന്റെ ദാഹമകറ്റുകയാണ് ഈ മൊബീല്‍ ജലശുദ്ധീകരണ പ്ലാന്റ്.

ഗുജറാത്തിലെ ഭാവ്‌നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (സിഎസ്എംസിആര്‍ഐ) ജലബസ്സിനെ കേരളത്തിലേക്ക് അയച്ചത്. തദ്ദേശീയമായി വികസിപ്പിച്ച 40 അടി നീളമുള്ള ബസ്സില്‍ ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമാണ് ഈ ജലബസ്. കസ്റ്റമൈസ് ചെയ്ത ബസ്സിന് ഒരു ദിവസം 40,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയും. മണിക്കൂറില്‍ 3,000 ലിറ്റര്‍ ജലമാണ് ശുദ്ധീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന കുടിവെള്ളം ബസ് വിതരണം ചെയ്യുന്നു.

പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലാണ് മൊബീല്‍ ജലശുദ്ധീകരണ പ്ലാന്റ് പ്രധാനമായും സേവനമനുഷ്ഠിക്കുന്നത്. കഴിഞ്ഞ മാസം 24 ന് കേരളത്തിലെത്തിയ ബസ് പാണ്ടനാട് പനയന്നാര്‍ക്കാവ് ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു. മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും മലിനമായ പാണ്ടനാടിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ഈ മൊബീല്‍ ജലശുദ്ധീകരണ പ്ലാന്റാണ്.

സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തില്‍ ഏഴോളം പേരാണ് ദുരന്തഭൂമിയില്‍ സേവനനിരതരായിരിക്കുന്നത്. ചളി നിറഞ്ഞതുള്‍പ്പെടെ ഏതു തരം ജലവും ശുദ്ധീകരിക്കാന്‍ കഴിയുന്നതാണ് പ്ലാന്റ്. തീരപ്രദേശങ്ങളിലെ ഉപ്പുരസമുള്ള ജലവും ശുദ്ധീകരിക്കാന്‍ കഴിയും. വൈറസുകളെയും ബാക്ടീരിയകളെയും നീക്കം ചെയ്ത് ശുദ്ധീകരിച്ചാണ് ജലം ഉപയോഗയോഗ്യമാക്കുന്നത്.

ബസ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്ന ജനറേറ്റര്‍ 23 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഈ വൈദ്യുതി ഉപയോഗിച്ചാണ് ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. കൂടാതെ ബസ്സിന്റെ റൂഫില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബസ്സിന്റെ അടിസ്ഥാന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സൗരോര്‍ജ്ജമാണ്. ഡീസല്‍ തീര്‍ന്നാല്‍ സൗരോര്‍ജ്ജം ഉപയോഗിച്ചും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

നിരവധി ദുരന്ത മുഖങ്ങളില്‍ ജലബസ് രക്ഷകനായി അവതരിച്ചിട്ടുണ്ട്. 2009 ജൂണില്‍ പശ്ചിമ ബംഗാളില്‍ ഐല ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലും 2009 ല്‍ കര്‍ണ്ണാടകയിലെ റായ്ച്ചൂരില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും 2013 ല്‍ ഒഡിഷയിലെ ഗഞ്ചം, ജഗത്‌സിംഗ്പുര എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക സമയത്തും സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജലബസ് ദാഹജലം നല്‍കാന്‍ ഓടിയെത്തി. 2013 ല്‍ ഹിമാലയന്‍ സുനാമി സമയത്ത് ഋഷികേശിലും മറ്റും കര്‍മ്മനിരതരായി.

Comments

comments

Categories: Auto
Tags: Jalabus