‘ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി’യില്‍ വീണ്ടും പ്രതീക്ഷ

‘ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി’യില്‍ വീണ്ടും പ്രതീക്ഷ

ആഗോള സാമ്പത്തിക രംഗത്ത് കടുത്ത അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നതെങ്കിലും പ്രതീക്ഷയുടെ ശുഭകിരണമായി ഭാരതം തുടരുമെന്ന സൂചന തന്നെയാണ് ഒന്നാം പാദ ജിഡിപി കണക്കുകള്‍ നല്‍കുന്നത്

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റിട്ട് നാല് വര്‍ഷം കഴിഞ്ഞു. അതിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചാനിരക്കാണ് ഈ വര്‍ഷത്തെ ആദ്യ പാദ ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യില്‍ ഇന്ത്യ നേടിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെയും എല്ലാം പ്രതീക്ഷകളെ കവച്ചുവെച്ചുകൊണ്ടായിരുന്നു 8.2 ശതമാനമെന്ന ഗംഭീര വളര്‍ച്ചാനിരക്ക് രാജ്യം നേടിയത്. പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകുന്ന നരേന്ദ്ര മോദിക്ക് സാമ്പത്തിക കുതിപ്പിന്റെ ഈ വാര്‍ത്ത വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. അതിലപ്പുറം ആഗോളതലത്തിലും വ്യത്യസ്ത മാനങ്ങളുണ്ട് ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകള്‍ക്ക്.

വെള്ളിയാഴ്ച്ചയാണ് ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കുകള്‍ പുറത്തുവന്നത്. മുന്‍പാദത്തിലെ 7.7 ശതമാനത്തില്‍ നിന്നാണ് 8.2 ശതമാനത്തിലേക്ക് ജിഡിപി നിരക്ക് കുതിച്ചത്. വളര്‍ച്ചാ സ്ഥിരത ഇന്ത്യ നേടുന്നുവെന്ന വസ്തുത കൂടിയാണ് തുടര്‍ച്ചയായ പാദങ്ങളില്‍ ജിഡിപി ഏഴ് ശതാനമത്തിലധികം രേഖപ്പെടുത്തിയതിലൂടെ പ്രതിഫലിക്കുന്നത്.

മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളെ പിന്നിലാക്കുന്ന പ്രകടനമാണ് ഇന്ത്യയുടേത്. പ്രത്യേകിച്ചും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ശ്രദ്ധേയവുമാണ്.
ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയ സമ്പദ് വ്യവസ്ഥയാണ് ചൈനയുടേതെന്നത് മറക്കുന്നില്ല. എങ്കിലും ചൈനയുടെ സാമ്പത്തിക രംഗം ഇപ്പോള്‍ മന്ദതയിലാണ്. ഒരു കാലത്ത് ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ എന്‍ജിന്‍ എന്ന് പുകള്‍ക്കൊണ്ട ചൈനയുടെ ജൂണ്‍ പാദത്തിലെ വളര്‍ച്ചാനിരക്ക് 6.7 ശതമാനം മാത്രമാണ്. ആ സ്ഥാനത്ത് ഇന്ത്യക്ക് മുന്നേറാനായി എന്നതാണ് ശുഭകരമായ വാര്‍ത്ത.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്ത അസ്വസ്ഥതകളാണ് ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്നത്. സമ്മര്‍ദ്ദം നേരിടുന്ന സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ചയുടെ ഭാവിയില്‍ സൃഷ്ടിച്ചിരിക്കുന്നത് സങ്കീര്‍ണമായ അനിശ്ചിതാവസ്ഥയാണ്. ഈ സാഹചര്യത്തിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഉല്‍പ്പാദന മേഖലയിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും മികച്ച വളര്‍ച്ചാനിരക്കുകളാണ് രാജ്യം രേഖപ്പെടുത്തിയിരിക്കുന്നത്. വരുന്ന മാസങ്ങളിലും ഇത് തുടരാനാണ് സാധ്യത.

ഇന്ത്യന്‍ ഓഹരി വിപണികളിലേക്ക് വിദേശ നിക്ഷേപകര്‍ പണമൊഴുക്ക് തുടരുന്നുവെന്നതും സമ്പദ് വ്യവസ്ഥയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ 5,100 കോടി രൂപയാണ് ഓഹരി വിപണിയിലേക്കെത്തിയ വിദേശ നിക്ഷേപം. ഓഗസ്റ്റില്‍ വിദേശ സ്ഥാപക നിക്ഷേപകര്‍ ഇക്വിറ്റിയിലേക്ക് 1,775 കോടി രൂപയും ഡെറ്റ് വിപണിയിലേക്ക് 3,414 കോടി രൂപയുമാണ് ഒഴുക്കിയത്.

അതേസമയം പണപ്പെരുപ്പവും ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യമിടിവും രാജ്യം നേരിടുന്ന വെല്ലുവിളികളായി തുടരുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലിശ നിരക്കില്‍ രണ്ട് തവണയാണ് വര്‍ധന വരുത്തിയത്. ബാങ്കിംഗ് രംഗത്തെ അറ്റനിഷ്‌ക്രിയ ആസ്തി എന്ന വലിയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്ന് വേണം വിലയിരുത്താന്‍. പണപ്പെരുപ്പവും ഇന്ധന വില വര്‍ധനവും എങ്ങനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇലക്ഷന്‍ സാധ്യതകള്‍.

Comments

comments

Categories: Editorial, Slider