1,399 രൂപക്ക് വിദേശത്തേക്ക് പറക്കാം

1,399 രൂപക്ക് വിദേശത്തേക്ക് പറക്കാം

ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റുകള്‍ 999 രൂപ മുതല്‍; സര്‍ച്ചാര്‍ജും ഫീയും നല്‍കേണ്ടി വരും; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

 

മുബൈ: ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ബെര്‍ഹാദ്. അന്താരാഷ്ട്ര യാത്രക്കുള്ള ടിക്കറ്റുകള്‍ 1,399 രൂപ മുതലും ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റുകള്‍ 999 രൂപ മുതലുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എയര്‍ഏഷ്യാ ഇന്ത്യ, എയര്‍ഏഷ്യാ ബെര്‍ഹാദ്, തായ് എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്‌സ് തുടങ്ങി എയര്‍ഏഷ്യാ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ വിമാന കമ്പനികളിലും ഈ ഓഫര്‍ ബാധകമാണ്. മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള ഇന്ത്യയിലെ സംയുക്ത സംരംഭമാണ് എയര്‍ഏഷ്യ ഇന്ത്യ.

അടുത്ത വര്‍ഷം ഫെബ്രുവരി 19 നും നവംബര്‍ 26നും ഇടയിലുള്ള യാത്രകള്‍ക്കാണ് വന്‍ ഇളവുകള്‍ ലഭിക്കുക. ഇന്ന് മുതല്‍ എട്ട് ദിവസത്തേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സര്‍ച്ചാര്‍ജുകളും മറ്റ് ഫീകളും പുറമെ നല്‍കേണ്ടി വരും. എയര്‍ഏഷ്യ ഡോട്ട് കോം, എയര്‍ഏഷ്യ മൊബീല്‍ ആപ്പ് എന്നിവ വഴിയുള്ള എല്ലാ ബുക്കിംഗുകള്‍ക്കും ഓഫര്‍ ലഭിക്കും. ക്വാലലംപൂര്‍, ബാങ്കോക്ക്, ക്രാബി, സിഡ്‌നി, ഓക്ക്‌ലാന്‍ഡ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് ഈ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാം.

ബെംഗളുരു, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, ചണ്ഡിഗഡ്,പുനെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, റാഞ്ചി, ഭുവനേശ്വര്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, സൂറത്ത്, അമൃത്സര്‍, ചെന്നൈ തുടങ്ങിയ ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്കും ഈ ഓഫര്‍ നിരക്കില്‍ പറക്കാം. 19 എയര്‍ബസ് എ വിമാനങ്ങള്‍ വഴി 21 ആഭ്യന്തര ഡെസ്റ്റിനേഷനുകളില്‍ എയര്‍ഏഷ്യ ഇന്ത്യ സേവനം നടത്തുന്നുണ്ട്.

Comments

comments

Categories: Top Stories

Related Articles