പരശുരാമന്റെ ആ മഴു

പരശുരാമന്റെ ആ മഴു

സര്‍വനാശം വിതച്ചെത്തിയ പ്രളയജലം ഒഴുകിമാറിയ ഇടങ്ങളിലെല്ലാം ബലക്ഷയം വന്ന വീടുകളുടെയും അസ്ഥിവാരം ഇളകിയ കെട്ടിടങ്ങളുടെയും ഉപയോഗ ശൂന്യമായ വീട്ടുപകരണങ്ങളുടെയും ദുരന്തക്കാഴ്ചകളാണ് തെളിഞ്ഞു വന്നിരിക്കുന്നത്. പുതിയൊരു കേരളം നിര്‍മിച്ചെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സമൂഹത്തിന്റെ ചുമലില്‍ വന്നു വീണിരിക്കുന്നത്. ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള, പ്രകൃതിയുടെ സന്തുലനാവസ്ഥ തകര്‍ക്കാതെയുള്ള നിര്‍മാണങ്ങളിലേക്ക് നീങ്ങുകയാണ് വേണ്ടത്. വിദഗ്‌ദ്ധോപദേശം കൂടാതെയുള്ള നിര്‍മാണങ്ങള്‍ വലിയ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പ് ഇനിയെങ്കിലും അവഗണിക്കാതെയിരിക്കാം.

 

‘ഇടിഞ്ഞു പൊളിഞ്ഞൊരീ ലോകത്തിന്‍ പുനഃസൃഷ്ടി
ഉടനേ സാധിക്കാനുള്ളക്ഷരമന്ത്രം ചൊല്ലി
ഒരു താപസജന്മം! അതിനായ് സ്വയം ത്യജി-
ച്ചുരുകുംബലിധര്‍മ്മം! സാക്ഷിയീദേവായനം!
ഒരു കണ്ണുനീര്‍ക്കണം പൊഴിച്ചാലതു പോലും
നിറവിണ്ണിലെ നിത്യമേഘമായ് കുളിര്‍ പെയ്യും!
ഇവിടെ ജ്വലിക്കുന്നു മര്‍ത്ത്യവേദന സ്വയം-
പ്രഭയായ്, പ്രഭാതമായ്, സന്ധ്യയായ്, നിശീഥമായ്!
…………………………………………………………………………………
എങ്ങനെയുള്‍ക്കൊള്ളുന്നൂസാഗരമൗനം ഭവാന്‍?
അല്ലെങ്കില്‍ മഹാഭാഗവതനാമവിടേയ്ക്കു
വല്ലുമോകലിയുഗകാളിന്ദിതാണ്ടിച്ചെല്ലാന്‍?’
-‘ഋഷികവി’, എസ്.രമേശന്‍നായര്‍

പ്രളയ പരവശരായ പരശുരാമ പ്രജകള്‍ പുനര്‍നിര്‍മ്മാണത്തിന്റെ പുനരതിദീര്‍ഘമായ പ്രക്രിയയിലേയ്ക്ക് പ്രവേശിക്കുകയാണ്. പെരുമഴക്കാലത്തിന്റെ മലവെള്ളപ്പാച്ചിലിന് ശേഷം എല്ലാം പഴയത് പോലെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞത് അദ്ധ്യായത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും കൂടുതല്‍ തീക്ഷ്ണതയുള്ള, അപകടകരമായ മറ്റ് ഭൗമപ്രക്രിയകള്‍ ഇനിയും കേരളത്തില്‍ (അതുപോലെ മറ്റിടങ്ങളിലും) ഉണ്ടാവാനിടയുണ്ടെന്ന് ശാസ്ത്രജ്ഞരും മറ്റ് അറിവുള്ളവരും തുടര്‍ച്ചയായി പറയുന്നുണ്ട്. അത്രമാത്രം തീവ്രമാണ് പരിസ്ഥിതിക്ക് നാം ഏല്‍പ്പിച്ച പരിക്കുകള്‍. നമ്മുടെ ലാഘവചിന്തകള്‍ ഗൗരവമായ തരത്തിലും തലത്തിലും അപകടങ്ങളെ വരുത്തി വെക്കുന്നതാണ്. പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍ക്കുന്നുണ്ടെന്നും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും കേരളീയര്‍ എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ടെങ്കിലും, അത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ഓരോ കേരളീയനും (ഭാരതീയനും) വിശ്വസിച്ചിരുന്നത്. ആ വിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് നമ്മുടെ മച്ചിന്‍പുറം വരെ തകര്‍ത്ത് പാഞ്ഞ കുത്തൊഴുക്ക്. ആ സത്യം എല്ലാവരും ഇന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതല്ല കാരണം എന്ന് സ്വയം വിശ്വസിക്കാനുള്ള ശ്രമത്തിലാണ് അണക്കെട്ടുകള്‍ തുറക്കരുതായിരുന്നു എന്നും തുറക്കാന്‍ വൈകി എന്നുമെല്ലാം പരസ്പരബന്ധമില്ലാതെ ചിലരെങ്കിലും പറയുന്നത്. സത്യത്തിനെ അംഗീകരിക്കാനുള്ള സ്വതസിദ്ധമായ വിമുഖത മാത്രമാണ് അത്തരം വാദങ്ങള്‍ക്ക് പിന്നില്‍. വനം വെളുപ്പിച്ച് കുടിയിരുപ്പുകളും റിസോര്‍ട്ടുകളും പണിത്, പരിസ്ഥിതിലോല-അതിലോലപ്രദേശങ്ങളില്‍ അണകെട്ടി വെള്ളം നിറച്ച്, മലകള്‍ക്ക് താങ്ങാനാവുന്നതിലധികം ഭാരം അവയുടെ മുകളില്‍ വച്ചപ്പോള്‍ ഒന്ന് നടുനിവര്‍ക്കാനായി മലകള്‍ ഭാരമിറക്കുന്നതാണ് ഉരുള്‍പൊട്ടല്‍. ഇതെല്ലാം മുന്‍പേ കണ്ടറിഞ്ഞ ഒരു മുതുമുത്തച്ഛന്‍ പതിറ്റാണ്ടുകളായി വയല്‍ നികത്തുന്നതിനെതിരെയും മല വെളുപ്പിക്കുന്നതിനെതിരെയും പടപുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വെട്ടിനിരത്തലുകാരനാക്കി പരിഹസിച്ചതും നമ്മളെല്ലാവരുമാണ്. പൂച്ചകള്‍ മല കയറിയപ്പോള്‍ മൂഷികപ്പട എങ്ങിനെയാണ് പ്രതികരിച്ചത് എന്നും നാം കണ്ടു. മൂഷികര്‍ക്കിടയില്‍, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, അവര്‍ക്ക് നേതൃത്വം കൊടുത്തതില്‍ നമ്മളൊക്കെ ഉണ്ടായിരുന്നില്ലേ എന്നൊരു തിരിഞ്ഞുനോട്ടം ഇന്ന് വലിയവായില്‍ നിലവിളിക്കുന്നവര്‍ നടത്തിയിട്ട് ഇനി വലിയ കാര്യമൊന്നുമില്ല. ശ്വപുച്ഛൗന്നാമന്യായം എന്ന് സംസ്‌കൃതത്തില്‍ പറയാം.

അതുകൊണ്ടാണ്, കേരളത്തിന്റെ പുനഃസൃഷ്ടി, മുന്‍പുണ്ടായിരുന്നതെന്തെല്ലാമാണോ അവയുടെ പുനര്‍നിര്‍മ്മാണമാവരുത് എന്ന് ഇക്കാര്യങ്ങളില്‍ അറിവും പരിചയവുമുള്ളവര്‍ പറയുന്നത്. പുനര്‍നിര്‍മ്മിക്കപ്പെടുന്ന കേരളം ഇനിമേല്‍ പ്രകൃതിദുരന്തങ്ങള്‍ വരുത്താത്തതും അഥവാ വന്നാല്‍ തന്നെ കെടുതികളെ താങ്ങാനാവുന്നതുമാവണം എന്നാണ് പരിണിതപ്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഇനി പെയ്യുന്ന മഴയുടെ ഓരോ സെന്റിമീറ്ററും കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തുന്നത് ആവരുത്.

പ്രളയം ഒടുങ്ങിയ ശേഷം അതിന്റെ അലയൊലികള്‍ അടിച്ചുചെന്ന ഭൗമാന്തര്‍ഭാഗത്തെ പാറയിടുക്കുകള്‍ക്ക്, അവയ്ക്കിടയിലെ ഗര്‍ത്തങ്ങള്‍ക്ക് ഒക്കെമാറ്റങ്ങള്‍ വന്നിരിക്കാം. അവ ഒരു ഭൂമികുലുക്കത്തിന് ഇടയാക്കില്ല എന്നതിന് വലിയ ഉറപ്പൊന്നുമില്ല. ഇടിഞ്ഞിറങ്ങിയ മലകള്‍, ഗതിമാറിയൊഴുകിയ പുഴകള്‍ എല്ലാം ഇതിന് ആക്കം കൂട്ടിയേക്കാം. കേരളത്തിലെ പ്രധാന പാതകളും പാലങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളുമെല്ലാം പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. അവയില്‍ ചിലത് പ്രളയത്തില്‍ തകര്‍ന്നു. ചിലവ നിലനില്‍ക്കുന്നു. ബാക്കിയായവ അതിന്റെ ബലം കൊണ്ട് തല്‍ക്കാലം അതിജീവിച്ചു എന്നേ കണക്കാക്കേണ്ടതുള്ളു. യഥാര്‍ത്ഥത്തില്‍ ആദ്യം പരിശോധിക്കേണ്ടത് അവയെല്ലാമാണ്. തുടര്‍ന്നുള്ള ഉപയോഗത്തിന് അവ അനുയോജ്യമാണോ എന്നതില്‍ വേണം തുടങ്ങാന്‍. പ്രളയം അവയുടെ ജീവനെടുത്തില്ലെങ്കിലും ആരോഗ്യം എടുത്തിട്ടുണ്ടാവും. ഇനിയൊരു ജലപാതം അവക്ക് താങ്ങാനായിക്കൊള്ളണമെന്നുമില്ല.

അങ്ങനെ പുനര്‍നിമ്മിക്കുന്ന വെള്ളപൊക്കം മാത്രമല്ല ഭൂമികുലുക്കത്തേയും അതിജീവിക്കേണ്ടതുണ്ട്. അതുകൊണ്ട്, പുനര്‍നിര്‍മ്മാണ പ്രക്രിയ വളരെ ശാസ്ത്രീയമായി വേണം ചെയ്യുവാന്‍. സമൂഹം വലിയ ഉല്‍പ്പതിഷ്ണുതയോടെ വേണം ഇക്കാര്യങ്ങളെ നോക്കിക്കാണുവാന്‍. ഓരോ പ്രദേശത്തിനും, അവയുടേതായ ഭൗമപ്രത്യേകതകള്‍ മൂലം, വളരെയധികം വ്യത്യസ്തങ്ങളും സവിശേഷങ്ങളുമായ സ്വഭാവവൈവിദ്ധ്യങ്ങളും ക്ഷിപ്രവശംവദത്വങ്ങളും (vulnerabilities) ഉണ്ട്. അത് അതിവൃഷ്ടിയോന്മുഖമാവാം, അനാവൃഷ്ടിയോന്മുഖമാവാം, ഭൂഗുരുത്വോന്മുഖമാവാം. വികസനവും പരിസ്ഥിതിസംരക്ഷണവും ഒരുപോലെ സംയോജിപ്പിക്കേണ്ടതുണ്ട്. അവ സമതലഭാവത്തില്‍ വര്‍ത്തിക്കണം. അതിനാവശ്യം, ഭരണനേതൃത്വവും സമൂഹനേതൃത്വവും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പരിസ്ഥിതിപ്രവര്‍ത്തകരും നിര്‍മ്മാണവിദഗ്ദ്ധരും ഒരേ വേദിയിലിരുന്ന് ഒരുമിച്ച് തീരുമാനങ്ങള്‍ എടുക്കണം. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാത്ത വിധം, മറ്റ് ദുരന്തങ്ങള്‍ വരാതിരിക്കത്തക്ക വിധം വേണം പുനര്‍നിര്‍മ്മാണപദ്ധതികള്‍ വിഭാവനം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും. നമുക്ക് വേണ്ടത് ഒരു കാലാവസ്ഥാ പ്ലാനിങ് ആണ്. ‘പുനര്‍നിര്‍മ്മാണം നമുക്ക് മാത്രമായി ചെയ്യാം, അതിനൊരു വിദഗ്ദ്ധന്റെ ഉപദേശം ആവശ്യമില്ല’ എന്നൊക്കെ ചിലരെല്ലാം തട്ടിവിടുന്നത് ശുദ്ധ ഭോഷ്‌ക്കായി മാത്രം കണ്ടാല്‍ മതി. ഇത്രയും വലിയ ഒരു ശാസ്ത്രീയ പുനര്‍നിര്‍മ്മാണത്തിന് വലിയ രീതിയില്‍ വിദഗ്ദ്ധോപദേശം ആവശ്യമാണ്. വെറുതെ കല്ല് വെച്ച് സിമന്റ് പാവുന്നതല്ല പുനര്‍നിര്‍മ്മാണം. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് പോയതിന് അധികം വൈകാതെയാണ് പ്രളയവും കേരളതീരത്തെകണ്ണീരില്‍ താഴ്ത്തിയത്. ‘സമാനതകള്‍ ഇല്ലാത്ത ദുരന്തം’ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ദക്ഷിണ ഫ്‌ലോറിഡ (1998 ല്‍ കാട്ടുതീ, 2005 ല്‍ കത്രിന കൊടുങ്കാറ്റ്, 2006 ല്‍ ഭൂമികുലുക്കം, 2007 ല്‍ വീണ്ടും കാട്ടുതീ, 2016 ല്‍ വീണ്ടും ഭൂമികുലുക്കം, 2017 ല്‍ പ്രളയം) അനുഭവിച്ചതിന് സമാനമാണ് നമ്മുടെ ദുരന്തം എന്ന് വേണമെങ്കില്‍ പറയാം. അവിടെ ഓരോ അനുഭവങ്ങളില്‍ നിന്നും പഠിച്ച് ആവര്‍ത്തനങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ പുനര്‍നിര്‍മ്മാണത്തിന്റെ പദ്ധതി രൂപരേഖയില്‍ കാര്യമായ സംഭാവന നല്‍കുന്നത് ‘സൗത്ത് ഈസ്റ്റ് ഫ്‌ളോറിഡ റീജണല്‍ ക്ലൈമേറ്റ് ചേഞ്ച് കോംപാക്റ്റ്’ (Southeast Florida Regional Climate Change Compact) എന്ന സ്ഥാപനമാണ്. കൊടുങ്കാറ്റില്‍ വൈദ്യതി ബന്ധം അറ്റ് ദിവസങ്ങളോളം ഫ്‌ളോറിഡ ഇരുട്ടിലായത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ വൈദ്യുതി കമ്പികളും ഭൂമിക്കടിയിലൂടെ ആക്കി മാറ്റുന്ന വന്‍ പദ്ധതി പോലെ നിരവധി നൂതനരീതികള്‍ അവര്‍ നടപ്പിലാക്കുന്നു. ഇങ്ങനെ പലതില്‍ നിന്നും നമ്മള്‍ മാതൃകകള്‍ എടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മുന്‍പഴക്കങ്ങളുള്ള ഒരു ലോകോത്തര വിദഗ്ദ്ധ സംഘം നമുക്ക് ദിശ തെളിയിച്ച് മുന്‍പേ നടക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത്.

ഭൂവിനിയോഗം, മഴവെള്ളം, പുഴവെള്ളം, അണക്കെട്ടിലെ വെള്ളം, ജലാശയം, വയല്‍ സംരക്ഷണം, വനസംരക്ഷണം, വൃക്ഷസംരക്ഷണം, ഭൂമിയുടെ മേഖലാവല്‍ക്കരണം (മാധവ് ഗാഡ്ഗില്‍ പറഞ്ഞത് ഇതു തന്നെയാണ്), കെട്ടിട നിര്‍മ്മാണം, ഖനനം, യാത്രാമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച നയങ്ങള്‍ സമൂലം പൊളിച്ചെഴുതി സമ്പൂര്‍ണ്ണമാക്കി അതിലധിഷ്ഠിതമായ പുനര്‍നിര്‍മ്മാണ പദ്ധതി വിഭാവനം ചെയ്യുക എന്നതാണ് ഏറ്റവും അടിയന്തിരമായി വേണ്ടത്. അതാവണം എല്ലാ മേഖലകളിലുമുള്ള ആളുകള്‍ അടങ്ങുന്ന കര്‍മ്മസമിതി ഇത്തരം ഒരു വിദഗ്ദ്ധസംഘത്തിന് നല്‍കുന്ന ലക്ഷ്യരേഖ. വിദഗ്ദ്ധ സംഘം നല്‍കുന്നറിപ്പോര്‍ട്ട്’പഠിച്ച് വേണ്ടവ മാത്രം നടപ്പിലാക്കും’ എന്ന് മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നത് അപകടകരമാണ്. പൊതുനയം രൂപീകരിക്കാനാണ് ഭരണനേതൃത്വവും സമൂഹനേതൃത്വവും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും നിര്‍മ്മാണവിദഗ്ദ്ധരും അടങ്ങുന്ന കര്‍മ്മസമിതി. അതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്യരേഖ തയ്യാറാക്കി വിദഗ്ദ്ധ സംഘത്തിന് നല്‍കുന്നത്. ആ ലക്ഷ്യങ്ങള്‍ നേടാനുള്ള നയവും പദ്ധതിയുമാണ് വിദഗ്ദ്ധ സംഘം മതിയായ പഠനം നടത്തി നമുക്ക് തരിക. അവ വെള്ളം ചേര്‍ക്കാതെ പൂര്‍ണ്ണമായും നടപ്പിലാക്കണം. നാട്ടുരാഷ്ട്രീയത്തിന്റെ സങ്കുചിതമായ വ്യാപാരങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കണം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അവസ്ഥ ഇനി ആവര്‍ത്തിക്കരുത്.

കവി രമേശന്‍ നായര്‍ ‘ഋഷികവി’ എന്ന കവിതയെഴുതിയത് മഹാകവി അക്കിത്തത്തിനെ കുറിച്ചാണ്; അദ്ദേഹത്തിന്റെനവതിയ്ക്ക് എഴുതിയതാണ്. പക്ഷേ, കവികള്‍ക്ക് പ്രവചനശക്തിയും കവിവാക്കുകള്‍ക്ക് ്അര്‍ത്ഥപ്രസക്തികളും കൂടുമല്ലോ. ഇന്ന്, ഇടിഞ്ഞു പൊളിഞ്ഞൊരു ലോകത്തിന്റെ പുനഃസൃഷ്ടി ഉടനേ സാധിക്കാനുള്ള അക്ഷരമന്ത്രം ചൊല്ലുന്ന താപസ ജന്മങ്ങളെ, അതിനായ് സ്വയം ത്യജിച്ചുരുകും ബലിധര്‍മ്മത്തെ, അതിന് സാക്ഷിയാവുന്ന ദേവായനത്തെ നമ്മള്‍ സര്‍വ്വാത്മനാ വരവേല്‍ക്കണം. ഇപ്പോള്‍ തല്‍ക്കാലം കണ്ണുനീര്‍ക്കണം പൊഴിച്ചാലും അത് ഭാവിയില്‍ നിറവിണ്ണിലെ നിത്യമേഘമായ്, കുളിരായി പെയ്തിറങ്ങും. നമ്മുടെ വേദനകള്‍ സ്വയംപ്രഭയായി, തെളിമയാര്‍ന്ന പ്രഭാതമായി, നിറവാര്‍ന്ന സന്ധ്യയായി, ശാന്തമായ, തരളിതമായ നിശീഥമായി മാറിയാല്‍ ചാരിതാര്‍ഥ്യത്തോടെ ഈ തലമുറയ്ക്ക് സാഗരമൗനം പൂകാം. അല്ലെങ്കില്‍, കലിയുഗ കാളിന്ദി താണ്ടിച്ചെല്ലുന്നത്, പരശുരാമന്റെ ആ മഴു വീണ്ടെടുത്ത് നവകേരളം പുനഃസൃഷ്ടിക്കുന്നത് ദുഷ്‌കരമായേക്കാം.

Comments

comments

Categories: FK Special, Slider
Tags: Kerala flood