മത്സ്യഗന്ധമുള്ള ഗന്ധര്‍വ്വന്‍മാര്‍

മത്സ്യഗന്ധമുള്ള ഗന്ധര്‍വ്വന്‍മാര്‍

മലമുകളില്‍ നിന്ന് ആര്‍ത്തലച്ചു വന്ന് കേരളത്തിന്റെ താഴ്‌വരയിലാകെ ഒഴുകി നിറഞ്ഞ പ്രളയജലത്തിന്റെ ഭീതിയില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പോലും പകച്ചു നിന്നപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത് രംഗത്തിറങ്ങിയ അരയന്‍മാരെ കേരളത്തിന് മറക്കാനാവില്ല. കടലിനെ കാറിനോളും കോളിനോടും തിരമാലകളോടും പടവെട്ടി നേടിയ ചങ്കുറപ്പിനു മുന്നില്‍ പ്രളയജലവും കീഴടങ്ങുന്നത് നാം കണ്ടു. മത്സ്യത്തൊഴിലാളികളുടെ സന്മനസിനും സേവന തല്‍പരതക്കും കേരളം നന്ദി പറയുകയാണ്.

ഭാസ്‌കരനും കുടുംബവും മത്സ്യത്തൊഴിലാളികളായിരുന്നു.
ഭാസ്‌കരനെ നിങ്ങള്‍ക്കറിയാനിടയില്ല. എനിക്കൊപ്പം അഞ്ച് മുതല്‍ പത്തുവരെ ഒരേ ക്ലാസില്‍ ഭാസ്‌കരന്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ലഭിക്കുന്ന നീണ്ട ഇടവേളയില്‍ ഞങ്ങള്‍ ഭാസ്‌കരന്റെ വീട്ടിലേക്ക് ഓടും. അവിടെ അവന്റെ അമ്മ മീന്‍ കറിയും മറ്റ് വിഭവങ്ങളുമായി ഞങ്ങളെ കാത്തിരിപ്പുണ്ടാവും. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചീറിപ്പായുന്നത് ഭാസ്‌കരന്റെ ഉരുളന്‍ വഞ്ചിയുടെ നേര്‍ക്കാണ്.
ആ വഞ്ചിയുമായി ഞങ്ങള്‍ പുഴയിലൂടെ ഊരു ചുറ്റും. തുഴയുന്നതിനിടെ ഭാസ്‌കരന്‍ മത്സ്യത്തൊഴിലാളികളുടെ വീരകഥകള്‍ പറയും. മത്സ്യങ്ങളെക്കുറിച്ചും അവയെ പിടിക്കുന്നതിനെക്കുറിച്ചും ആധികാരികമായി വിശദീകരിക്കും. വായും പിളര്‍ന്നിരുന്ന് ഞങ്ങള്‍ കഥകള്‍ കേള്‍ക്കും.

വഞ്ചി തുഴയാന്‍ പഠിപ്പിച്ചത് ഭാസ്‌കരനാണ്. അവന്റെ വീടിനെയും പരിസരത്തേയും ചൂഴ്ന്ന് എന്നും ഒരു മത്സ്യഗന്ധം നിലനിന്നിരുന്നു. ഭാസ്‌കരനും അമ്മക്കും ആ വീട്ടിലെ എല്ലാവര്‍ക്കും ആ ഗന്ധമായിരുന്നു. ഞങ്ങള്‍ക്ക് ആ ഗന്ധം ഇഷ്ടമായിരുന്നു, കാരണം ഭാസ്‌കരനും അമ്മക്കും ആ ഗന്ധമായിരുന്നല്ലോ.

സ്‌കൂളില്‍ വെച്ച് ടീച്ചര്‍ ചോദിച്ചു, ‘ആരാകാനാണ് നിനക്ക് ഇഷ്ട്ടം?’ ഭാസ്‌കരന്‍ പറഞ്ഞു ”ഞാന്‍ ആയാല്‍ എന്തോരം ആകും ടീച്ചറേ. പത്തുവരെ പഠിക്കും പിന്നീട് മീന്‍ പിടിച്ച് ജീവിക്കും.”
പറഞ്ഞ പോലെ തന്നെ അവനൊരു മത്സ്യത്തൊഴിലാളി ആയി.

ആര്‍ത്തലച്ചു വന്ന പേമാരിക്കും കുത്തിയൊഴുകുന്ന വെള്ളത്തിനും നടുവില്‍ നെഞ്ചും വിരിച്ച് നിന്ന് ഈ പ്രളയത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തിയത് അവരായിരുന്നു. കടലമ്മയുടെ മക്കള്‍. ഒരു നൂറ് ഭാസ്‌കരന്മാര്‍.
അവര്‍ക്കും വീടിനും പരിസരത്തിനുമൊക്കെ ആ ഗന്ധമാണ്. ഭാസ്‌കരനെ അറിയുന്ന എനിക്കറിയാം അത് നിറഞ്ഞ സ്നേഹത്തിന്റെ സുഗന്ധമാണ്. നിഷ്‌ക്കളങ്കരായ, പച്ച മനുഷ്യരുടെ ഗന്ധം. ഇവര്‍ മത്സ്യഗന്ധമുള്ള ഗന്ധര്‍വന്മാര്‍.

Comments

comments

Categories: FK Special, Slider
Tags: Fisherman