യൂറോപ്യന്‍ യൂണിയനുമായി സന്ധിയില്ല

യൂറോപ്യന്‍ യൂണിയനുമായി സന്ധിയില്ല

യൂറോപ്യന്‍ യൂണിയനുമായി നടത്തുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ആത്മാഭിമാനം പണയം വെക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗീകരിച്ച ചെക്കേഴ്‌സ് കരാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകോപിതയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ദേശീയ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നുമാണ് കരാറിനെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍. നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, യൂണിയനില്‍ നിന്നുള്ള വിടുതല്‍ കരാറില്‍ ഇനിയൊരു ജനഹിതപരിശോധന നടത്താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയായാല്‍, അത് ജനാധിപത്യത്തോടും വിശ്വാസ്യതയോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന ആയിരിക്കുമെന്ന് അവര്‍ പറയുന്നു.

പീപ്പിള്‍സ് വോട്ട് എന്ന പേരില്‍ രൂപീകരിച്ച എംപിമാരുള്‍പ്പെടെയുള്ള സംഘടന, അന്തിമബ്രെക്‌സിറ്റ് കരാറിനെക്കുറിച്ച് പൊതുവോട്ടെടുപ്പ് നടത്തുന്നുണ്ട്. യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയാണ് പീപ്പിള്‍സ് വോട്ട്. അന്ധമായ ബ്രെക്‌സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. 2019 മാര്‍ച്ച് 29- ന് യൂറോപ്യന്‍ യൂണിയനുമായി ബന്ധം വേര്‍പെടുത്തുമെന്നാണു ബ്രിട്ടന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇനിയൊരു ജനഹിതപരിശോധനയുണ്ടാകില്ലെന്നു സര്‍ക്കാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതൊരു രാഷ്ട്രീയപോരാട്ടമായി മാറും.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണുമായി വാണിജ്യ ഇടപാടുകള്‍ ഉണ്ടാകില്ലെന്നു ഭയക്കുന്നവരാണ് ഉപജാപങ്ങള്‍ക്കു ശ്രമിക്കുന്നത്. ബ്രിട്ടണുമായി വാണിജ്യ വിലക്കുണ്ടായാല്‍ അത് തങ്ങളുടെ സാമ്പത്തികതാല്‍പര്യങ്ങള്‍ക്കു ദോഷകരമാണെന്ന് ഇവര്‍ മനസിലാക്കുന്നു. വരും മാസങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുകയാണെന്ന് മേയ് പറയുന്നു, അതേസമയം, ബ്രിട്ടീഷ് ജനതയുടെ ജനാധിപത്യപരമായ തീരുമാനം നടപ്പാക്കുന്നതില്‍ തന്നില്‍ നിക്ഷിപ്തമായ കടമയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നുവെന്നതാണ് വിരോധാഭാസം.

ചെക്കേഴ്‌സ് കരാറിനുശേഷം ജൂലൈയില്‍, രണ്ടു കാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചത് ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. മികച്ച കരാറിനായാണ് ശ്രമിക്കുന്നത്, ശ്രമത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റിനു വേണ്ടിയാണു സര്‍ക്കാരിന്റെ ശ്രമങ്ങളെങ്കിലും ചില മേഖലകളിലെങ്കിലും ഇത് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും കനത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യങ്ങള്‍ തരണം ചെയ്യുകയും ശക്തരാകുകയും ചെയ്യുമെന്നാണ് മേയ് അവകാശപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ തുടരുന്നതിനെ പിന്തുണച്ചിരുന്ന മുന്‍ മന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിയുമായ നിക്ക് ബോള്‍സ് ചെക്കേഴ്‌സിന്റെ നയം പരാജയപ്പെട്ടുവെന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്നങ്ങോട്ട് അവരുടെ നിലപാടിനെ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള രണ്ടു വര്‍ഷത്തെ സമയപരിധി എടുത്തുമാറ്റി, പകരം യുകെ യൂറോപ്യന്‍ ഇക്കണോമിക് ഏരിയ എന്ന സംവിധാനത്തില്‍ അംഗമാകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതുവഴി പദ്ധതി നടപ്പാക്കാന്‍ ബ്രിട്ടണ് മൂന്നു വര്‍ഷം ലഭിക്കും. അതായത്, വിലപേശലിന് കൂടുതല്‍ സമയം. പദ്ധതിയെ ഒരു തുറന്ന ലേലമായി കരുതി ബ്രിട്ടണെ അപമാനിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ പ്രവൃത്തികളില്‍ നിന്നു രക്ഷതേടുകയുമാകാം. താന്‍ മുമ്പോട്ടുവെക്കുന്ന പദ്ധതി ഒരു മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറിനായുള്ള നമ്മുടെ ഏക പ്രതീക്ഷയാണെന്ന് ബ്രെക്‌സിറ്റ് ഡെലിവറി ഗ്രൂപ്പംഗമായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബോള്‍സിനെതിരേ ശക്തമായ പ്രസ്താവനയുമായി മേയ് രംഗത്തുവന്നു. മുന്‍കാല വിശ്വസ്തരേക്കാള്‍ സ്വന്തമായി തയാറാക്കിയ ബ്രെക്‌സിറ്റ് കരടിനോടാണു തനിക്ക് പ്രതിബദ്ധതയെന്നും വിഷയത്തില്‍ ഇനിയൊരു ജനഹിതപരിശോധന നമ്മുടെ ജനാധിപത്യത്തോടു ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ എല്ലാ കക്ഷികളും ഈ രാഷ്ട്രീയകോലാഹലങ്ങളില്‍ മോശമല്ലാത്ത സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്നതാണു വാസ്തവം. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളോ വര്‍ഷങ്ങളോ ആയി ചില മാര്‍ഗതടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്ന് നോ ബ്രെക്‌സിറ്റ് ഡീലിലേക്കു പോകണോ വേണ്ടയോ എന്ന് ഇതില്‍ നിന്നു മനസിലാക്കാം.

അന്ധമായ ബ്രെക്‌സിറ്റ് പിന്തുണ പോലെ തന്നെ വ്യക്ത വരുത്താത്ത നോ ബ്രെക്‌സിറ്റ് ഡീലും ബ്രിട്ടണ് ദോഷകരമാകുമെന്ന് പാര്‍ലമെന്റംഗം ക്രിസ് ലെസ്ലി ചൂണ്ടിക്കാട്ടുന്നു. അതേ പോലെ ബ്രിട്ടണ്‍ വിട്ടു പോയതിനു ശേഷം ബ്രെക്‌സിറ്റിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാമെന്ന യൂറോപ്യന്‍ യൂണിയന്റെ പരിഹാസ്യമാണ്. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും കുറഞ്ഞസമയത്തിനുള്ളില്‍ മുഖംമിനുക്കാനുള്ള നടപടിയായി കരുതുന്നുവെന്നതിനാലാണ് ചിലര്‍ അന്ധമായി ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും ഇപ്പോള്‍ ഭയക്കുന്നത്, കരാര്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നാല്‍ അത് വാണിജ്യവിലക്കിനെ അപമാനിക്കുന്നതിനു തുല്യമാകുമെന്നാണ്.

നോ ബ്രെക്‌സിറ്റ് ഡീലിനായുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന യൂറോപ്യന്‍ കമ്മിഷന്റെ ധാരണ തെറ്റാണെന്ന് പീപ്പിള്‍സ് വോട്ട് പ്രചാരകര്‍ സമര്‍ത്ഥിക്കുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുകയും രണ്ടാമത്തെ അഭിപ്രായ വോട്ടെടുപ്പിനായി പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിടുകയും ചെയ്തതോടെ വാണിജ്യവിലക്കില്‍ നിന്ന് പാര്‍ലമെന്റംഗങ്ങള്‍ പിന്നാക്കം മാറിയിരിക്കുകയാണ്. രണ്ടാമത്തെ ഹിതപരിശോധനയില്‍ വോട്ടെടുപ്പ് ശക്തമായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തിനാകും മുന്‍തൂക്കമെന്നും അവര്‍ അവകാശപ്പെടുന്നു.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഉപയോഗിക്കപ്പെട്ട പദമാണ് പ്രൊജക്റ്റ് ഫയര്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ പരത്തിയിരുന്ന അകാരണഭയത്തെയും അശുഭാപ്തിവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിരോധിയായ പാര്‍ലമെന്റംഗം ജേക്കബ് റീസ്‌മോഗ് ബ്രെക്‌സിറ്റാനന്തരമുണ്ടായേക്കാവുന്ന തൊഴിലവസര നഷ്ടങ്ങളെക്കുറിച്ചുള്ള പ്രൊജക്റ്റ് ഫയര്‍ മുന്നറിയിപ്പുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. പങ്കാളിത്ത മാതൃക സ്വീകരിച്ചാല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതായി തോന്നുക പോലുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

അന്തിമ ബ്രെക്‌സിറ്റ് കരാറിനായി പീപ്പിള്‍സ് വോട്ട് വര്‍ഷാദ്യം തന്നെ പ്രചാരണപരിപാടികളുമായി രംഗത്തു വന്നിരുന്നു. ഇതിന് സര്‍ പാട്രിക് സ്റ്റീവാര്‍ട്ട്, ഗാരി ലിനേക്കര്‍ എന്നിവരുള്‍പ്പടെ നിരവധി പ്രമുഖരുടെ പിന്തുണയുമുണ്ടായിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധരായ ചില ടോറി അംഗങ്ങള്‍ യൂറോപ്യന്‍യൂണിയനുമായി സാമ്പത്തിക സഹകരണം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലൊരാളായ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കിമോര്‍ഗന്‍ പറയുന്നത് രാജ്യതാല്‍പര്യത്തിനായി പാര്‍ട്ടിവിപ്പ് ലംഘിക്കാനും തയാറാണെന്നാണ്. പാര്‍ട്ടി നേതൃത്വം തങ്ങളെ കബളിപ്പിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് ഫലങ്ങള്‍ തീര്‍ത്തും കഠിനമായ വൈഷമ്യങ്ങളാണുണ്ടാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ തെറ്റായ ദിശയിലേക്കു നയിക്കുന്ന പാര്‍ട്ടിവിരുദ്ധരെ പുറത്താക്കാന്‍ തെരേസ മേയ് തയാറാകണമെന്ന് മുന്‍ വ്യവസായമന്ത്രി അന്നാ സൗബ്രി ആവശ്യപ്പെട്ടു.

സംഘടനയിലേക്കു കോടികളാണ് സംഭാവനയായി ഒഴുകിയെത്തിയത്. റോള്‍സ് റോയിസ് മുന്‍ ചെയര്‍മാന്‍ സൈമണ്‍ റോബര്‍ട്‌സണും സൂപ്പര്‍ ഡ്രൈ ഫാഷന്‍സ് സഹസ്ഥാപകന്‍ ജൂലിയന്‍ ഡങ്കെര്‍ട്ടണ്‍ എന്നീ പ്രമുഖര്‍ സംഭാവന നല്‍കി. പുതിയൊരു ഹിതപരിശോധന വേണമെന്ന് ഈ വ്യവസായ പ്രമുഖര്‍ താല്‍പര്യപ്പെടുന്നുവെന്നു വ്യക്തം. ഇപ്പോഴത്തെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ പോക്കില്‍ വളരെയധികം ഖിന്നരാണെന്നും അവരോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ബ്രെക്‌സിറ്റ് സംബന്ധിച്ച നിലപാടില്‍ വ്യക്തത വരുത്തണമെന്ന് രാജ്യത്തു പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ കമ്പനികള്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ബിപി, ബിഎംഡബ്ല്യു, നെസ്ലെ, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികളുടെ തലവന്മാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സന്ദര്‍ശിച്ചാണ് ആവശ്യമുന്നയിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്താതെ രാജ്യത്ത് നിക്ഷേപം നടത്തില്ലെന്നാണ് അവരുടെ നിലപാട്. യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷരഹിതമായ വാണിജ്യബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുമ്പത്തെപ്പോലെ ഒറ്റ കസ്റ്റംസ് യൂണിയനെന്ന നിലയില്‍ പ്രവര്‍ത്തിക്കണം. 2019-ല്‍ ബ്രെക്‌സിറ്റിനൊപ്പം കസ്റ്റംസ് യൂണിയന്‍ അംഗത്വവും ഉപേക്ഷിക്കുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. അനിശ്ചിതത്വം നിക്ഷേപം കുറയുന്നതിനു കാരണമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഏതായാലും ചുരുങ്ങിയ കാലത്തിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികളായ യാഥാസ്ഥിതികര്‍ ഈ ആശയത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഈ എതിര്‍പ്പ് നിയമം പ്രാബല്യമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്. അതിര്‍ത്തിപരിശോധനകള്‍ നിര്‍മാണജോലികളില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യവസായ സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു.

പങ്കാളിത്ത നിര്‍ദേശം തള്ളണമെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നാണ് അവരുടെ വാദം. പീപ്പിള്‍സ് വോട്ട്, ലേബര്‍ എംപിമാരോടും ആക്ടിവിസ്റ്റുകളോടും ഈ മാസം തന്നെ പാര്‍ടി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അന്തിമ ബ്രെക്‌സിറ്റ് കരാറിനായി പുതിയ ഹിതപരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് ലേബര്‍പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുന്ന പ്രമേയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ലെ ബ്രെക്‌സിറ്റ് വോട്ടിംഗ് ഫലത്തെ മാനിക്കുന്ന പാര്‍ട്ടിയുടെ നയം ഇതോടെ മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇത് എത്രമാത്രം പ്രായോഗികമാകും എന്നതാണ് പ്രശ്‌നം.

Comments

comments

Categories: Business & Economy
Tags: Brexit, EU