റോബോട്ട് അന്തര്‍വാഹിനിയെ ഗവേഷകര്‍ വികസിപ്പിച്ചു

റോബോട്ട് അന്തര്‍വാഹിനിയെ ഗവേഷകര്‍ വികസിപ്പിച്ചു

സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ നശിപ്പിക്കുന്ന ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന നക്ഷത്ര മത്സ്യത്തെ വേട്ടയാടി നശിപ്പിക്കാന്‍ ശേഷിയുള്ള റോബോട്ട് അന്തര്‍വാഹിനിയെ വെള്ളിയാഴ്ച ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പ്രദര്‍ശിപ്പിച്ചു. ലോക പൈതൃക പട്ടികയിലിടം നേടിയിട്ടുള്ളതാണ് ദി ഗ്രേറ്റ് ബാരിയര്‍ റീഫ്. ഇവയ്ക്ക് പക്ഷേ, നക്ഷത്ര മത്സ്യം വന്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇങ്ങനെ ഭീഷണിയായി മാറിയിരിക്കുന്ന നക്ഷത്ര മത്സ്യത്തെ ഉന്മൂലനം ചെയ്യുന്നതിനായിട്ടാണു ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ റേഞ്ചര്‍ ബോട്ട് എന്ന പേരില്‍ റോബോട്ട് അന്തര്‍വാഹിനിയെ വികസിപ്പിച്ചെടുത്തത്. റേഞ്ചര്‍ ബോട്ടിന് എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. പവിഴപ്പുറ്റ് സ്ഥിതി ചെയ്യുന്ന മേഖലകളെയും, വെള്ളത്തിന്റെ ഗുണനിലവാരത്തെയും, മലിനീകരണത്തെയും നിരീക്ഷിക്കുവാന്‍ പ്രാപ്തിയുള്ള കമ്പ്യൂട്ടര്‍ വിഷന്‍ കഴിവ് റേഞ്ചര്‍ ബോട്ടിനുണ്ട്. പവിഴപ്പുറ്റ് ഭക്ഷിക്കുന്ന നക്ഷത്രമത്സ്യത്തിന് മാരകമായ ഇഞ്ചക്ഷന്‍ കുത്തിവയ്ക്കാന്‍ ഈ റോബോട്ടിനു സാധിക്കും.
ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ വലുപ്പമുണ്ട് ഗ്രേറ്റ് ബാരിയര്‍ റീഫിന്. വടക്കു-കിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിന്റെ തീരത്ത് നീളത്തിലാണ് ബാരിയര്‍ റീഫ് വ്യാപിച്ചു കിടക്കുന്നത്. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗത്തെ യുനെസ്‌കോ 1981-ല്‍ ലോക പൈതൃക സ്ഥാനമായി തെരഞ്ഞെടുത്തു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നു സമുദ്ര താപനില ഉയരുന്നതിനാല്‍, തുടര്‍ച്ചയായി രണ്ട് വര്‍ഷം കോറല്‍ ബ്ലീച്ചിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാരിയര്‍ റീഫ്.

Comments

comments

Categories: FK Special, Slider
Tags: robots, Star fish