യുഎസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കണം: രവിശങ്കര്‍ പ്രസാദ്

യുഎസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കണം: രവിശങ്കര്‍ പ്രസാദ്

പരിഷ്‌കരണങ്ങളും വളര്‍ച്ചാധിഷ്ഠിത നയങ്ങളും ഇന്ത്യയില്‍ വ്യവസായ വളര്‍ച്ചയ്്ക്ക് കളമൊരുക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് യുഎസിലെ ടെക് കമ്പനികളുടെ് പങ്കാളിത്തം ആവശ്യപ്പെട്ട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങളുടെ സാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎസിലെ ടെക് വിദഗ്ധരുമായി സംവദിക്കവെയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഊര്‍ജം പകരാനും വിപുലീകരിക്കാനും നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്താനും അദ്ദേഹം ഇന്തോ-അമേരിക്കന്‍ ഐടി വിദഗ്ധരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വന്‍കിട യുഎസ് ടെക് കമ്പനികളായ ജെന്‍പാക്റ്റ്, ഇന്റെല്‍, മൈന്‍ഡ്ട്രീ, എസ്എപി, ഡബ്ല്യുഎന്‍എസ് ഗ്ലോബല്‍ സര്‍വീസസ്, ക്വാത്രോ ഗ്ലോബല്‍ എന്നിവയെ പ്രതിനിധീകരിച്ചെത്തിയ സാങ്കേതിക വിദഗ്ധരുമായി അദ്ദേഹം സംവദിച്ചു. അവരുടെ അനുഭവസമ്പത്ത് ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് പ്രയോജനപ്പെടുത്താനാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സൈബര്‍ സുരക്ഷയും പുതിയ സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രവിശങ്കര്‍ പ്രസാദ് ഈ മേഖലയിലെ വിദഗ്ധരുമായും ൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയ്ക്ക് കരുത്ത് പകരാന്‍ അവരുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായി കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്ത് വെച്ച് രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലുടനീളമുള്ള ഗൂഗിളിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ഇന്ത്യന്‍ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതില്‍ ടെക്‌നോളജിയുടെ പങ്കിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ ആവേശകരമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് വളരെ ഭാഗ്യമായി കാണുന്നുവെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും സംയുക്തമായി ‘ഡിജിറ്റല്‍ ഇന്ത്യയുടെ പ്രോത്സാഹനവും സാമ്പത്തിക വളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പങ്കെടുത്തു. ആപ്പിള്‍, ആമസോണ്‍, മാസ്റ്റര്‍കാര്‍ഡ്, ക്വാല്‍കോം, ഗ്ലോബല്‍, വാള്‍ട് ഡിസ്‌നി, പേ പാല്‍, സെല്‍സ്‌ഫോഴ്‌സ്, ഐവിപി തുടങ്ങി നിരവധി അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളും വളര്‍ച്ചാധിഷ്ഠിത നയങ്ങളും ഇന്ത്യയില്‍ വ്യവസായ വളര്‍ച്ചയ്്ക്ക് ഉതകുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: investment, US