വ്യാപാരയുദ്ധത്തിന് ഡോളറിന്റെ ചെക്ക്

വ്യാപാരയുദ്ധത്തിന് ഡോളറിന്റെ ചെക്ക്

അമേരിക്കന്‍ ഡോളറിന്റെ മൂല്യ റെക്കോഡ് ഉയരത്തിലേക്കുള്ള കുതിപ്പിലാണ്. വ്യാപാരത്തിനും കരുതല്‍ ശേഖരമായും യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക പകര്‍ന്നാണ് ഡോളറിന്റെ മുന്നേറ്റം. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഡോളറിന്റെ കരുത്ത് വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിന്റെ ഭാഗമായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി നികുതികള്‍ക്ക് ഫലത്തില്‍ ഗുണമില്ലാതെ പോകുന്നെന്ന ആശങ്കയും ഇതോടെ അമേരിക്കയില്‍ സജീവമായിട്ടുണ്ട്. ഫെഡ് റിസര്‍വിനെതിരെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് ട്രംപ്.

 

‘പലിശ നിരക്ക് ഉയര്‍ത്തിയ അദ്ദേഹത്തിന്റെ നടപടി എനിക്കൊട്ടും കോരിത്തരിപ്പുണ്ടാക്കിയിട്ടില്ല,’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ അനിഷ്ടം മറച്ചുവെക്കാതെ കഴിഞ്ഞ ദിവസം തുറന്നടിച്ചത് ഇപ്രകാരമായിരുന്നു. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് അനിഷ്ടം മറച്ചു വെക്കാതെ യുഎസ് പ്രസിഡന്റ് പ്രതികരിച്ചത്. ഫെഡ് റിസര്‍വിന്റെ തലപ്പത്തേക്ക് താന്‍ തന്നെ നിയമിച്ച ജെറോം പവലിന്റെ നടപടികളോടുള്ള എതിര്‍പ്പാണ് ശക്തമായി തന്നെ ട്രംപ് പ്രകടിപ്പിച്ചത്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ മഹത്തരമാക്കാന്‍ വെല്ലുവിളികളേറ്റെടുത്ത് താന്‍ പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തിന്റെ കടക്കലാണ് ഫെഡ് റിസര്‍വ് കോടാലി വെച്ചിരിക്കുന്നതെന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹം മനസിലാക്കിയിരിക്കുന്നു. പലിശ നിരക്കുകളില്‍ തിരുത്തല്‍ വരുത്തിയ ഫെഡ് റിസര്‍വ് നയം ഡോളറിന്റെ കരുത്തില്‍ നിന്ന് കരുത്തിലേക്ക് പിടിച്ചു കയറ്റുന്നതാണ് പ്രസിഡന്റിനെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. വ്യാപാര യുദ്ധത്തില്‍ നിന്ന് ഉണ്ടാക്കാമായിരുന്ന നേട്ടങ്ങളെല്ലാം പൊയ്‌പ്പോവുമെന്ന വിലയിരുത്തലാണ് അദ്ദേഹവും സാമ്പത്തിക ഉപദേഷ്ടാക്കളും നടത്തിയിരിക്കുന്നത്. അത് ശരിയല്ലെന്ന് സമര്‍ത്ഥിക്കാന്‍ തത്കാലം കാരണങ്ങളൊന്നുമില്ല താനും.

പണപ്പെരുപ്പം വര്‍ധിക്കുമെന്നും തൊഴിലില്ലായ്മ മുമ്പെന്നത്തേക്കാളും ദുര്‍ഘടമായ തലത്തിലേക്ക് കൂപ്പുകുത്തുമെന്നുമുള്ള ആശങ്കകള്‍ക്കിടെയാണ് പരിഹാര മാര്‍ഗമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നിരക്ക് വര്‍ധനയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 2018 അവസാനിക്കും മുന്‍പ് ഇനിയും രണ്ട് തവണ കൂടി നിരക്കുകള്‍ കൂട്ടാനാണ് ജെറോം പവലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ലക്ഷ്യമിടുന്നത്. 2019 ലും നിരക്കുകളില്‍ വര്‍ധനയുണ്ടാവുമെന്നാണ് ഭാവി നയരേഖയും പ്രഖ്യാപിക്കുന്നത്.

ഡോളറിന്റെ മൂല്യത്തിലാണ് ഈ പലിശ നിരക്ക് വര്‍ധനകളുടെയെല്ലാം പ്രത്യാഘാതം നേരിട്ട് പ്രതിഫലിക്കുന്നത്. മുമ്പെന്നത്തേക്കാളും കരുത്താര്‍ജിച്ച നിലയിലാണ് ഡോളര്‍ ഇപ്പോഴുള്ളത്. ഇന്ത്യന്‍ രൂപ അടക്കം വിദേശ കറന്‍സികളെല്ലാം നിഷ്പ്രഭമാകുന്ന അവസ്ഥ. രൂപയുടെ മൂല്യം ഇടിഞ്ഞില്ലെങ്കിലും ഡോളറിന്റെ വര്‍ധന അതിനെ 70 ലേക്ക് എത്തിച്ചിരിക്കുന്നു. ഈ വെല്ലുവിളിയും അസന്തുലിതാവസ്ഥയും നേരിടാനുള്ള തത്രപ്പാടിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മാര്‍ച്ച് മുതല്‍ രൂപയെ താങ്ങി നിര്‍ത്താന്‍ 24 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ ചെലവഴിച്ചത്.

വ്യാപാര യുദ്ധം ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തെ നേരിട്ടേക്കുമെന്ന ആശങ്ക എല്ലാവരെയും പോലെ പ്രസിഡന്റ് ട്രംപിനും ഉണ്ട്. ഡോളര്‍ കരുത്തോടെ നിന്നാല്‍ ഇറക്കുമതിയും നിര്‍ബാധം തുടരും. ഫലത്തില്‍ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ക്ക് വിലയില്ലാതാകും. വ്യാപാര യുദ്ധം ഇപ്രകാരം യുഎസിന് വന്‍തോതില്‍ ബാധ്യതയായി മാറും. പവലിന്റെ നേര്‍ക്കുള്ള ട്രംപിന്റെ അധിക്ഷേപം ഇക്കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടുള്ളതാണ്. ‘നാം മറ്റ് രാജ്യങ്ങളുമായി അതിശക്തമായി തന്നെ നീക്കുപോക്കുകള്‍ നടത്തി വരികയാണ്. നാം വിജയിക്കാനൊരുങ്ങുകയാണ്. പക്ഷേ ഇക്കാലയളവില്‍ ഫെഡ് എന്നെ അല്‍പം സഹായിച്ചാല്‍ നന്നായിരിക്കും,’ അദ്ദേഹം വ്യക്തമാക്കുന്നു.

ഡോളറിന്റെ മൂല്യം കുറക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളോട് ഫെഡ് റിസര്‍വ് എത്രമാത്രം അനുഭാവപൂര്‍വം പ്രതികരിക്കുമെന്ന് ഉറപ്പില്ല. പക്ഷേ, ഡോളറിന്റെ മൂല്യവര്‍ധന മൂലം വിഷമത്തിലായ ഇന്ത്യയടക്കുള്ള രാജ്യങ്ങള്‍ യുഎസ് പ്രസിഡന്റിന്റെ നീക്കങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കറന്റ് എക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും ക്രമാതീതമായി വര്‍ധിക്കുന്നത് തടയാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഡോളറിനെ ആധാരമാക്കി കയറ്റുമതി-ഇറക്കുമതി വ്യാപാരം നടത്തുന്ന ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ് ഈ കയറ്റിറക്കങ്ങള്‍. ആഗോള തലത്തില്‍ നോക്കിയാല്‍ തന്നെ കയറ്റുമതിയെക്കാള്‍ ഇറക്കുമതിക്കാണ് കൂടുതല്‍ ഡോളര്‍ ഉപയോഗിക്കേണ്ടി വരുന്നത്. കണക്കുകളില്‍ പറഞ്ഞാല്‍ കയറ്റുമതിയെക്കാള്‍ 4.7 ഇരട്ടിയാണ് ഇറക്കുമതിക്കായി ഉപയോഗിക്കുന്ന യുഎസ് കറന്‍സി.

ഇന്ത്യയടക്കം മിക്ക രാജ്യങ്ങളുടെയും വിദേശ നാണ്യ ശേഖരവും ഡോളറിലാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞാന്‍ നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരവും ഇടിയുമെന്നത് വാസ്തവമാണ്. എന്നാല്‍ ഡോളറിലുള്ള വിദേശ ബാധ്യതകള്‍ കുറയുന്നതോടെ ഇത് സമതുലനാവസഥയിലെത്തും. 400 ബില്യണ്‍ ഡോളറോളം വിദേശ നാണ്യ കരുതല്‍ ശേഖരവും 529 ബില്യണ്‍ ഡോളറിന്റെ വിദേശ കടവുമാണ് നമുക്കുള്ളത്. നമ്മുടെ കയറ്റുമതി മേഖലക്ക് സ്വാഭാവികമായും അല്‍പ്പം തിരിച്ചടിയേല്‍ക്കും. എന്നാല്‍ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് നേട്ടവുമാകും.

ഏകാധിപത്യം വെച്ചു പുലര്‍ത്തുന്ന ഡോളര്‍ ദുര്‍ബലമാകുന്ന സാഹചര്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ലോകത്തെ ആകെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 62 ശതമാനവും ഇന്ന് ഡോളറിലാണ്. 20 ശതമാനം കരുതല്‍ ശേഖരം യൂറോയിലും 4.81 ശതമാനം ജാപ്പനീസ് യെന്നിലും 4.68 ശതമാനം ബ്രിട്ടീഷ് പൗണ്ടിലുമാണ്. ആകെ കരുതല്‍ ശേഖരത്തിന്റെ 1.39 ശതമാനം മാത്രമാണ് ചൈനീസ് യുവാന്‍. അമിതമായി ഡോളറിനെ ആശ്രയിക്കുന്ന സാമ്പത്തിക നയത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറേണ്ടതുണ്ട്. ഡോളറിന്റെ കരുത്ത് കുറക്കാനുള്ള ട്രംപിന്റെ ശ്രമം ഇതിന് പ്രേരകമാവാം.

Comments

comments

Categories: FK Special, Slider
Tags: Trump