പവനോര്‍ജ പദ്ധതികളിൽ നിന്ന് ഡെവലപ്പര്‍മാര്‍ പിന്‍വാങ്ങുന്നു

പവനോര്‍ജ പദ്ധതികളിൽ നിന്ന് ഡെവലപ്പര്‍മാര്‍ പിന്‍വാങ്ങുന്നു

2,000 മെഗാവാട്ട് പദ്ധതികളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചപ്പോള്‍ 1,200 മെഗാവാട്ടിന്റെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മാത്രമാണ് ആളെത്തിയത്

 

ബെംഗളൂരു: ഊര്‍ജ വിതരണ രംഗത്ത് ഡെവലപ്പര്‍മാരുടെ ആശങ്കകള്‍ വിട്ടൊഴിയാത്തത് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇസിഐ) പവനോര്‍ജ പദ്ധതികളുടെ ലേലത്തെ ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട്. 2,000 മെഗാവാട്ട് പദ്ധതികളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചപ്പോള്‍ 1,200 മെഗാവാട്ടിന്റെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മാത്രമാണ് ആളെത്തിയത്. 300 മെഗാവാട്ട് വീതമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് നാല് ബിഡര്‍മാരാണ് മുന്നോട്ടു വന്നത്. ലേലം വന്‍ നഷ്ടത്തിലേക്ക് പോകുമെന്ന് ഉറപ്പായതോടെ എസ്ഇസിഐ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി. രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഔദ്യോഗിക ഏജന്‍സിയാണ് എസ്ഇസിഐ.

1,200 മെഗാവാട്ട് പദ്ധതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും മുന്‍ലേലങ്ങളേക്കാള്‍ നിരാശാജനകമായ പ്രതികരണമാണ് ഉണ്ടായത്. എങ്കിലും ആദ്യ ലേലത്തേക്കാള്‍ ഭേദപ്പെട്ട ബിഡുകള്‍ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കുന്നു. മുന്‍ ലേലങ്ങളില്‍ ടെന്‍ഡര്‍ ചെയ്ത പദ്ധതികളേക്കാള്‍ മൂന്ന് മുതല്‍ നാലിരട്ടി വരെ വലിയ ബിഡുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ഇത് 1.9 ഇരട്ടിയായി ചുരുങ്ങി. സാങ്കേതിക ബിഡുകള്‍ ബുധനാഴ്ചയാണ് സമര്‍പ്പിക്കേണ്ടത്. പുനര്‍ലേല നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

ലേലം ചെയ്ത പവനോര്‍ജ-സൗരോര്‍ജ പദ്ധതികള്‍ വൈദ്യുത വിതരണത്തിന് പര്യാപ്തമായവയല്ലെന്ന ആശങ്കയാണ് ഡെവലപ്പര്‍മാര്‍ മുന്നോട്ട് വെക്കുന്നത്. കൂടുതല്‍ സബ്‌സ്റ്റേഷനുകളും വിതരണ ലൈനുകളും ആവശ്യമാണെന്നും അവ അടിയന്തരമായി നിര്‍മിക്കണമെന്നും സ്വകാര്യ ഡെവലപ്പര്‍മാര്‍ ആവശ്യപ്പെടുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇന്റര്‍ സ്‌റ്റേറ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റവുമായി (ഐഎസ്ടിഎസ്) ബന്ധപ്പെട്ട പവനോര്‍ജ ബിഡുകളില്‍ തുടര്‍ന്ന് പങ്കെടുക്കില്ലെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷം മുതല്‍ കണക്കാക്കിയാല്‍ 7,000 മെഗാവാട്ടിന്റെ പവനോര്‍ജ പദ്ധതി ഇതിനോടകം ലേലം ചെയ്തിട്ടുണ്ട്. വൈദ്യുത പ്രസരണ സൗകര്യങ്ങളുള്ള മികച്ച പവനോര്‍ജ ഉല്‍പ്പാദന സൈറ്റുകള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലാണ് കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനത്തിന് സാധ്യത കണ്ടെത്തിയിരിക്കുന്നത്. വൈദ്യുത ഉല്‍പ്പാദനത്തിനാവശ്യമായ വേഗതയുള്ള കാറ്റ് തുടര്‍ച്ചയായി ലഭിക്കുന്നത് ഈ സംസ്ഥാനങ്ങളിലാണ്.

Comments

comments

Categories: FK News
Tags: Sunpower