പേടിഎം മാള്‍ ബിഗ് ബാസ്‌ക്കറ്റുമായി കൈകോര്‍ക്കാന്‍ പദ്ധതി

പേടിഎം മാള്‍ ബിഗ് ബാസ്‌ക്കറ്റുമായി കൈകോര്‍ക്കാന്‍ പദ്ധതി

പ്രാദേശിക തലത്തിലും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളുമായും പേടിഎം മാള്‍ പങ്കാളിത്തത്തിന് ശ്രമിക്കും

ന്യൂഡെല്‍ഹി: ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം മാള്‍ ഓണ്‍ലൈന്‍ ഗ്രോസറി സംരംഭമായ ബിഗ് ബാസ്‌ക്കറ്റുമായി സഹകരിക്കാനൊരുങ്ങുന്നു. പ്രാദേശിക റീട്ടെയ്ല്‍ കമ്പനികളുമായുള്ള സഹകരണം ശക്തമാക്കികൊണ്ട് വിപണിയില്‍ മികച്ച സാന്നിധ്യമായി മാറാനാണ് പേടിഎം മാള്‍ നോക്കുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌിപ്കാര്‍ട്ടുമായും ആമസോണ്‍ ഇന്ത്യയുമായും കടുത്ത മത്സരം നടത്താനാണ് ഇതുവഴി പേടിഎം മാള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് സിന്‍ഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പേടിഎം മാളിന്റെ ആപ്പില്‍ ബിഗ്ബാസ്‌ക്കറ്റ് ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും വിവിധ ബ്രാന്‍ഡുകളുമായും റീട്ടെയ്ല്‍ കമ്പനികളുമായും കമ്പനി സഹകരിക്കുമെന്നും അമിത് സിന്‍ഹ പറഞ്ഞു. ബിഗ് ബസാര്‍ പോലെ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന റീട്ടെയ്ല്‍ ശൃംഖലകളുമായി മാത്രമല്ല പ്രാദേശിക തലത്തിലും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളുമായും പേടിഎം മാള്‍ പങ്കാളിത്തമുറപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘തന്ത്രപരമായ പങ്കാളിത്തം’ ആവശ്യമാണെങ്കില്‍ മറ്റ് റീട്ടെയ്ല്‍ കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുക്കാനും പേടിഎം മാളിന്റെ ഓഹരികള്‍ വില്‍ക്കാനും കമ്പനി തയാറാണ്. കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പത്ത് ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഗൂഗിളുമായി സഹകരിച്ച് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കമ്പനി നടത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അമിത് സിന്‍ഹ വിസമ്മതിച്ചു. ബിഗ് ബസാറിന്റെയും ഫാഷന്‍ റീട്ടെയ്‌ലിന്റെയും ഉടമസ്ഥരായ ഫ്യൂച്ചര്‍ റീട്ടെയ്‌ലുമായി പേടിഎം മാളിന് നിലവില്‍ ഒരു റെവന്യു ഷെയറിംഗ് പാര്‍ട്ണര്‍ഷിപ്പുണ്ട്.
ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് പേടിഎം മാള്‍. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം 200 ബില്യണ്‍ ഡോളറിലേക്ക് വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലിബാബ, ടെന്‍സെന്റ്, ഹെഡ്ജ്, ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ്ബാങ്ക് തുടങ്ങിയ നിരവധി ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാനും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പേടിഎം മാള്‍ വഴി ആലിബാബ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിലേക്ക് കടക്കാനുള്ള സാധ്യതകളെയും സിന്‍ഹ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങള്‍ സ്ട്രാറ്റജിക് നിക്ഷേപകരെന്ന നിലയിലാണ് വന്നിട്ടുള്ളതെന്നും, നിങ്ങള്‍ ബിസിനസ് മികച്ച രീതിയില്‍ നടത്തൂവെന്നുമുള്ള നിലപാടാണ് ആലിബാബ ഗ്രൂപ്പിനുള്ളതെന്ന് സിന്‍ഹ പറയുന്നു. പേടിഎം മാളിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ആലിബാബ ഗ്രൂപ്പ്. സോഫ്റ്റ്ബാങ്ക്, സെയിഫ് പാര്‍ട്‌ണേഴ്‌സ്, പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ എന്നിവരാണ് കമ്പനിയിലെ മറ്റ് നിക്ഷേപകര്‍. നിലവില്‍ രണ്ട് ബില്യണ്‍ ഡോളറാണ് പേടിഎം മാളിന്റെ മൂല്യം കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: PayTM