‘ഒപെക്ക് ഉല്‍പ്പാദനം കൂട്ടണം, ഇല്ലെങ്കില്‍ എണ്ണ വില ഇനിയും ഉയരും’

‘ഒപെക്ക് ഉല്‍പ്പാദനം കൂട്ടണം, ഇല്ലെങ്കില്‍ എണ്ണ വില ഇനിയും ഉയരും’

എണ്ണ വിലയിലെ വര്‍ധന പിടിച്ചു നിര്‍ത്തണമെങ്കില്‍ ഒപെക്ക് ഉല്‍പ്പാദനം കാര്യമായി കൂട്ടണം. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് ഊര്‍ജ്ജസ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കണം -അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ഫതിഹ് ബിറോള്‍

പാരിസ്: എണ്ണ വിലയിലെ വര്‍ധന ഇനിയും തുടരാനാണ് സാധ്യതയെന്ന് പാരിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ)യുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫതിഹ് ബിറോള്‍. ആഗോളതലത്തില്‍ എണ്ണ ആവശ്യകത കൂടി വരികയാണെന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ പോലുള്ള സമ്പദ് വ്യവസ്ഥകള്‍ ഊര്‍ജ്ജ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ എണ്ണ വിലയിലെ വര്‍ധന രാജ്യത്ത് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

വരുന്ന മാസങ്ങള്‍ കടുപ്പമേറിയതാകും. ആഗോള തലത്തിലുള്ള എണ്ണ ആവശ്യകത പുതിയ ഉയരത്തിലെത്തും. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങള്‍ക്കാണ് എണ്ണ കൂടുതല്‍ ആവശ്യം. എന്നാല്‍ വിതരണത്തിന്റെ കാര്യം അത്ര സുഗമമല്ല. വെനസ്വേല പോലുള്ള രാജ്യങ്ങളില്‍ എണ്ണ ഉല്‍പ്പാദനം കുറയുകയാണ്-ബിറോള്‍ പറഞ്ഞു.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് വലിയ തോതില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചില്ലെങ്കില്‍ ആഗോളതലത്തില്‍ എണ്ണ വില ഇനിയും വര്‍ധിക്കും. തകര്‍ന്നടിഞ്ഞ എണ്ണ വിപണിയെ കരകയറ്റാനായി നേരത്തെ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ ഒപെക്ക് നടപ്പാക്കിയിരുന്നു. റഷ്യയും ഇതിനോട് സഹകരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് എണ്ണ വിലയില്‍ കുതിപ്പുണ്ടായത്.

രണ്ട് മാസം മുമ്പാണ് ഉല്‍പ്പാദനം വീണ്ടും കൂട്ടാമെന്ന തീരുമാനത്തിലേക്ക് ഒപെക്കും റഷ്യയും എത്തിയത്. എന്നാല്‍ ഇപ്പോഴും ഉല്‍പ്പാദനത്തില്‍ കാര്യമായ വര്‍ധന വന്നിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎസ് ഉപരോധം വന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കാര്യമായി ബാധിക്കപ്പെടും. ഒപെക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍. വെനെസ്വേലയിലെ എണ്ണ ഉല്‍പ്പാദനം പകുതിയായി ഇടിഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിത സംഭവമായാണ് ഇതിനെ വിപണി നോക്കിക്കാണുന്നത്.

Comments

comments

Categories: Arabia
Tags: OPEC