ഗള്‍ഫ് വിപണി ഉന്നമിട്ട് കെഫ് കറ്റേറ

ഗള്‍ഫ് വിപണി ഉന്നമിട്ട് കെഫ് കറ്റേറ

മലയാളി സംരംഭകന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്റെ ഉടമസ്ഥതയിലുള്ള കെഫ് ഇന്‍ഫ്രയും സിലിക്കണ്‍ വാലി ആസ്ഥാനമാക്കിയ ടെക്‌നോളജി അധിഷ്ഠിത കണ്‍സ്ട്രക്ഷന്‍ കമ്പനിയായ കറ്റേറയും ലയിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുന്നതായി ജൂലൈയിലാണ് പ്രഖ്യാപനം വന്നത്

ദുബായ്: ഗള്‍ഫ് മേഖല ലക്ഷ്യമിട്ട് വമ്പന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ലയനത്തിലൂടെ പുതുതായി രൂപം കൊണ്ട കെഫ് കറ്റേറ. മലയാളി സംരംഭകന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്റെ ഉടമസ്ഥതയിലുള്ള യുഎഇ കേന്ദ്രമാക്കിയ ഓഫ്‌സൈറ്റ് മാനുഫാക്ച്ചറിംഗ് ടെക്‌നോളജി കമ്പനി കെഫ് ഇന്‍ഫ്രയും യുഎസിലെ സിലിക്കണ്‍ വാലി ആസ്ഥാനമാക്കിയ ടെക്‌നോളജി അധിഷ്ഠിത കണ്‍സ്ട്രക്ഷന്‍ കമ്പനി കറ്റേറയും ലയിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുന്നതായി ജൂലൈയിലാണ് പ്രഖ്യാപനം വന്നത്. കെഫ് കറ്റേറ എന്ന പുതിയ സംരംഭം ഗള്‍ഫ് ഉള്‍പ്പടെയുള്ള വിപണികളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്.

പ്രീ-ഫാബ്രിക്കേറ്റഡ് കെട്ടിട നിര്‍മാണരംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ച കമ്പനിയാണ് കെഫ് ഇന്‍ഫ്ര. വീട്, ആശുപത്രി, വന്‍കിട മാളുകള്‍ തുടങ്ങി നിരവധി കെട്ടിടങ്ങള്‍ അതിയന്ത്രവല്‍ക്കരണ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ ഫാക്റ്ററികളില്‍ നിര്‍മിച്ച ശേഷം സൈറ്റിലെത്തിച്ച് അസംബിള്‍ ചെയ്യുന്ന രീതിയാണ് പ്രീ-ഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലൂടെ കെഫ് ഇന്‍ഫ്ര പ്രാവര്‍ത്തികമാക്കുന്നത്.

വമ്പന്‍ വളര്‍ച്ചാസാധ്യതയുള്ള മോഡുലാര്‍ നിര്‍മാണ വിപണിയിലെ അവസരങ്ങള്‍ മുതലെടുക്കുകയാണ് കെഫ് കറ്റേറയുടെ ലക്ഷ്യം. കെഫിനും കറ്റേറയ്ക്കുമായി നോര്‍ത്ത് അമേരിക്ക, ഇന്ത്യ വിപണികളില്‍ നിന്നായി ഏകദേശം 25,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടെന്നായിരുന്നു ലയനസമയത്തെ കണക്കുകള്‍. 2016ലാണ് ഫൈസല്‍ കെഫ് ഇന്‍ഫ്രയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ കമ്പനിക്ക് പ്രീ-ഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷന്‍ ഫാക്റ്ററികളുണ്ട്.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച കണക്കുകള്‍ അനുസരിച്ച് കെഫ് ഇന്‍ഫ്രയുടെ 2017ലെ വാര്‍ഷിക വരുമാനം 150 മില്ല്യണ്‍ ഡോളര്‍ വരും. മികച്ച ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ഓര്‍ഡറുകളുടെ മൂല്യം 207 മില്ല്യണ്‍ ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

തന്ത്രപരമായ ഈ സഖ്യത്തിന്റെ സാധ്യതകളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഗള്‍ഫ് വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സര്‍ക്കാരിന്റെ പിന്തുണ മേഖലയില്‍ മികച്ച നിക്ഷേപ അവസരങ്ങളൊരുക്കുന്നുണ്ട്-ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.

ഇന്ത്യയിലെ നിലവിലെ വിപണികള്‍ക്കപ്പുറത്തും തങ്ങള്‍ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് ഫൈസല്‍ വ്യക്തമാക്കി. കെഫ് ഇന്‍ഫ്രയുമായി ലയിക്കാന്‍ സാധിച്ചത് വലിയ കാര്യാമണെന്ന് കറ്റേറയുടെ ചെയര്‍മാനും സഹസ്ഥാപകനുമായ മൈക്കിള്‍ മാര്‍ക്‌സ് പറഞ്ഞു. ഇലക്ട്രിക് കാര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല കമ്പനിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സംരംഭകനാണ് മാര്‍ക്‌സ്. 2015ലാണ് അദ്ദേഹം കറ്റേറയ്ക്ക് തുടക്കമിട്ടത്. ജാപ്പനീസ് സംരംഭകനും നിക്ഷേപക ഭീമനുമായ മസയോഷി സ്ണ്ണിന്റെ സോഫ്റ്റ് ബാങ്ക്, ഫോക്‌സ്‌കോണ്‍, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളുടെ നിക്ഷേപത്തോടെയായിരുന്നു കറ്റേറയുടെ കുതിപ്പ്. 2,000ത്തോളം ജീവനക്കാരുടെ കമ്പനിയുടെ വിറ്റുവരവ് 1.1 ബില്ല്യണ്‍ ഡോളറിലെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായുള്ള സകലതും ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നതെന്ന് കെഫ് കറ്റേറ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഏഷ്യ പ്രസിഡന്റ് ആഷ് ഭരദ്വാജ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Kef Katera