ഇന്ത്യന്‍ റെയ്ല്‍വേ ഗെയ്‌ലുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചു

ഇന്ത്യന്‍ റെയ്ല്‍വേ ഗെയ്‌ലുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചു

ഇന്ധന ചെലവ് കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു

മുംബൈ: ഉല്‍പ്പാദന യൂണിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും പ്രകൃതിവാതകം ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ റെയ്ല്‍വേയുടെ പദ്ധതി. ഇതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ( ഗെയ്ല്‍)യുമായി ഇന്ത്യന്‍ റെയ്ല്‍വെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. നിലവില്‍ ഉപയോഗിക്കുന്ന അസറ്റലൈന്‍, എല്‍പിജി, ഹൈ സ്പീഡ് ഡീസല്‍( എച്ച്എസ്ഡി) എന്നിവയ്ക്കു പകരമായി പാരിസ്ഥിതിക സൗഹാര്‍ദപരമായ പ്രകൃതി വാതകങ്ങള്‍ കൂടുതലായി പയോഗിക്കാനാണ് റെയ്ല്‍വെ വകുപ്പിന്റെ പുതിയ പദ്ധതി.
ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 31 ഓടുകൂടി 23 വര്‍ക്ക്‌ഷോപ്പുകളില്‍ പ്രകൃതിവാതകം ഉപയോഗിച്ചു തുടങ്ങും. ഇത് പിന്നീട് 54 വര്‍ക്ക് ഷോപ്പുകളിലേക്കും ഉല്‍പ്പാദന യൂണിറ്റുകളിലേക്കും വ്യാപിപ്പിക്കും. റെയ്ല്‍ വകുപ്പിന്റെ അടുക്കളകള്‍, ഗസ്റ്റ്ഹൗസുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും അടുത്ത വര്‍ഷം ജൂണോടുകൂടി പ്രകൃതി വാതകം ഉപയോഗിക്കാനുള്ള തീരുമാനത്തിലാണെന്ന് റെയ്ല്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി പറഞ്ഞു.
പ്രതിവര്‍ഷം ഇന്ധനത്തിന് ചെലവാകുന്നത് 70 കോടി രൂപയാണ്. പ്രകൃതിവാതകത്തിന്റെ ഉപയോഗത്തിലൂടെ ചെലവും ചുരുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയ്‌ലും ഇന്ത്യന്‍ റെയ്ല്‍വെയ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റ് ഫ്യുവലും( ഐആര്‍ഒഎംഎഫ്) ചേര്‍ന്ന് സെപ്റ്റംബര്‍ 30നകം ഒരു പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും.
രാജസ്ഥാനിലെ മതുംഗ, കോട്ട എന്നിവടങ്ങളില്‍ നടപ്പാക്കുന്ന പരീക്ഷണ പദ്ധതി കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ഇത് നടപ്പാക്കിയാല്‍ പ്രതിവര്‍ഷം യഥാക്രമം 20 ലക്ഷം രൂപ, 21 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയും. ബെംഗളൂരുവിലെ റെയ്ല്‍ വീല്‍ ഫാക്ടറിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചു തുടങ്ങിയാല്‍ ഒരുമാസം 410 കിലോമീറ്റര്‍ എച്ച്എസ്ഡി ലാഭിക്കാമെന്നും 8-10 കോടി രൂപ വരെ ചെലവ് കുറയ്ക്കാമെന്നും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാമെന്നും അശ്വിനി ലൊഹാനി ചൂണ്ടിക്കാണിച്ചു.
ഭുവനേശ്വറിലെ റെയ്ല്‍വെ കോളനിയിലെ 1,100 ഓളം വീടുകളില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വഴി വാതകം വിതരണം ചെയ്യുന്നുണ്ടെന്നും അശ്വിനി ലൊഹാനി പറഞ്ഞു.

Comments

comments

Categories: Business & Economy