ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 152 ബില്യണ്‍ ഡോളറിലെത്തും

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 152 ബില്യണ്‍ ഡോളറിലെത്തും

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതും രാജ്യത്തെ മധ്യവര്‍ഗത്തിന്റെ വരുമാനം ഉയരുന്നതും വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (2022 ഓടെ) നാല് മടങ്ങിലധികം വളര്‍ച്ച നേടാനുള്ള ശേഷി ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഫഌപ്കാര്‍ട്ടും ആമസോണും ആധിപത്യം തുടരുന്ന രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗം 2022ഓടെ 152 ബില്യണ്‍ ഡോളറിലൈത്തുമെന്നാണ് സോഫ്റ്റ്‌വെയര്‍ വ്യവസായ സംഘടനയായ നാസ്‌കോമും കണ്‍സള്‍ട്ടിംഗ് സംരംഭമായ പിഡബ്ല്യുസി ഇന്ത്യയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 36 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ മൂല്യം.
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതും രാജ്യത്തെ മധ്യവര്‍ഗത്തിന്റെ വരുമാനം ഉയരുന്നതുമാണ് ഇ-കൊമേഴ്‌സ് മേഖലയെ അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അനുകൂലമായ നയ സാഹചര്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ള കമ്പനികളുടെ പ്രത്യേക പദ്ധതികളും ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചാ ശേഷി വര്‍ധിപ്പിക്കും. 35 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്താന്‍ മേഖലയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം ഇരട്ടിയായി വര്‍ധിച്ച് 850 മില്യണിലെത്തുമെന്ന പ്രതീക്ഷയാണ് പഠനം പങ്കുവെക്കുന്നത്. ഇതില്‍ 150 മില്യണ്‍ ഉപയോക്താക്കള്‍ 2022ഓടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമെന്നും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ പേര്‍ പുതുതായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം 450 മില്യണ്‍ പേരാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. ഇടത്തരം വരുമാന വിഭാഗക്കാരുടെ എണ്ണം 2017ലെ 380 മില്യണില്‍ നിന്നും അഞ്ച് വര്‍ഷംകൊണ്ട് 540 മില്യണായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചും നാസ്‌കോം-പിഡബ്ല്യുസി ഇന്ത്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പേമെന്റ് സംവിധാനവുമായി ബന്ധപ്പെട്ട തടസങ്ങളും ഡെലിവെറി കാലതാമസവുമാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. തടസങ്ങളിലാത്ത ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകളിലെ വിശ്വാസം വികസിപ്പിക്കുന്നതിനും വോയിസ് അധിഷ്ഠിത ഷോപ്പിംഗ് അവതരിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ ഭാവി മത്സരമെന്ന് പിഡബ്ല്യുസി ഇന്ത്യ പാര്‍ട്ണര്‍ സന്ദീപ് ലഡ്ഡ പറഞ്ഞു.
വലിയ വിലക്കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഫഌപ്കാര്‍ട്ടും ആമസോണും വിപണിയില്‍ ആധിപത്യം തുടരുമ്പോഴും പുതിയ ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള സാധിക്കുമെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് അഭിപ്രായപ്പെട്ടു. 2022ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ഡിഡിപി) നാല് ശതമാനത്തോളം സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വ്യവസായത്തിന് സാധിക്കുമെന്നാണ് നാസ്‌കോമും പിഡബ്ല്യുസി ഇന്ത്യയും പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: e- commerce