ജിഎസ്ടിയുടെ ഫലങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു

ജിഎസ്ടിയുടെ ഫലങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു

60 ശതമാനം വര്‍ധനയാണ് ആദായനികുതി റിട്ടേണുകളില്‍ ഉണ്ടായിരിക്കുന്നത്. ചരക്ക് സേവനികുതിയുടെയും നോട്ട് അസാധുവാക്കലിന്റെയും ഫലമായി ഇതിനെ കാണാം. എന്തായാലും സമ്പദ് വ്യവസ്ഥ കൂടുതല്‍ ‘എക്കൗണ്ടബിള്‍’ ആകുന്നുവെന്ന കാര്യത്തില്‍ സംശയമില്ല

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നല്ലൊരു ശതമാനവും തയാറാകുന്നില്ല എന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ ശരിക്കും പ്രകടമായി തുടങ്ങി എന്നത് ശുഭസൂചനയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് അഞ്ച് കോടി പേരാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 2017 ഓഗസ്റ്റ് 30 അടിസ്ഥാനപ്പെടുത്തിയ കണക്കില്‍ ഇത് 3.1 കോടി മാത്രമായിരുന്നു.

വരുമാന നികുതി അടയ്ക്കുന്നതിനെ കുറിച്ച് ആളുകള്‍ കൂടുതലായി ബോധവല്‍ക്കരിക്കപ്പെടുന്നുണ്ട് എന്നത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെ സംബന്ധിച്ചിടത്തോളെ നല്ല വാര്‍ത്തയാണ്. എന്നാല്‍ അതിന് കാരണമായി തീര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ചില പരിഷ്‌കരണനയങ്ങളാണ്. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതോടെ നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായ രീതിയില്‍ വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അതിനെ പ്രതിരോധിക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. നികുതി വഴക്കമില്ലാത്ത സമൂഹം എന്ന നിലയില്‍ നിന്ന് നികുതിവഴക്കമുള്ള സമൂഹം എന്ന തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഉദ്ദേശ്യമെന്നാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

നോട്ട്അസാധുവാക്കല്‍ നടപ്പാക്കപ്പെട്ട രീതിയില്‍ വലിയ പാകപ്പിഴകളുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ നികുതിദായകരുടെ എണ്ണം കൂട്ടുന്നതില്‍ അതൊരു പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യവും ശരിയാണ്. എന്നാല്‍ നോട്ട് അസാധുവക്കല്‍ കൊണ്ട് മാത്രമല്ല ഇന്‍കംടാക്‌സ് റിട്ടേണുകളുടെ എണ്ണത്തില്‍ ഇത്രയും മികച്ച വര്‍ധനയുണ്ടായത്.

നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കരണമാണ് ആദായനികുതി റിട്ടേണുകളുടെ എണ്ണം കൂടുന്നതിന് വലിയ കാരണമായതെന്ന് വേണം മനസിലാക്കാന്‍.

പഴയ സേല്‍സ്, സര്‍വീസ്, സെന്‍ട്രല്‍ എക്‌സൈസ് നികുതി വ്യവസ്ഥകളില്‍ രാജ്യത്തുണ്ടായിരുന്ന പരോക്ഷ നികുതിദായകരുടെ എണ്ണം ഏകദേശം 63 ലക്ഷമാണ്. എന്നാല്‍ ജിഎസ്ടി സംവിധാനത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ ഏകദേശം 49.53 ലക്ഷം പുതിയ നികുതിദായകര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഇത്തോടെ മൊത്തം പരോക്ഷ നികുതി ദായകരുടെ എണ്ണം 1.13 കോടിയായി ഉയര്‍ന്നു.
ഇതാണ് യഥാര്‍ത്ഥത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഈ 50 ലക്ഷം നികുതി ദായകരാണ് ഇന്‍കംടാക്‌സ് റിട്ടേണുകളുടെ എണ്ണം വ്യാപകമായി കൂട്ടുന്നതിലേക്കും നയിച്ചതെന്ന് അനുമാനിക്കാവുന്നതാണ്. കാരണം ബിസിനസിന്റെ ലാഭക്ഷമത തന്നെയാണല്ലോ ഒരാളുടെ വരുമാന ശേഷിയിലും നിഴലിക്കുന്നത്.

ഈ ബിസിനസുകളില്‍ നിന്നുള്ള ലാഭം വരുമാനത്തിലും നിഴലിക്കുക തന്നെ ചെയ്യുന്ന സാഹചര്യമുണ്ടായി. സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണത്തിലേക്ക് പല ബിസിനസുകളെയും ജിഎസ്ടി എത്തിച്ചു എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അതാണ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കിയത്. ധനമന്ത്രി പറഞ്ഞ പോലെ നോട്ട് അസാധുവാക്കലിന്റെ മാത്രം ഫലമല്ല നികുതിദായകരുടെ എണ്ണത്തിലെ വര്‍ധന. അത് പ്രധാനമായും ജിഎസ്ടിയുടെ പ്രതിഫലനമാണെന്ന വാദത്തിനാണ് കൂടുതല്‍ ശക്തി.

Comments

comments

Categories: Editorial, Slider
Tags: GST