ലോകത്തെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് ചൈനയില്‍ ദുബായ് വക

ലോകത്തെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് ചൈനയില്‍ ദുബായ് വക

സ്‌കി ദുബായ് പ്രവര്‍ത്തിപ്പിക്കുന്ന മജീദ് അല്‍ ഫുട്ടയിം ആണ് ചൈനയില്‍ സ്‌കി പാര്‍ക്ക് നിര്‍മിക്കുന്നത്

ദുബായ്: പുതിയ ചരിത്രം കുറിക്കാന്‍ ദുബായിലെ റീട്ടെയ്ല്‍ ഭീമനായ മജീദ് അല്‍ ഫുട്ടയിം. ലോകത്തിലെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതും ചൈനയില്‍. വിന്റസ്റ്റാര്‍ ഷാംഗ്ഹായി ഇന്‍ഡോര്‍ സ്‌കി പാര്‍ക്കിന്റെ നിര്‍മാണത്തിലൂടെ ചൈനയിലേക്ക് കാലെടുത്തുവെക്കുകയാണ് മജീദ് അല്‍ ഫുട്ടയിം.

സ്‌കി ദുബായ്, സ്‌കി ഈജിപ്റ്റ് തുടങ്ങിയ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നത് മജീദ് അല്‍ ഫുട്ടയിം ആണ്. 2022ല്‍ ചൈനയിലെ സ്‌കി പാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മജീദ് അല്‍ ഫുട്ടയിമിന്റെ പ്രതീക്ഷ. പ്രതിവര്‍ഷം 3.2 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് പാര്‍ക്കിനുള്ളത്.

സിംഗപ്പൂരിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പറായ കെഒപി പ്രഖ്യാപിച്ച ഷാംഗ്ഹായിലെ ബൃഹദ് പദ്ധതിയുടെ ഭാഗമാണ് സ്‌കി പാര്‍ക്ക്. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് മജീദ് അല്‍ ഫുട്ടയിം ആണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വിന്റസ്റ്റാര്‍ ഷാംഗ്ഹായ് എന്നാണ് പദ്ധതിയുടെ പേര്. ഷാംഗ്ഹായ് ലുജിയാസുയ് ഡെവലപ്‌മെന്റ് കമ്പനി, കെഒപിയുടെ സബ്‌സിഡിയറിയായ വിന്റസ്റ്റാര്‍ ഹോള്‍ഡിംഗ്‌സ്, ഷാംഗ്ഹായ് ഹാര്‍ബര്‍ സിറ്റി ഡെവലപ്‌മെന്റ് കമ്പനി തുടങ്ങിയവരുടെ സംയുക്ത സംരംഭമാണ് വിന്റസ്റ്റാര്‍ ഷാംഗ്ഹായ്.

ഈ മൂന്ന് കമ്പികളും ചേര്‍ന്ന് ഷാംഗ്ഹായ് സ്‌നോ സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ് കോ എന്ന പേരില്‍ ഈ പദ്ധതിക്കായി ഒരു സംയുക്ത സംരംഭം തുടങ്ങിക്കഴിഞ്ഞു.

ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വെച്ച് കെഒപിയുടെ ഏറ്റവും വലിയ പദ്ധതിയാണ് ചൈനയിലെ വിന്റസ്റ്റാര്‍ ഷാംഗ്ഹായ്. നൂതനാത്മകമായ ഇത്തരം പദ്ധതികള്‍ ചൈനയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്-കെഒപിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ ഓങ് ചിഹ് ചിംഗ് പറഞ്ഞു.

ചൈനയിലെ വിന്റര്‍ സ്‌പോര്‍ട്‌സിലും ടൂറിസം വിപണിയിലും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. യുഎഇയും സ്‌കി ദുബായും സന്ദര്‍ശിക്കുന്ന ചൈനക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നതും ഓര്‍ക്കണം-മജീദ് അല്‍ ഫുട്ടയിം വെഞ്ച്വേഴ്‌സ് ഡയറക്റ്റര്‍ (ഗ്ലോബല്‍ സ്‌നോ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്റ്റ്‌സ്) മുഹമ്മദ് എല്‍ എത്രി പറഞ്ഞു. 227,000 സ്‌ക്വയര്‍ മീറ്ററാണ് പദ്ധതിയുടെ ടോട്ടല്‍ ഗ്രോസ് ഫ്‌ളോര്‍ ഏരിയ. ആല്‍പൈന്‍ തീംഡ് സ്‌കി ആന്‍ഡ് സ്‌നോ പാര്‍ക്കാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഏകദേശം 90,000 സ്‌ക്വയര്‍ മീറ്റര്‍ വരുമിത്.

Comments

comments

Categories: Arabia