യുബറിനെ തോല്‍പ്പിക്കണം; ഐപിഒ തയാറെടുപ്പുകള്‍ തുടങ്ങി ലിഫ്റ്റ്

യുബറിനെ തോല്‍പ്പിക്കണം; ഐപിഒ തയാറെടുപ്പുകള്‍ തുടങ്ങി ലിഫ്റ്റ്

സൗദിയിലെ ശതകോടീശ്വര നിക്ഷേപകനായ പ്രിന്‍സ് അല്‍വലീദ് പിന്തുണയ്ക്കുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ലിഫ്റ്റ് പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി

റിയാദ്: സൗദി അറേബ്യയിലെ ശതകോടീശ്വരനും കിംഗ്ഡം ഹോള്‍ഡിംഗ് ഗ്രൂപ്പ് സാരഥിയുമായ പ്രിന്‍സ് അല്‍വലീദ് പിന്തുണയ്ക്കുന്ന അമേരിക്കന്‍ സംരംഭമായ ലിഫ്റ്റ് ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന) നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബറിനെ മറികടക്കുകയാണ് സാമന സംരംഭമായ ലിഫ്റ്റിന്റെ ലക്ഷ്യം. യുബര്‍ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ആപ്പ് അധിഷ്ഠിത ടാക്‌സി വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ലിഫ്റ്റ്. ഐപിഒയുടെ ഉപദേശകരായി ക്ലാസ് V ഗ്രൂപ്പിനെ ലിഫ്റ്റ് നിയമിച്ചിട്ടുണ്ട്. ഐപിഒയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കമ്പനി ആരംഭിച്ചു. ഈ മാസം തന്നെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ ഉപദേശവും ലിഫ്റ്റ് ക്ഷണിക്കും. അടുത്ത മാര്‍ച്ച് മാസത്തിലോ ഏപ്രില്‍ മാസത്തിലോ പ്രഥമ ഓഹരി വില്‍പ്പന നടത്താനാണ് ലിഫ്റ്റ് പദ്ധതിയിടുന്നത്.

അതേസമയം ഐപിഒയുടെ സമയം തീരുമാനിച്ചിട്ടില്ലെന്നാണ് ലിഫ്റ്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2015ലാണ് സൗദി അറേബ്യയുടെ കിംഗ്ഡം ഹോള്‍ഡിംഗിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകര്‍ ലിഫ്റ്റിലെ 5.3 ശതമാനം ഓഹരി വാങ്ങിയത്. ഏകദേശം 24.7 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇവര്‍ ലിഫ്റ്റില്‍ നടത്തിയത്.

Comments

comments

Categories: Arabia
Tags: Lift taxi