4 പുതിയ സൂപ്പര്‍ ബൈക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ് വരുന്നു

4 പുതിയ സൂപ്പര്‍ ബൈക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ് വരുന്നു

ജെ, പി, ക്യു, കെ തുടങ്ങിയ കോഡ് നാമങ്ങളിലാണ് കമ്പനിയുടെ പുതിയ ബൈക്കുകള്‍ തയാറാവുന്നത്; 350-650 സിസിക്ക് കരുത്തുള്ള ഡസനോളം പുതിയ ബൈക്കുകള്‍ അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവതരിപ്പിക്കും.

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫും ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ട് റോയല്‍ എന്‍ഫീല്‍ഡ്. ജെ, പി, ക്യു, കെ തുടങ്ങിയ കോഡ് നാമങ്ങളാണ് ഈ ബൈക്കുകള്‍ക്ക് ബുള്ളറ്റ് ബ്രാന്‍ഡ് ബൈക്കുകളുടെ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി നല്‍കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ ഉല്‍പന്ന ശ്രേണിയെ നേരിട്ട് ലക്ഷ്യം വെക്കുന്ന തരത്തിലുള്ള പുതിയ ലോ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകള്‍ ഹാര്‍ലിയും ട്രയംഫും പ്രഖ്യാപിച്ചിരുന്നു. 250 മുതല്‍ 500 സിസി കരുത്തുള്ള ബൈക്കുകള്‍ രംഗത്തെത്തിക്കാനാണ് നീക്കം. ഇതിനുള്ള മറുപടിയെന്നോണമാണ് പുതിയ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്നു വരവ്.

250 മുതല്‍ 700 സിസി വരെ കരുത്തുള്ള നാല് ബൈക്കുകളാവും റോയല്‍ എന്‍ഫീല്‍ഡിന്റെ ഉല്‍പന്ന ശ്രേണിയിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെടുക. ഐഷര്‍ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഉല്‍പ്പന്ന ലോഞ്ച് ആയിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന നിര്‍മാതാക്കളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. 30 ശതമാനത്തിനു മുകളിലാണ് കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍. 200-500 സിസി ബൈക്കുകളുടെ വിപണിയില്‍ 90 ശതമാനം വിഹിതം കൈയ്യാളുന്നത് കമ്പനിയാണ്. ക്ലാസിക് 350 മോഡലാണ് ഈ വിഭാഗത്തിലെ പ്രകടനത്തെ നയിക്കുന്നത്.

350 മുതല്‍ 650 സിസിക്ക് മുകളില്‍ കരുത്തുള്ള ഒരു ഡസന്‍ പുതിയ ബൈക്കുകള്‍ അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലയളവില്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഇവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ യുകെയിലെ വികസന കേന്ദ്രത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള നിര്‍ണായക പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്താണ് നീക്കം.

ബിഎസ്-6 മാനദണ്ഡത്തിലേക്ക് ഉയരാന്‍ കമ്പനിയുടെ ക്ലാസിക്, തണ്ടര്‍ബേഡ്, ഹിമാലയന്‍ ബൈക്കുകളെ പര്യാപ്തമാക്കുന്ന രീതിയിലായിരിക്കും ജെ ആര്‍ക്കിടെക്ചര്‍. കോണ്ടിനന്റല്‍ 650 സിസി, ഇന്റര്‍സെപ്റ്റര്‍ 650 സിസി തുടങ്ങിയ ഇരട്ട സിലിണ്ടര്‍ ബൈക്കുകളാണ് പി ആര്‍ക്കിടെക്ചറിലൂടെ വികസിപ്പിക്കുക. ആഗോള വിപണിയില്‍ ഹാര്‍ലിക്കും ട്രയംഫിനുമെതിരെ ശക്തമായി മല്‍സരിക്കാന്‍ ഇതുവഴി റോയല്‍ എന്‍ഫീല്‍ഡിന് സാധിക്കും. ക്യു, കെ പ്ലാറ്റ്‌ഫോമുകളിലാണ് വലിയ ബൈക്കുകള്‍ ഉല്‍പ്പാദിപ്പിക്കുക. ട്രയംഫ് ത്രക്സ്റ്റണെയാണ് ക്യു ആര്‍ക്കിടെക്ചര്‍ ലക്ഷ്യം വെക്കുന്നത്. 600-700 സിസിക്ക് മുകളില്‍ വരുന്ന വലിയ ബൈക്കുകളാണ് കെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുക.

Comments

comments

Categories: Auto