മലിനീകരണ വിമുക്ത ഊര്‍ജ മേഖല

മലിനീകരണ വിമുക്ത ഊര്‍ജ മേഖല

ഇന്നൊവേഷനായി ഇന്ത്യയും ഐഇഎയും കരാര്‍ ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: മലിനീകരണ വിമുക്ത ഊര്‍ജ മേഖലയിലെ ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും (ഐഇഎ) തമ്മില്‍ ധാരണമായി. ഡെല്‍ഹിയില്‍ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും ഐഇഎയും ഇതു സംബന്ധിച്ച ധാരാണാപത്രം ഒപ്പുവെച്ചു. മലിനീകരണ വിമുക്ത ഊര്‍ജ മേഖലയിലെ ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെ പിന്തുണയ്ക്കുക, ഇന്ത്യയിലെ ഈ മേഖലയിലെ സാങ്കേതികവിദ്യകളെ കണ്ടെത്തി അവതരിപ്പിക്കുക, ഇന്ത്യയിലെയും ആഗോളതലത്തിലെയും ഇന്നൊവേഷനുമായി ബന്ധപ്പെട്ട് വിജ്ഞാനവും നയ പദ്ധതികളും വര്‍ധിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ക്കായാണ് സഹകരണം.

സഹകരണ പദ്ധതിക്കു കീഴില്‍ ഇന്ത്യയും ഐഇഎയും ഊര്‍ജ മേഖലയിലെ ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട നയ ശുപാര്‍ശകളും വിശകലനങ്ങളും ഈ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും പരസ്പരം പങ്കുവെക്കുകയും സംയുക്തമായി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുകയും ചെയ്യും. ഇന്ത്യയ്ക്കുവേണ്ടി ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള മിഷന്‍ ഇന്നൊവേഷന്‍ ഇന്ത്യയും ഐഇഎയ്ക്കു വേണ്ടി ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഇനിഷ്യേറ്റീവ് യൂണിറ്റ് (ഐപിഐ) സഹകരണ കരാറിന്റെ ചുമതല വഹിക്കുന്നത്.

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ മലിനീകരണ വിമുക്ത ഊര്‍ജത്തിന്റെ പ്രധാന്യം വര്‍ധിപ്പിച്ചുകൊണ്ട് ‘സ്‌കെയ്ല്‍ അപ്പ് ഓഫ് അക്‌സെസ് ടു ക്ലീന്‍ എനര്‍ജി’ എന്ന പ്രോഗ്രാമിന് അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ നീളുന്ന പ്രോഗ്രാമിനു കീഴില്‍ അസം, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ വര്‍ഷത്തെ വേള്‍ഡ് എനര്‍ജി ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖലയിലെ നിക്ഷേപം പരമ്പരാഗത ഊര്‍ജമേഖലയിലെ (ഫോസില്‍ അധിഷ്ഠിത ഇന്ധനം) പദ്ധതികളില്‍ നടത്തിയ നിക്ഷേപങ്ങളേക്കാള്‍ കൂടുതലാണെന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്നും ഐഇഎ പ്രതികരിക്കുകയുണ്ടായി.

Comments

comments

Categories: FK News
Tags: pollution