വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യാ പോസ്റ്റ്

വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യാ പോസ്റ്റ്

ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് വീട്ടുവാതുക്കല്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റല്‍ വകുപ്പ് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐപിപിബി) സംവിധാനത്തിന് തുടക്കമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ 1.55 ലക്ഷത്തോളം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളും ഐപിപിബിയിലേക്ക് ലിങ്ക് ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അതോടുകൂടി ഐപിപിബി രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി മാറും

 

കത്തുകളും മണിയോര്‍ഡറുകളും മറ്റു തപാല്‍ ഉരുപ്പടികളും മാത്രം കൈകാര്യം ചെയ്തിരുന്ന ഇന്ത്യാ പോസ്റ്റിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യ കാലത്ത് നടന്നു തുടങ്ങിയ പോസ്റ്റ്മാന്‍ പിന്നീട് സൈക്കിളിലേക്കും ഇപ്പോള്‍ ചിലയിടങ്ങളിലെങ്കിലും ടൂ വിലര്‍ വാഹനങ്ങളിലേക്കും ചേക്കേറി കാലത്തിനൊത്ത് മാറിയിരിക്കുന്നു. ഗ്രാമീണ ജനതയിലേക്ക് ഡിജിറ്റല്‍ ബാങ്കിംഗ് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ചില നയപരിഷ്‌കരണങ്ങളിലൂടെ പോസ്റ്റുമാനും അവരുടെ സേവനങ്ങളും വീണ്ടും സ്മാര്‍ട്ട് ആവുകയാണ്. തപാല്‍ സേവനങ്ങള്‍ക്കൊപ്പം ബാങ്കിംഗ് സേവനങ്ങളും ഇനി മുതല്‍ അവര്‍ കൈകാര്യം ചെയ്തു തുടങ്ങും. അടുത്തമാസം ഇന്ത്യയൊട്ടാകെ തുറക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐപിപിബി) ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളിലേക്കാണ് ബാങ്കിംഗ് സേവനങ്ങള്‍ നേരിട്ട് എത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകളും ബയോമെട്രിക് ഉപകരണങ്ങളുമായി (സ്‌കാനറുകള്‍) വീട്ടുപടിക്കലെത്തുന്ന പോസ്റ്റുമാന്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കാകും ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക. തപാല്‍ സേവനങ്ങള്‍ക്കൊപ്പം ബാങ്കിംഗും ധനകാര്യ സേവനങ്ങളും ഓരോ വ്യക്തിയുടേയും വീട്ടില്‍ നേരിട്ട് എത്തിക്കുക എന്നതാണ് ഐപിപിബിയുടെ പ്രധാന ലക്ഷ്യം.

പോസ്റ്റുമാന്‍ ഇനിമുതല്‍ പാര്‍ട്-ടൈം ബാങ്കര്‍

കത്തുകളും മണിയോര്‍ഡറുകളും പാഴ്‌സലുകളും മാത്രം കൈകാര്യം ചെയ്തിരുന്ന പോസ്റ്റ്മാന്‍ ഇനി മുതല്‍ ഒരു പാര്‍ട്- ടൈം ബാങ്കര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിലെ സേവനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളേക്കാളും ആളുകളിലേക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ ഇന്ത്യാപോസ്റ്റിന് കഴിയുന്നതിനാല്‍ ബാങ്കിംഗ് മേഖലയിലും ശോഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഐപിപിബി. പേമെന്റ്, റെമിറ്റന്‍സ് സേവനങ്ങള്‍ക്കു പുറമെ ചെറിയ റിസ്‌കിലുള്ള ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയ സേവനങ്ങളും ഇവരില്‍ നിന്നും പ്രതീക്ഷിക്കാം.

ഇന്ത്യയിലെ 1.55 ലക്ഷത്തോളം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളും ഐപിപിബിയിലേക്ക് ലിങ്ക് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 650 ബ്രാഞ്ചുകളുള്ള ഐപിപിബിക്ക് രാജ്യത്താകമാനം 3250 അക്‌സസ് പോയിന്റുകളാണ് നിലവിലുള്ളത്. ബാങ്കിംഗ് സേവനങ്ങള്‍ സൗകര്യപ്രദമാക്കുന്നതിനായി 1.6 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളും ഏകദേശം 2.7 ലക്ഷം ബയോമെട്രിക് ഉപകരണങ്ങളും ഐപിപിബി ഇതിനോടകം സമാഹരിച്ചു കഴിഞ്ഞിരിക്കുന്നു.

രാജ്യത്താകമാനം 995 എടിഎമ്മുകള്‍

ഇന്ത്യാ പോസ്റ്റിന്റെ ബ്രാഞ്ചുകളും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതു കൂടാതെ പോസ്റ്റല്‍ വകുപ്പിന്റെ 995 എടിഎമ്മുകള്‍ വഴിയും സേവനങ്ങള്‍ ത്വരിതപ്പെടുത്താനാണ് ഐപിപിബിയുടെ നീക്കം. അടുത്തമാസത്തോടെ രാജ്യത്താകമാനം എല്ലാ തപാല്‍ ഡിവിഷനുകളിലും ഐപിപിബി യാഥാര്‍ത്ഥ്യമാകും. റായ്പൂരിലും ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലും പരിക്ഷണ അടിസ്ഥാനത്തില്‍ ഈ സംവിധാനം ആദ്യം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതികള്‍ക്ക് പുതിയ മുഖം നല്‍കി എടിഎം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഇന്ത്യാപോസ്റ്റ് വഴി ഐപിപിബിക്ക് തുടക്കമിടുന്നത്. ഹിഡന്‍ ചാര്‍ജുകള്‍ ഒന്നും തന്നെയില്ലെന്നതും വെറും 50 രൂപയ്ക്ക് എക്കൗണ്ട് തുടങ്ങാമെന്നതുമാണ് പോസ്റ്റല്‍ വകുപ്പിലെ സേവിംഗ്‌സ് സ്‌കീമിന് കൂടുതല്‍ ജനകീയ മുഖം നല്‍കിയത്. നിലവിലുള്ള പോസ്റ്റല്‍ സേവിംഗ്‌സ് പദ്ധതി അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പോസ്റ്റല്‍ വകുപ്പ് പേമെന്റ് ബാങ്കിംഗ് സേവനം ആരംഭിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല

ഒന്നര ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളില്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി മാറുകയാണ് പോസ്റ്റല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേമെന്റ് സര്‍വീസ് ബാങ്ക്. പോസ്റ്റല്‍ വകുപ്പിന്റെ എടിഎമ്മുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളുമായും ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ ഐപിപിബി രാജ്യത്ത് വലിയ തോതിലുള്ള ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഈ വര്‍ഷം ഡിസംബര്‍ 31 ഓടുകൂടി രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളും ഐപിപിബി സംവിധാനത്തിലേക്ക് ലിങ്ക് ചെയ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചിരുന്നു. ആകെയുള്ള 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ 1. 30 ലക്ഷം ഓഫീസുകളും ഗ്രാമ പ്രദേശങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സെപ്റ്റംബര്‍ ഒന്നാം തിയതി രാജ്യമൊട്ടാകെ ഐപിപിബി പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് എക്കൗണ്ടുകള്‍ ഉള്ളവര്‍ക്കും ഐപിപിബി സേവനങ്ങള്‍ ലഭ്യമാക്കാനാകും. ഇതിനായി എക്കൗണ്ടുകള്‍ ഈ സംവിധാനത്തിലേക്ക് ലിങ്ക് ചെയ്യണമെന്നു മാത്രം. പേമെന്റ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന ക്യൂആര്‍ കാര്‍ഡ് വഴി അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വിനിമയം എളുപ്പത്തില്‍ നടത്താനാകും. കറന്റ്, സേവിംഗ്‌സ്, റെമിറ്റന്‍സ്, മണി ട്രാന്‍സ്ഫര്‍ തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്ന ഐപിപിബിയില്‍ ഓരോ ഇടപാടുകാര്‍ക്കും ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും. രാജ്യത്തെ ഏത് ബാങ്കുമായും എക്കൗണ്ട് ഉടമകള്‍ക്ക് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംഎസ് ഇടപാടുകള്‍ നടത്താം. തുടക്കത്തില്‍ ഐപിബിക്ക് 650 ശാഖകളും 3250 അനുബന്ധ ശാഖകളും ഉണ്ടായിരിക്കും. സാധാരണക്കാരിലേക്ക് ഡിജിറ്റല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നീ സേവനങ്ങള്‍ എത്തിച്ച് പോസ്റ്റല്‍ വകുപ്പ് ഗ്രാമീണ ജനതയെ ഡിജിറ്റല്‍ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്. ഇനിമുതല്‍ നഗരവാസികള്‍ മാത്രമല്ല, ഉല്‍നാടന്‍ ഗ്രാമങ്ങളിലെ ജനതയും ഐപിപിബിയിലൂടെ സ്മാര്‍ട്ടാകാന്‍ തയാറെടുക്കുകയാണ്.

Comments

comments

Categories: FK News, Slider
Tags: India post