അവസാന കടമ്പയും കടന്നു: ഐഡിയ-വോഡഫോണ്‍ ലയനം ഉടന്‍

അവസാന കടമ്പയും കടന്നു: ഐഡിയ-വോഡഫോണ്‍ ലയനം ഉടന്‍

കൊല്‍ക്കത്ത: ഐഡിയ-വോഡഫോണ്‍ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ രൂപീകരണത്തിനുള്ള അവസാന തടസവും ഇതോടെ നീങ്ങിയിരിക്കുകയാണ്. ടെലികോം മേഖലയിലെ വന്‍ ശക്തികളായ ഭാരതി എയര്‍ടെലിനെയും റിലയന്‍സ്
ജിയോയെയും നേരിടുകയെന്നതാണ് ലയനത്തിന്റെ മുഖ്യ ലക്ഷ്യം.

വരുമാന വിഹിതത്തിന്റെയും വരിക്കാരുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ഈ ലയന സംരംഭം എത്തുന്നതോടെ ഭാരതി എയര്‍ടെലിനാണ് കൂടുതല്‍ തിരിച്ചടിയുണ്ടാവുക. ഏകദേശം 15 വര്‍ഷത്തോളമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവെന്ന കിരീടം ഭാരതി എയര്‍ടെലിനായിരുന്നു. 440 മില്യണ്‍ വരിക്കാരും 34.7 ശതമാനം വരുമാന വിപണി വിഹിതവും ലയന സംരംഭത്തിനുണ്ടാകും.രണ്ട് കമ്പനികളുടെയും സംയുക്ത കടം ഏകദേശം 1.15 ലക്ഷം കോടി രൂപയാണ്.

രാജ്യം 3ജിയില്‍ നിന്ന് 4ജിയിലേക്കുള്ള വിശാലമായ പരിവര്‍ത്തനത്തിലാണെന്നതിനാലും സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ ന്യായവിലയില്‍ ലഭിക്കുമെന്നതിനാലും ഡാറ്റ ആവശ്യകത ഉയരും. അതിനാല്‍ തന്നെ ടെലികോം മേഖലയില്‍ കൂടുതല്‍ ശക്തമായ മത്സരമുണ്ടാകും.

ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചതോടെ ലയന സംരംഭത്തിന്റെ രജിസ്‌ട്രേഷനിലേക്ക് ഇരു കമ്പനികളും പ്രവേശിക്കും. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പുതിയ ബോര്‍ഡ് രൂപീകരിക്കുക.

Comments

comments

Categories: Slider, Tech