ജെന്റോബോട്ടിക്‌സ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്

ജെന്റോബോട്ടിക്‌സ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്

പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചില്‍ ഇടം നേടാനായത്

ന്യൂഡെല്‍ഹി: ഗൂഗിളിന്റെ ഇന്ത്യയിലെ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ ഇന്ത്യ മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് മലയാളി റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പായ ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് ഉള്‍പ്പെടെ പത്ത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലൂ-കോളര്‍ ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കല്‍, സാറ്റ്‌ലൈറ്റ് സഹായത്തോടെ കര്‍ഷകര്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കല്‍ തുടങ്ങിയ മേഖലകളില്‍ അവിശ്വനീയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവരാണെന്ന് ഗൂഗിള്‍ ഇന്ത്യ പ്രോഗ്രാം മാനേജര്‍ പോള്‍ രവീന്ദ്രനാഥ് ജി പറഞ്ഞു.

ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച കെയര്‍എന്‍എക്‌സ്, സെന്‍സര്‍, സാറ്റ്‌ലൈറ്റ്, വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ജലം, കൃഷി, വിദ്യാഭ്യാസം മേഖലകളില്‍ തീരുമാനമെടുക്കുന്ന ജോലി ലളിതമാക്കുന്ന വസ്സര്‍ ലാബ്‌സ്, മാനസികാരോഗ്യ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത ചാറ്റ് തെറാപ്പി നല്‍കുന്ന വൈസ, ബ്ലൂ കോളര്‍ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും (യന്ത്രസഹായമില്ലാതെ ജോലി ചെയ്യുന്നവര്‍) ഓണ്‍ലൈന്‍ മേഖലയിലെ നവാഗതര്‍ക്കുമുള്ള ലളിതമായ ഭാഷാ പഠന പ്ലാറ്റ്‌ഫോമായ മള്‍ട്ടിഭാഷി, ഗര്‍ഭിണികള്‍ക്ക് വ്യക്തിപരമായ പരിചരണം ഉറപ്പാക്കുന്ന ഡോക്റ്റര്‍മാരുടെ പരസ്പര ബന്ധിതമായ ആരോഗ്യ ആവാസവ്യവസ്ഥയായ ഒലീവ്‌വെയര്‍, വിശ്വാസയോഗ്യമായ ഇ-വേരിഫിക്കേഷനനും സുരക്ഷാവീഴ്ച്ച പ്രവചനത്തിനും സഹായകമായ എഐ, ബ്ലോക്ക് ചെയ്ന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് സൈന്‍സി, മൊബീല്‍ ആപ്പുകള്‍ക്കായി വിവിധ ഭാഷകളിലുള്ള വോയിസ് ഇന്റര്‍ഫേസുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമായ സ്ലാംഗ്‌ലാബ്‌സ്, ടെക്‌നോളജി അധിഷ്ഠിത പ്രാരംഭഘട്ട രോഗനിര്‍ണയ സംവിധാനമായ ടെന്‍3ടിഎച്ച്‌ഹെല്‍ത്ത്‌കെയര്‍, എഐ അധിഷ്ഠിതമായ ഡീപ് ലേണിംഗ് മാതൃകകളുപയോഗിച്ച് ആളുകളെയും വാഹനങ്ങളെയും മറ്റും വിശകലനത്തിന് വിധേയമാക്കുന്ന അണ്‍കാനി വിഷന്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ഡികൂട്ട് എന്ന റോബോട്ടിക് സംവിധാനം വികസിപ്പിച്ച ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പില്‍ സാമൂഹ്യ ഇന്നൊവേഷന്‍ വിഭാഗത്തില്‍ വിജയിയായിരുന്നു.

ഈ മാസം പത്തിന് ബെംഗളൂരുവിലെ ഗൂഗിളിന്റെ ഓഫീസിലാണ് ഉദ്ഘാടന ക്ലാസ് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടാഴ്ച്ച നീണ്ട മെന്റര്‍ഷിപ്പ് ബൂട്ട് ക്യാംപില്‍ പങ്കെടുക്കാനുള്ള അവസരവും തുടര്‍ന്നുള്ള മൂന്നു മാസം ഓരോരുത്തര്‍ക്കും പ്രത്യേകമായ വെര്‍ച്വല്‍ പിന്തുണയും ലഭ്യമാകുന്നതാണ്. പ്രോഗ്രാമിനു കീഴില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി ഗൂഗിളിന്റെ ഏറ്റവും മികച്ച വിദഗ്ധരെയും പ്ലാറ്റ്‌ഫോമുകളും ടൂളുകളും കമ്പനിയുടെ അടിസ്ഥാന ശക്തികളായ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളും ലഭ്യമാക്കുമെന്ന് പോള്‍ രവീന്ദ്രനാഥ് ജി പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: startups