ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ച നേടി ഇന്ത്യ

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ച നേടി ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലാണ് ഇന്ത്യ ശക്തമായ വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരുന്നു ഇത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ജൂണ്‍ പാദത്തില്‍ 5.6 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. നോട്ട് അസാധുവാക്കല്‍ നയവും ജിസ്ടിയും സമ്പദ്‌വ്യവസ്ഥയ്‌ക്കേല്‍പ്പിച്ച ആഘാതമാണ് ഇക്കാലയളവില്‍ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത്. എന്നാല്‍, ഇത്തരം പരിഷ്‌കരണങ്ങള്‍ സൃഷ്ടിച്ച താല്‍ക്കാലിക ആഘാതങ്ങള്‍ അപ്രത്യക്ഷമായതായും രണ്ട് വര്‍ഷം മുന്‍പ് നേടിയ വളര്‍ച്ചാ നിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാനുഫാക്ച്ചറിംഗ്, സേവന മേഖലകളിലെ മികച്ച പ്രകടനമാണ് രണ്ടാം പാദത്തിലും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്താന്‍ സാഹയിച്ചത്. എന്നാല്‍, ഇന്ധന വില ഉയരുന്നതും കാലവര്‍ഷം കാര്‍ഷികോല്‍പ്പാദനത്തിലുണ്ടാക്കിയ ആഘാതവും സാമ്പത്തിക മുന്നേറ്റത്തില്‍ ചെറിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. രൂപയുടെ മൂല്യ തകര്‍ച്ചയും കേന്ദ്ര ബാങ്ക് ധനനയം കടുപ്പിക്കുന്നതും വരും പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വെല്ലുവിളിയായേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Comments

comments

Categories: Business & Economy, Slider
Tags: GDP