ഓര്‍ഡറുകളില്‍ പത്തിരട്ടി വര്‍ധന ലക്ഷ്യമിട്ട് ഫുഡ്പാണ്ട ഇന്ത്യ

ഓര്‍ഡറുകളില്‍ പത്തിരട്ടി വര്‍ധന ലക്ഷ്യമിട്ട് ഫുഡ്പാണ്ട ഇന്ത്യ

രണ്ടു മാസത്തിനുള്ളില്‍ 60,000 ഡെലിവറി ജീവനക്കാരെ നിയമിക്കും

മുംബൈ: ആഭ്യന്തര ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി സ്ഥാപനമായ ഫുഡ്പാണ്ട ഇന്ത്യ ഓര്‍ഡറുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനവ് നേടാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഡെസേര്‍ട്ടുകള്‍, സ്‌നാക്‌സ്, ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പല ഡിസ്‌ക്കൗണ്ട് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. കുറഞ്ഞ ഓര്‍ഡര്‍ മൂല്യം എന്ന പരിധി ഇല്ലാതെയാണ് പുതിയ ഡിസ്‌ക്കൗണ്ടുകള്‍ ഉപഭോക്താവിന് ലഭ്യമാകുന്നത്. നിലവില്‍ പ്രതിദിനം 40,000 ഓര്‍ഡറുകളാണ് പ്ലാറ്റ്‌ഫോം നേടുന്നത്.

ബിസിനസിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിക്കേണ്ടതുണ്ടെന്ന് കമ്പനി മനസിലാക്കിയതായും രണ്ടു മാസത്തിനുള്ളില്‍ 60,000 ഡെലിവറി ജീവനക്കാരെ പുതിയതായി നിയമിക്കുമെന്നും ഫുഡ്പാണ്ട ഇന്ത്യ സിഇഒ പ്രണയ് ജീവരാജ്ക പറഞ്ഞു. പങ്കാളികളായ റെസ്റ്റൊറന്റുകളുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ ബന്ധം സ്ഥാപിക്കാനും പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ റെസ്റ്റൊറന്റുകളെ കൂട്ടിച്ചേര്‍ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ 10,000 ഡെലിവറി ജീവനക്കാരാണ് കമ്പനിക്കുള്ളത്. പുതിയ നിയമനങ്ങള്‍ ഫുഡ്പാണ്ടയുടെ നിലവിലെ ഡെലിവറി വാഹനങ്ങളുടെ എണ്ണം ആറുമടങ്ങായി വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കും.

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി മാതൃ സ്ഥാപനമായ ഒലയുടെ സാങ്കേതികവിദ്യകളും ലോജിസ്റ്റിക്‌സ് സൗകര്യവും ഫുഡ്പാണ്ട ഉപയോഗിക്കുന്നുണ്ട്. ഒലയുടെ നിലവിലെ ഉപഭോക്തൃ അടിത്തറ ബിസിനസ് വളര്‍ച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നും ഫുഡ്പാണ്ട പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫുഡ്പാണ്ടയുടെ ഇന്ത്യന്‍ വിഭാഗത്തെ ഒല സ്വന്തമാക്കുന്നത്. ഏറ്റെടുക്കലിനോടനുബന്ധിച്ച് ഫുഡ്പാണ്ട ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും ഒല പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Food panda