സര്‍ക്കാര്‍ ജീവനക്കാര്‍ സഹായകമായി യുഎഇയുടെ പുതിയ ‘ബാക്ക് ടു സ്‌കൂള്‍’ പദ്ധതി

സര്‍ക്കാര്‍ ജീവനക്കാര്‍ സഹായകമായി യുഎഇയുടെ പുതിയ ‘ബാക്ക് ടു സ്‌കൂള്‍’ പദ്ധതി

സര്‍ക്കാര്‍ ജോലിക്കാരായ 28,000ത്തോളം രക്ഷകര്‍ത്താക്കള്‍ക്ക് ഈ നയം സഹായകമാകും

അബുദാബി: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സഹായകമായി യുഎഇയുടെ പുതിയ ബാക്ക് ടു സ്‌കൂള്‍ പരിപാടി ശ്രദ്ധേയമാകുന്നു. ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് എത്താന്‍ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷകര്‍ത്താക്കളെയും അനുവദിക്കുകയാണ് ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ബാക്ക് ടു സ്‌കൂള്‍ എന്ന പുതിയ നയം. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനായി അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറച്ച് ക്രമീകരിച്ചിട്ടുണ്ട്.

നാഷണല്‍ പ്രോഗ്രാം ഫോര്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍ ബീയിംഗ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) എന്നിവര്‍ സംയുക്തമായാണ് ബാക്ക് ടു സ്‌കൂള്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കാരായ ഏകദേശം 28,000ത്തോളം രക്ഷകര്‍ത്താക്കള്‍ക്ക് ഈ നയം സഹായകമാകും. അഞ്ചു വയസില്‍ താഴെയുള്ള നാലായിരത്തില്‍ പരം കുട്ടികളാകും ഈ പരിപാടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളിലേക്ക് എത്തുക. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം സാമൂഹിക ജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മില്‍ ഒരു സമതുലിത സൃഷ്ടിക്കാനും ഈ നയം സഹായിക്കുന്നതായി ഹാപ്പിനസ് ആന്‍ഡ് വെല്‍ബീയിംഗ് വകുപ്പ് തല മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്റ്റര്‍ ജനറലുമായ ഒഹൂദ് ബിന്‍ ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു. കുട്ടികളുടെ ആവശ്യങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ഭരണ സംവിധാനത്തില്‍ നിന്നുള്ള എല്ലാവിധ പിന്തുണയുമാണ് ഈ നയത്തിലൂടെ വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തയാഴ്ച ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം രക്ഷിതാക്കള്‍ക്കൊപ്പം എത്തിച്ചേരാന്‍ ജോലി സമയം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി നയങ്ങളില്‍ മാറ്റം വരുത്തുകയാണ് പുതിയ നയത്തിലൂടെയെന്ന് എഫ്എഎച്ച്ആര്‍ ഡയറക്റ്റര്‍ ജനറല്‍ ഡോ. അബ്ദുള്‍ റഹ്മാന്‍ അബ്ദുള്‍ മനാന്‍ അല്‍ ആവര്‍ വ്യക്തമാക്കി. ബാക്ക് ടു സ്‌കൂള്‍ നയത്തിലൂടെ സര്‍ക്കാര്‍ ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുടങ്ങുന്ന ആദ്യ ആഴ്ചയില്‍ താമസിച്ചു വരുന്നതിനോ അവധി എടുക്കുന്നതിനോ തടസങ്ങളുണ്ടാകില്ല.

Comments

comments

Categories: Arabia