ഡ്രൈവിംഗ് നിരോധനം തീര്‍ന്നതോടെ റേസിംഗ് ലൈസന്‍സുകള്‍ക്ക് കാതോര്‍ത്ത് സൗദി വനിതകള്‍

ഡ്രൈവിംഗ് നിരോധനം തീര്‍ന്നതോടെ റേസിംഗ് ലൈസന്‍സുകള്‍ക്ക് കാതോര്‍ത്ത് സൗദി വനിതകള്‍

ഡ്രൈവിംഗ് സ്‌കൂളുകളില്‍ മോട്ടോര്‍ ബൈക്ക് പരിശീലനത്തിനായി എത്തുന്നവരുടെ എണ്ണം കൂടുന്നു

റിയാദ്: യാഥാസ്ഥിതിക ചിന്താഗതികള്‍ക്ക് ആഴത്തില്‍ വേരുകളുള്ള രാജ്യമാണ് സൗദി. മാസങ്ങള്‍ക്കു മുമ്പ് വനിതകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയതോടെ റോഡുകളിലും ഷോപ്പിംഗ് മാളുകളിലും ഡ്രൈവിംഗ് ജോലികളിലും ഇവരുടെ സാന്നിധ്യം ഏറി വരികയാണ്. വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതോടെ റേസിംഗ് മേഖലയിലേക്കാണ് വനിതകളുടെ അടുത്ത നോട്ടം എത്തിയിരിക്കുന്നത്. റേസിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് സര്‍ക്കാര്‍ അനുയോജ്യമായ നടപടി എടുക്കുമെന്ന പ്രതിക്ഷയിലാണിപ്പോള്‍ പ്രഗല്ഭ വനിതാ മോട്ടോറിസ്റ്റ് കൂടിയായ റാണ അല്‍മിമോനി.

കഴിഞ്ഞ ജൂണില്‍ ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയതോടെയാണ് വനിതകളില്‍ റേസിംഗ് മോഹങ്ങള്‍ പൂവണിയുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ നടപടികള്‍ക്ക് വലിയ തോതില്‍ പിന്തുണ കിട്ടുന്നതിനാല്‍ റേസിംഗ് ലൈസന്‍സുകളും വേഗത്തില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സ്പീഡ് ഹരമാക്കിയിരിക്കുന്ന വനിതകള്‍. വനിതാ ഡ്രൈവര്‍മാര്‍ക്കിടയില്‍ മുപ്പതു കാരിയായ റാണ അല്‍മിമോനി ഏറെ പ്രശസ്തയാണ്. സ്പീഡിനെ സ്‌നേഹിക്കുകയും അരാധിക്കുകയും ചെയ്യുന്ന റാണ തന്റെ പേള്‍ സില്‍വര്‍ സ്‌പോര്‍ട്‌സ് സെഡാനില്‍ റിയാദിലെ ദിറബ് മോട്ടോര്‍ പാര്‍ക്കില്‍ പറക്കുന്നത് ഏറെ മനോഹരമാണെന്നും കാണികള്‍ പറയുന്നു. പൊതു നിരത്തില്‍ നിരോധിച്ചിരിക്കുന്ന ഡ്രിഫ്റ്റിംഗ്, ഓവര്‍സ്റ്റിയറിംഗ്, സ്പിന്നിംഗ് എന്നിവയെല്ലാം ഇവര്‍ പരിശീലിക്കുന്നത് ദിറബ് പാര്‍ക്കിലാണ്. വിവിധ സ്‌പോര്‍ട്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള മോഹവുമായി റേസിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുവാദത്തിനായി കാത്തിരിക്കുകയാണ് ഈ യുവതി.

സൗദിയുടെ ദേശീയ മോട്ടോര്‍ ഫെഡറേഷനിലെ ആദ്യ അംഗമായ അസീല്‍ അല്‍- ഹമദില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി വനിതകളാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയപ്പോള്‍ ഫോര്‍മുല വണ്‍ കാറോടിച്ചാണ് അവര്‍ ആ ആഘോഷത്തില്‍ പങ്കുകൊണ്ടത്. സൗദിയില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതും അസീലാണ്. റിയാദിലെ ഡ്രൈവിംഗ് സ്‌കൂളിലും മോട്ടോര്‍ ബൈക്ക് പരിശീലനത്തിനും മറ്റുമായി എത്തുന്ന വനിതകളുടെ എണ്ണവും കൂടിവരികയാണ്.

Comments

comments

Categories: Arabia