ഇന്ത്യയില്‍ നിധി തേടിയുള്ള ഗൂഗിളിന്റെ യാത്ര!

ഇന്ത്യയില്‍ നിധി തേടിയുള്ള ഗൂഗിളിന്റെ യാത്ര!

പ്രാദേശിക ഭാഷകളിലൂടെ പുതിയ ബിസിനസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍

കൊച്ചി: ടെക് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ അവസരങ്ങളെയെല്ലാം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുന്നതിന് കമ്പനി നാല് പ്രധാന ബാങ്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. ധനകാര്യ സേവനത്തില്‍ പുതിയ വിപ്ലവം കുറിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിയായി അത് വിലയിരുത്തപ്പെടുന്നു. ഇതുമായി ബന്ധമില്ലെങ്കിലും പ്രാദേശിക ഭാഷകളെ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഓണ്‍ലൈന്‍ രംഗത്ത് മറ്റൊരു വിപ്ലവം കൂടി കുറിക്കാനൊരുങ്ങുകയാണ് ഗൂഗിഗള്‍. ഇതിന് നാന്ദി കുറിച്ചാണ് കഴിഞ്ഞ ദിവസം നവലേഖ എന്ന പ്ലാറ്റ്‌ഫോമിന് ഗൂഗിള്‍ തുടക്കമിട്ടത്.

ഇന്ത്യയിലെ പ്രാദേശിക ഭാഷാ പ്രസാധകര്‍ക്ക് ഡിജിറ്റല്‍ ലോകത്ത് ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് നവലേഖ. സംഭവം ഇത്രയേയുള്ളൂ, പ്രാദേശിക ഭാഷയിലുള്ള ഏത് പിഡിഎഫും എഡിറ്റ് ചെയ്യാന്‍ പാകത്തിലുള്ള ടെക്സ്റ്റ് ആയി നവലേഖ ഇന്റര്‍നെറ്റിലേക്ക് മാറ്റും. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗപ്പെടുത്തിയാണ് ഗൂഗിളിന്റെ ഈ മായാജാലം. പ്രാദേശിക പ്രസാധകര്‍ക്ക് മൊബീല്‍ സൗഹൃദ വെബ് കണ്ടന്റ് സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

പുതുവിപണി

22 ഔദ്യോഗിക ഭാഷകളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ഇന്റര്‍നെറ്റിലെ ഉള്ളടക്കം ഇപ്പോഴും ഭരിക്കുന്നത് ഇംഗ്ലീഷ് തന്നെയാണ്. ഗൂഗിളിന്റെ കണക്ക് പ്രകാരം രാജ്യത്ത് റെജിസ്റ്റര്‍ ചെയ്ത 135,000 പബ്ലിക്കേഷനുകള്‍ക്ക് ഒരു വെബ്‌സൈറ്റ് പോലുമില്ല. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷകളിലെ കണ്ടന്റ് ഇന്റര്‍നെറ്റില്‍ വരേണ്ടത് അനിവാര്യമാണെന്നും അത് പുതിയ ബിസിനസ് അവസരങ്ങളാണ് തുറക്കുന്നതെന്നും ഗൂഗിള്‍ കരുതുന്നു.

പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം 500 ദശലക്ഷം കടന്നേക്കും. വീഡിയോ ഉപഭോഗത്തിലുള്ള ട്രെന്‍ഡും പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കുന്നതാണ്-ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് (ഇന്ത്യ) രാജന്‍ ആനന്ദന്‍ പറയുന്നു. പ്രാദേശിക ഭാഷകളിലേക്ക് കൂടുതല്‍ സേവനങ്ങള്‍ വ്യാപിപ്പിച്ച് സാധാരണ ഇന്ത്യക്കാരുടെ ദൈനം ദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകത്ത ബ്രാന്‍ഡാകാനാണ് ഗൂഗിളിന്റെ ശ്രമം. നവലേഖയില്‍ ഹിന്ദി പ്രസാധകരെ ഇതിനോടകം ചേര്‍ത്തു തുടങ്ങി.

Comments

comments

Categories: FK News, Slider