പാഴ്മുളയല്ല, ജീവനാഡി

പാഴ്മുളയല്ല, ജീവനാഡി

വയനാടിന്റെ നട്ടെല്ലായ മുളകള്‍

ഉറവ്, ഒരുകാലത്ത് വേലികെട്ടാനും വരമ്പ് തീര്‍ക്കാനും മാത്രമായി ഉപയോഗിച്ചിരുന്ന മുള എന്ന സസ്യത്തെ ഒരു വയനാടിന്റെ മുഴുവന്‍ ജീവനാഡിയാക്കി മാറ്റിയ സംഘടന. പാഴ്മുള എന്ന് പറഞ്ഞിരുന്ന ഈ സസ്യത്തില്‍ നിന്നും 2000 ല്‍ ഏറെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വായനാട്ടുകാര്‍ നിര്‍മിക്കുന്നത്. 10 രൂപ മുതല്‍ ആയിരങ്ങള്‍ വരെ വിലമതിക്കുന്ന ഈ മുളയുല്‍പ്പന്നങ്ങളിലൂടെ ഒരു നാടിന്റെ തന്നെ ഗതി മാറ്റിയെഴുതുകയാണ് ഉറവ്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തില്‍ ഊന്നി പ്രവര്‍ത്തനം ആരംഭിച്ച ഉറവിലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മികച്ച വരുമാനം നേടുന്നു. വയനാട് കാണാന്‍ എത്തുന്ന ഒരു വ്യക്തി ഒരിക്കലും മറക്കാതെ സന്ദര്‍ശിക്കേണ്ട ഒന്നാണ് ഈ മുളഗ്രാമം

വയനാട് തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തിനു മുളയുല്‍പന്ന നിര്‍മാണം ഒരേ സമയം സമരവും സംരംഭവുമാണ്. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണ് തൃക്കൈപ്പറ്റ ആസ്ഥാനമായി ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉറവ് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ആരംഭകാലത്ത് സ്ഥാപകര്‍ വിഭാവനം ചെയ്തതിലും ഏറെ ഉയരത്തില്‍ പറന്നെത്താന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞു. പ്രകൃതി സമ്പത്തിനാല്‍ ഏറെ അനുഗ്രഹീതമായ ഒരു ഭൂപ്രദേശമാണ് വയനാട്. എന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്യാത്ത വിധത്തില്‍ അത് ധനസമ്പാദനത്തിനായി വിനിയോഗിക്കുന്നതിലാണ് മനുഷ്യന്റെ വിജയം. ഉറവ് എന്ന ഈ സംഘടനയിലൂടെ നാളിതുവരെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. തൃക്കൈപ്പറ്റ മേഖലയിലെ സാധാരണക്കാരുടെ വലിയ തൊഴില്‍ കേന്ദ്രമാണ് ഉറവ്. 200 പേര്‍ക്ക് നേരിട്ടും കേരളത്തിനകത്തും പുറത്തുമായി അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരോക്ഷമായും ഉറവ് തൊഴിലും നല്‍കുന്നുണ്ട്.

മുളയും ഈറ്റയും ഉപയോഗിച്ചുള്ള വയനാടന്‍ കൈത്തൊഴിലിനെയും കരകൗശല വസ്തു നിര്‍മ്മാണത്തെയും ആധുനീകരിക്കുക എന്ന ലക്ഷ്യത്തോടെ 1996ലാണ് ഉറവ് ആരംഭിച്ചത്. തുടക്കം മുതല്‍ക്ക് വയനാട് നിവാസികള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു പദ്ധതിയായിരുന്നു ഇത്. തുടക്കം ആര്‍ക്കും നിര്‍മിക്കാന്‍ കഴിയുന്ന മുളകൊണ്ടുള്ള കസേര, പൂപ്പാത്രങ്ങള്‍, പൂക്കള്‍ എന്നിവയില്‍ നിന്നായിരുന്നു എങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. സംസ്‌കരിച്ച മുളയില്‍ നിന്നും വിവിധതരം പാത്രങ്ങള്‍, ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്ന് വേണ്ട മുളകൊണ്ടുള്ള പാലങ്ങള്‍, വീടുകള്‍, മേശകള്‍, കസേരകള്‍ എന്നിവരെ ഉറവില്‍ നിര്‍മിക്കപ്പെടുന്നു. ടൂറിസം മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ ഉറവ് ഇപ്പോള്‍ ഇക്കോ ലിങ്ക്‌സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവല്‍കരിച്ചിട്ടുണ്ട്. ഇത് പ്രകാരം അഞ്ച് കോട്ടേജുകള്‍ നിര്‍മിച്ചു. മുള വീടുകളും നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

ഭവം കല്പറ്റ, നിറവ് കല്പറ്റ, സൗഭാഗ്യ പാറത്തോട്, സ്‌നേഹ കാലിക്കുനി, ഉര്‍വര ബാംബൂ ബാഗ്‌സ്, ഉറവ് ബാംബൂ, തൃക്കൈപ്പറ്റ പിക്കിള്‍സ്, സ്വരാജ് ചെമ്പോത്തറ, ഫാത്തിമ ഡ്രൈഫ്‌ലവര്‍, പീലി കാക്കവയല്‍, ശില്പി തൃക്കൈപ്പറ്റ, ഡ്രിങ്ക്‌സ് തൃക്കൈപ്പറ്റ തുടങ്ങിയവയാണ് ഉറവിനു കീഴിലെ പ്രധാന യൂണിറ്റുകള്‍

കൃത്യമായ പരിശീലനം എന്ന വിജയമന്ത്രം

മുളകൊണ്ടുള്ള കരകൗശവസ്തുക്കളുടെ നിര്‍മാണത്തിലൂടെ മാത്രം ജീവിത വരുമാനം തേടുന്ന വളരെയധികം ജനങ്ങള്‍ വയനാട്ടില്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗം പേരും തൃക്കൈപ്പറ്റ സ്വദേശികള്‍ തന്നെയാണ്. ഉളപ്പന്നനിര്മാണത്തിനായി ഇവര്‍ മുളകള്‍ നാട്ടു വളര്‍ത്തുകയും ചെയ്യുന്നു. വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പത്തൊമ്പത് യൂണിറ്റുകളിലായി ഒരു ക്ലസ്റ്ററായിതിരിച്ചാണ് മുളകൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണവും പരിശീലനവും ലഭിക്കുന്നത്. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്.ആദ്യകാലത്ത് വയനാട്ടിലെ കടകള്‍ മുഖാന്തിരം ടൂറിസ്റ്റ് സ്ഥലങ്ങളിലാണ് ഉറവിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉറവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിവിധ കരകൗശല മേളകള്‍ സംഘടിപ്പിക്കപ്പെടുന്നു.

മുളയിലുണ്ടാക്കിയ പേനകള്‍, പൂക്കൊട്ടകള്‍ തുടങ്ങിയ കരകൗശല വസ്തുക്കളാണ് പ്രദര്‍ശനമേളകളില്‍ കൂടുതലും വിറ്റഴിയാറുള്ളത്.നിലനില്‍പ്പിനു വേണ്ടിയുള്ള തൃക്കൈപ്പറ്റ നിവാസികളുടെ ശ്രമം കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുള്ള കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും ഉറവിനു മികച്ച ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. 2004 ല്‍ ആണ് ടൂറിസം രംഗത്തെ മുന്‍നിര്‍ത്തി ഉറവ് ഇക്കോ ലിങ്ക്‌സ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചത്.2010 നവംബറില്‍ ആണ് തിരുവനന്തപുരം മടവൂര്‍ പാറയില്‍ ആര്‍ക്കിയോളജി വകുപ്പിന് വേണ്ടി 101 മീറ്റര്‍ നീളമുള്ള മുളപ്പാലം നിര്‍മ്മിച്ചുകൊണ്ട് ഇക്കോ ലിമിറ്റഡ് ടൂറിസം മേഖലയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. കാരാപ്പുഴ അണക്കെട്ടിനു സമീപമായി ബാംബു പാര്‍ക്ക് ആരംഭിക്കാനുള്ള പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു. നാല്‍പ്പത് തരം മുളകള്‍ ഉള്‍പ്പെടുന്ന ഉദ്യാനമാണ് ഈ ബാംബൂ പാര്‍ക്ക്.

പത്തൊമ്പത് യൂണിറ്റുകളിലായി 200 ഓളം പേര്‍ക്ക് മുള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരില്‍ 99ശതമാനം പേരും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിദേശികളും സ്വദേശികളുമടക്കം നിരവധിപേര്‍ കാഴ്ചകള്‍ ആസ്വദിക്കാനും മുളയുത്പന്നങ്ങള്‍ വാങ്ങാനും ഉറവിലെത്താറുണ്ട്.ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് വയനാട് എന്നാല്‍ ഉറവ് കൂടിയാണ്. വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ പുരോഗമനം പ്രധാനമായും ഉറവിലൂടെയാണ് നടക്കുന്നത്. ഒരു കുടുംബത്തെ മാന്യമായി പോറ്റാനുള്ള വരുമാനം ഉറവില്‍ നിന്നും ഓരോ തൊഴിലാളിയും നേടുന്നുണ്ട്.

Comments

comments

Categories: FK Special
Tags: Bamboo