പിരിച്ചു വിടുന്നവര്‍ക്ക് ഉദാര സഹായവുമായി വോഡഫോണ്‍

പിരിച്ചു വിടുന്നവര്‍ക്ക് ഉദാര സഹായവുമായി വോഡഫോണ്‍

70 ഓളം എക്‌സിക്യൂട്ടീവുകള്‍ക്ക് ഇതുവരെ ‘സുവര്‍ണ ഹസ്തദാനം’ ലഭിച്ചു; ലെവല്‍ ഒന്നു മുതല്‍ നാല് വരെയുള്ള ജീവനക്കാര്‍ക്കാണ് കമ്പനിയുടെ സമ്മാനം ലഭ്യമാകുക

മുംബൈ: ഐഡിയ സെല്ലുലാറിന്റേയും വോഡഫോണ്‍ ഇന്ത്യയുടേയും ലയനാനന്തര കമ്പനിയില്‍ ഉള്‍പ്പെടുത്താനാവാത്ത തങ്ങളുടെ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നഷ്ടപരിഹാരതുക വാഗ്ദാനം ചെയ്ത് വോഡഫോണ്‍ രംഗത്തെത്തി. ലെവല്‍ ഒന്നു മുതല്‍ ലെവല്‍ നാല് വരെയുള്ള ജീവനക്കാര്‍ക്കാണ് കമ്പനിയുടെ ‘സുവര്‍ണ ഹസ്തദാനം’ ലഭ്യമാകുക. പ്രതിമാസ ശമ്പളവും സേവനമനുഷ്ഠിച്ച വര്‍ഷങ്ങളും തമ്മില്‍ ഗുണിച്ച് ലഭിക്കുന്ന തുകയാണ് മിക്ക ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുക. അധികാര ശ്രേണിയുടെ ഏറ്റവും ഉന്നതിയിലുള്ളവര്‍ ഉള്‍പ്പെടുന്നതാണ് ലെവല്‍ ഒന്നില്‍ എങ്കില്‍ മുതിര്‍ന്ന മാനേജര്‍മാരാണ് ലെവല്‍ നാലില്‍ പെടുന്നത്. ലയന കമ്പനിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മൊത്തം വോഡഫോണ്‍ ജീവനക്കാരുടെ എണ്ണത്തില്‍ കൃത്യതയില്ലെങ്കിലും 70 ഓളം എക്‌സിക്യൂട്ടീവുകള്‍ക്ക് ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചെന്നാണ് സൂചന.

ജീവനക്കാര്‍ പിരിഞ്ഞ് പോകുമ്പോള്‍ നല്‍കുന്ന വിരമിക്കല്‍ പാക്കേജാണ് യഥാര്‍ത്ഥത്തില്‍ ഗോള്‍ഡന്‍ ഹാന്‍ഡ്‌ഷെയ്ക് അഥവാ സുവര്‍ണ ഹസ്തദാനം. കമ്പനി വിലമതിക്കുന്ന മിടുക്കന്‍മാര്‍ക്ക് മാത്രമേ ഇത് നല്‍കാറുള്ളൂ. വോഡഫോണിന്റെ കാര്യത്തില്‍, അഞ്ച് വര്‍ഷം ജോലി ചെയ്ത ജീവനക്കാരന് പ്രതിമാസ വരുമാനം അഞ്ച് ലക്ഷം രൂപയുണ്ടായിരുന്നെങ്കില്‍ കമ്പനി 25 ലക്ഷം രൂപ വരെ നല്‍കും.

വോഡഫോണില്‍ നിന്നും ഐഡിയയില്‍ നിന്നും മികച്ച ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മഹത്തായ സ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോഡഫോണ്‍ വ്യക്തമാക്കി. ന്യായവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാനത്തില്‍ തൊഴിലിനായി മികച്ച വ്യക്തിയെ തെരഞ്ഞെടുക്കുക എന്ന നയമായിരിക്കും നിയമന കാര്യത്തില്‍ സ്വീകരിക്കുകയെന്നും കമ്പനി പ്രതികരിച്ചു. 440 ദശലക്ഷം വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരിക്കും ഐഡിയ-വോഡഫോണ്‍ ലയന ശേഷം രൂപം കൊള്ളാന്‍ പോകുന്നത്.

Comments

comments

Categories: Tech
Tags: Vodafone