ടോപ് 5 പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍

ടോപ് 5 പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍

ചെറിയ എന്‍ജിന്‍ ശേഷിയുള്ള നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ കഴിയും. ചെറിയ എന്‍ജിന്‍ നല്‍കിയ, മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്ന ധാരാളം മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. സ്‌കൂട്ടറുകളുടെ കാര്യവും ഇതുതന്നെ. ഹോണ്ട ഏവിയേറ്ററാണ് സ്‌പോര്‍ടി സ്‌കൂട്ടറുകള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറില്‍ എത്തിനില്‍ക്കുന്നു. സ്‌കൂട്ടറിന്റെ സുഖസൗകര്യങ്ങളും സ്‌പോര്‍ട്‌സ് ബൈക്കിന്റെ പെര്‍ഫോമന്‍സും നല്‍കുന്ന വാഹനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരം ചില പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ നോക്കാം.

ടിവിഎസ് എന്‍ടോര്‍ക്ക് 125  

അജാതശത്രുവാണ് ടിവിഎസ് എന്‍ടോര്‍ക്ക് എന്ന് പറയാം. മുന്നിലും പിന്നിലും ഇന്റഗ്രേറ്റഡ് എല്‍ഇഡികളാണ് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ ബോഡിയില്‍തന്നെയാണ് ഇന്‍ഡിക്കേറ്ററുകള്‍. പുതിയ എന്‍ജിനും സ്‌പോര്‍ടി സസ്‌പെന്‍ഷനുകളും ലഭിച്ച തികഞ്ഞ സ്‌പോര്‍ട്‌സ് സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക്. 125 സിസി, 3 വാല്‍വ് എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 9.4 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്ക് സ്പ്രിംഗുമാണ് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ ഭാരം അല്‍പ്പം കൂടുതലാണ്. 116 കിലോഗ്രാം. അതേസമയം ഹൈവേ സ്റ്റബിലിറ്റിയും കൂടുതല്‍ തന്നെ. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. പൂര്‍ണ്ണമായി കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ കണ്‍സോള്‍ ടിവിഎസ് എന്‍ടോര്‍ക്കിന്റെ പ്രത്യേകതയാണ്. കെടിഎം 390 ഡ്യൂക്കില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഈ ഡിജിറ്റല്‍ കണ്‍സോളില്‍ കാണാം. 59,687 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഹോണ്ട ഗ്രാസിയ  

ടിവിഎസ് എന്‍ടോര്‍ക്കിന്റെ തൊട്ടടുത്ത എതിരാളിയാണ് ഹോണ്ട ഗ്രാസിയ. മികച്ച രൂപകല്‍പ്പന, നിര്‍മ്മാണ മേന്മ, റിഫൈന്‍ ചെയ്ത എന്‍ജിന്‍ എന്നിവയില്‍ ഹോണ്ട ഗ്രാസിയ അഭിമാനിക്കുന്നു. ആറ് എല്‍ഇഡികളാണ് ഹെഡ്‌ലാംപില്‍ ഉള്‍പ്പെടുന്നത്. പാര്‍ക്കിംഗ് ലൈറ്റുകളും നല്‍കിയിരിക്കുന്നു. പിന്‍ഭാഗത്തും എല്‍ഇഡി ലൈറ്റുകളാണ്. 125 സിസി, 2 വാല്‍വ് എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 8.63 പിഎസ് കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 107 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം. സീറ്റിന്റെ ഉയരം അല്‍പ്പം കൂടുതലാണ്. 766 മില്ലി മീറ്റര്‍. ടെലിസ്‌കോപിക് ഫോര്‍ക്കുകളും സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) അധിക സുരക്ഷയാണ്. എന്നാല്‍ ഇത് ഡ്രം ബേക്കുകള്‍ വേരിയന്റില്‍ മാത്രമാണ് നല്‍കുന്നത്. സ്റ്റാന്‍ഡേഡ്, അലോയ്, ഡീലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഹോണ്ട ഗ്രാസിയ ലഭിക്കും. യഥാക്രമം 59,076 രൂപ, 61,007 രൂപ, 63,448 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അപ്രീലിയ എസ്ആര്‍ 125  

ടിവിഎസ് എന്‍ടോര്‍ക്ക് പോലെ ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിന്റെ പ്രത്യേകത. 125 സിസി, 2 വാല്‍വ് എന്‍ജിന്‍ 9.4 ബിഎച്ച്പി കരുത്തും 8.2 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പരമാവധി പവര്‍ ലഭിക്കണമെങ്കില്‍ 8,500 ആര്‍പിഎം കൈവരിക്കണം. മികച്ച കംഫര്‍ട്ട് സമ്മാനിക്കുന്നതാണ് ഇറ്റാലിയന്‍ കമ്പനിയുടെ ഈ സ്‌പോര്‍ടി ലുക്ക് സ്‌കൂട്ടര്‍. ഇരട്ട ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഫ്രണ്ട് സസ്‌പെന്‍ഷനെങ്കില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സ്പ്രിംഗാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ ഡുവല്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140 എംഎം ഡ്രം ബ്രേക്കും നല്‍കി. സ്‌കൂട്ടറിന് ഭാരം അല്‍പ്പം കൂടുതലാണ്. 122 കിലോഗ്രാം. സീറ്റ് ഉയരവും കൂടുതലാണ്. 775 മില്ലി മീറ്റര്‍. 65,310 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125  

സുഖമായി ഹൈവേ ടൂറിംഗ് നടത്താന്‍ പറ്റിയ ഒന്നാന്തരം സ്‌കൂട്ടറാണ് സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. റോഡിലെ ബംപുകളെയും കാറ്റിനെയും നിഷ്പ്രയാസം താണ്ടാനും തരണം ചെയ്യാനും കഴിയുന്ന റൈഡിംഗ് പൊസിഷന്‍, ഫെയറിംഗ് എന്നിവ നല്‍കിയിരിക്കുന്നു. 125 സിസി എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കും ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളും ഹൈഡ്രോളിക് സസ്‌പെന്‍ഷനും നല്‍കി. വലിയ ഫെയറിംഗ് നല്‍കിയപ്പോഴും സ്‌കൂട്ടറിന്റെ ഭാരം 108 കിലോഗ്രാം മാത്രമായി നിജപ്പെടുത്താന്‍ സുസുകിക്ക് കഴിഞ്ഞു. എന്നാല്‍ സീറ്റിന്റെ ഉയരം 780 മില്ലി മീറ്ററാണ്. ഉയരം കുറഞ്ഞവര്‍ക്ക് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയ്ല്‍ലൈറ്റുകളും സവിശേഷതയാണ്. സുസുകി ജിക്‌സര്‍ 150 മോട്ടോര്‍സൈക്കിളിനെ അനുസ്മരിപ്പിക്കുന്നതാണ് ഫുള്ളി ഡിജിറ്റല്‍ കണ്‍സോള്‍. 68,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

യമഹ റേ ഇസഡ്ആര്‍  

സെഗ്‌മെന്റിലെ ഏറ്റവും ചെറിയ സ്‌കൂട്ടറാണ് യമഹ റേ ഇസഡ്ആര്‍. എന്നാല്‍ നല്ല സ്‌കൂട്ടറും. ചെറിയ 113 സിസി, 2 വാല്‍വ് എന്‍ജിനാണ് യമഹ റേ ഇസഡ്ആര്‍ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 7 ബിഎച്ച്പി പവറും 5,000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 103 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം. മുന്നില്‍ ഡിസ്‌ക് ബ്രേക്കും ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ യൂണിറ്റ് സ്വിംഗും ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. ബല്‍ബ് ഹാലൊജനാണ്. അനലോഗ് കണ്‍സോളാണ് സ്‌കൂട്ടറില്‍ കാണുന്നത്. 53,451 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: scooter