നാല് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ബൈക്കുകള്‍

നാല് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ബൈക്കുകള്‍

തെരഞ്ഞെടുക്കാന്‍ മോട്ടോര്‍സൈക്കിളുകള്‍ നിരവധിയാണ്. മള്‍ട്ടി സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളും കാണാം

നാല് ലക്ഷം രൂപയില്‍ താഴെ ബജറ്റില്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ നിരവധിയാണ്. മള്‍ട്ടി സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ കാണാം. പണ്ട് ഈ സെഗ്‌മെന്റില്‍ പരിമിത എണ്ണം മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കഥ മാറി. നാല് ലക്ഷം രൂപയില്‍ താഴെ ഡെല്‍ഹി എക്‌സ് ഷോറൂം വില വരുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇനി പറയുന്നവയാണ്.

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 

ഉയര്‍ന്ന ടെയ്ല്‍, ഷാര്‍പ്പ് ഫെയറിംഗ് എന്നിവ കൂടി ചേര്‍ന്നതോടെ അഗ്രസീവ് സൂപ്പര്‍സ്‌പോര്‍ട് ഡിസൈന്‍ മോട്ടോര്‍സൈക്കിളായി മാറിയിരിക്കുകയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായും സൂപ്പര്‍സ്‌പോര്‍ട് ആണെന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് റൈഡിംഗ് പൊസിഷന്‍ പരിഗണിക്കുമ്പോള്‍. ഉയര്‍ന്ന ഹാന്‍ഡില്‍ബാര്‍, അല്‍പ്പം പിന്നിലേക്ക് നല്‍കിയ ഫൂട്ട് പെഗുകള്‍ എന്നിവ ഹൈ-സ്പീഡ് ക്രൂസിംഗ് സുഖകരമാക്കും. ലീന്‍ ആംഗിള്‍ ഡിഗ്രികള്‍ മികച്ചതാണ്. സീറ്റിന്റെ ഉയരം കുറഞ്ഞതും റൈഡര്‍മാര്‍ക്ക് ഇഷ്ടപ്പെടും. ഹൈവേകളില്‍ മാത്രമല്ല വളഞ്ഞുപുളഞ്ഞ പാതകളിലൂടെയും ആര്‍ആര്‍310 പാട്ടുംപാടി കുതിക്കും. ശരാശരി വേഗം, 0-60 കിമീ/മണിക്കൂര്‍ സമയം, ലാപ് ടൈമര്‍ മോഡ് എന്നിവ ഡിസ്‌പ്ലേ ചെയ്യുന്ന ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. ഹെഡ്‌ലൈറ്റ് പാസ് സ്വിച്ച് അമര്‍ത്തിയാല്‍ വാഹനത്തില്‍ കുതിക്കുമ്പോള്‍ തന്നെ ലാപ് ടൈമര്‍ മോഡിലേക്ക് മാറാം. ന്യൂമറിക് എന്‍ജിന്‍ ടെംപറേച്ചര്‍ ഗേജ്, കിറുകൃത്യമായ ഫ്യൂവല്‍ ഗേജ് എന്നീ ഫീച്ചറുകള്‍ സെഗ്‌മെന്റില്‍ ഇതാദ്യമാണ്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, ഓള്‍ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

വില : 2.23 ലക്ഷം രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)

പവര്‍ : 34 എച്ച്പി @ 9,700 ആര്‍പിഎം

ടോര്‍ക്ക് : 27.3 എന്‍എം @ 7,700 ആര്‍പിഎം

കെടിഎം 390 ഡ്യൂക്ക് 

ചെറിയ എന്‍ജിന്‍ ശേഷിയുള്ള പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ സംബന്ധിച്ച ഇന്ത്യക്കാരുടെ ധാരണകള്‍ തിരുത്തിക്കുറിച്ചാണ് 390 ഡ്യൂക്ക് കടന്നുവന്നത്. 2017 മോഡല്‍ 390 ഡ്യൂക്ക് പുറത്തിറങ്ങിയതോടെ ജനപ്രീതി വീണ്ടും വര്‍ധിച്ചു. 373 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 43.5 എച്ച്പി പവറും 37 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് സമയം മതി. ഏതാണ്ട് ഇരട്ടി എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്കാണ് ഇമ്മാതിരി ആക്‌സെലറേഷന്‍ സാധ്യമാകുന്നത്. 149 കിലോഗ്രാം മാത്രമാണ് കെടിഎം 390 ഡ്യൂക്കിന്റെ ഡ്രൈവെയ്റ്റ്. മികച്ച രീതിയില്‍ വാഹനം ബ്രേക്കിട്ട് നിര്‍ത്താന്‍ കഴിയും. 320 എംഎം ഫ്രണ്ട് ഡിസ്‌ക്കും റേഡിയലായി ഘടിപ്പിച്ച 4 പോട്ട് കാലിപറുമാണ്

ഇതിന് സഹായിക്കുന്നത്. സ്വിച്ചബിള്‍ ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കുന്നു. മുന്നിലെ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മികച്ച ഹാന്‍ഡ്‌ലിംഗ് ലഭിക്കുന്നതിന് സഹായിക്കും. റൈഡ് ബൈ വയര്‍ ത്രോട്ടില്‍, അഡ്ജസ്റ്റബിള്‍ ലിവറുകള്‍ എന്നിവ സവിശേഷതകളാണ്. സംഗീതം കേള്‍ക്കുന്നതിനും കോളുകള്‍ക്ക് മറുപടി നല്‍കുന്നതിനും മോട്ടോര്‍സൈക്കിളിലെ ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനലുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. സമാന പെര്‍ഫോമന്‍സുള്ള റേസി സൂപ്പര്‍സ്‌പോര്‍ട് വേര്‍ഷന്‍ വേണമെങ്കില്‍ ഏകദേശം ഇതേ വിലയില്‍ കെടിഎം ആര്‍സി 390 ലഭിക്കും.

വില : 2.42 ലക്ഷം രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)

പവര്‍ : 43.5 എച്ച്പി @ 9,000 ആര്‍പിഎം

ടോര്‍ക്ക് : 37 എന്‍എം @ 7,000 ആര്‍പിഎം

കാവസാക്കി നിന്‍ജ 300 

പ്രാദേശികമായി കൂടുതല്‍ പാര്‍ട്‌സുകളും വാഹനഘടകങ്ങളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാവസാക്കി നിന്‍ജ 300 ഇന്ത്യയില്‍ ഈയിടെയാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍നിന്ന് വാഹനഘടകങ്ങള്‍ ഉപയോഗിച്ചതോടെ മോട്ടോര്‍സൈക്കിളിന്റെ വില 62,000 രൂപയോളം കുറയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇരട്ട സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളിലൊന്നായി 2019 നിന്‍ജ 300 മാറി. കൂടാതെ പരിമിത കാലയളവില്‍ സൗജന്യമായി മൂന്ന് വര്‍ഷ / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി നല്‍കുന്നു. 296 സിസി, 4 സ്‌ട്രോക്ക്, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 39 എച്ച്പി പരമാവധി പവറും 27 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാവസാക്കിയുടെ ഇസഡ്എക്‌സ്-10ആര്‍ എന്ന ടോപ് സ്‌പെക് ലിറ്റര്‍ ക്ലാസ് സ്‌പോര്‍ട്‌സ് ബൈക്കില്‍ കാണുന്നതുപോലെ ഡുവല്‍ ത്രോട്ടില്‍ വാല്‍വുകള്‍ മോട്ടോറിന്റെ സവിശേഷതയാണ്. മുഴുവന്‍ റെവ് റേഞ്ചിലും ഇവ സുഗമമായ ത്രോട്ടില്‍ റെസ്‌പോണ്‍സ് പ്രദാനം ചെയ്യും. 6 സ്പീഡ് ട്രാന്‍സ്മിഷന് സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് ലഭിച്ചിരിക്കുന്നു. എംആര്‍എഫ് ടയറുകളാണ് പുതിയ നിന്‍ജ 300 ഉപയോഗിക്കുന്നത്. ‘ബേബി നിന്‍ജ’യില്‍ ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്.

വില : 2.98 ലക്ഷം രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)

പവര്‍ : 39 എച്ച്പി @ 11,000 ആര്‍പിഎം

ടോര്‍ക്ക് : 27 എന്‍എം @ 10,000 ആര്‍പിഎം

 

യമഹ വൈഇസഡ്എഫ്-ആര്‍3 

ഒരുപക്ഷേ കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന്റെ നേരിട്ടുള്ള എതിരാളിയായിരിക്കും ആര്‍3. യമഹയുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ (അല്‍പ്പം ഉയര്‍ന്ന) ഇരട്ട സിലിണ്ടര്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് ആര്‍3. 321 സിസി, പാരലല്‍ ട്വിന്‍ മോട്ടോറിലെ ഓരോ സിലിണ്ടറിനും നാല് വാല്‍വുകള്‍ വീതമുണ്ട്. എന്‍ജിന്‍ 42 എച്ച്പി പരമാവധി പവറും 29.6 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ നിന്‍ജയില്‍നിന്ന് വ്യത്യസ്തമായി മിഡ് റേഞ്ച് ആര്‍പിഎമ്മില്‍പ്പോലും നല്ല വലി വലിക്കും. കെടിഎം ആര്‍സി 390 പോലെ ട്രാക്ക് മെഷീനുമല്ല യമഹ ആര്‍3. സുഖപ്രദമായ സീറ്റിംഗ് പൊസിഷന്‍, കുറേക്കൂടി മൃദുവായ സസ്‌പെന്‍ഷന്‍ എന്നിവ ആര്‍3 മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. നഗരങ്ങളില്‍ റൈഡ് ചെയ്യുമ്പോഴും ഹൈവേകളില്‍ ക്രൂസിംഗ് നടത്തുമ്പോഴും വളഞ്ഞുപുളഞ്ഞ വഴികള്‍ താണ്ടുമ്പോഴും ഒന്നാന്തരം കൂട്ടുകാരനായിരിക്കും യമഹ വൈഇസഡ്എഫ്-ആര്‍3. റേസിംഗ് ബ്ലൂ, മാഗ്മ ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളോടെ 2018 മോഡല്‍ ആര്‍3 ഈയിടെ അവതരിപ്പിച്ചിരുന്നു. യൂറോ 4 (ബിഎസ് 4 ന് സമാനം) മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ നല്‍കിയെന്നതാണ് ഏറ്റവും പ്രധാന മാറ്റം. ഡുവല്‍ ചാനല്‍ എബിഎസ്, മെറ്റ്‌സെലര്‍ എം5 ടയറുകള്‍ എന്നിവ നല്‍കി.

വില : 3.48 ലക്ഷം രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)
പവര്‍ : 42 എച്ച്പി @ 10,750 ആര്‍പിഎം
ടോര്‍ക്ക് : 29.6 എന്‍എം @ 9,000 ആര്‍പിഎം

ബിഎംഡബ്ല്യു ജി 310 ജിഎസ് 

ബിഎംഡബ്ല്യു ജി 310 ആര്‍ മോട്ടോര്‍സൈക്കിളിന്റെ അഡ്വഞ്ചര്‍ വേരിയന്റാണ് ജി 310 ജിഎസ്. ബിഎംഡബ്ല്യു മോട്ടോറാഡ് ജര്‍മ്മനിയില്‍ വികസിപ്പിച്ച ബൈക്ക് ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് നിര്‍മ്മിച്ചത്. ഏറ്റവും ചെറിയ എന്‍ജിന്‍ ശേഷിയുള്ള ജിഎസ് മോട്ടോര്‍സൈക്കിളാണ് ജി 310 ജിഎസ്. ഫ്രണ്ട് ബീക്ക്, റേഡിയേറ്റര്‍ ഷ്രൗഡുകള്‍, ഹെഡ്‌ലൈറ്റ് കൗള്‍, ടാങ്ക് ഡിസൈന്‍ തുടങ്ങി ജിഎസ് കുടുംബത്തിന്റെ സ്‌റ്റൈലിംഗ് ബിഎംഡബ്ല്യു ജി 310 ജിഎസിന് ലഭിച്ചിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പോലെ, റിവേഴ്‌സ് സിലിണ്ടര്‍ ഡിസൈനുമായാണ് ജി 310 ജിഎസ് വരുന്നത്. സാധാരണ എന്‍ജിന്‍ ലേഔട്ടില്‍നിന്ന് വ്യത്യസ്തമായി പിന്‍ ചക്രത്തിലേക്ക് ചെരിഞ്ഞിരിക്കുന്നു. 313 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ (നാല് വാല്‍വുകളും ഡിഒഎച്ച്‌സി സിലിണ്ടര്‍ ഹെഡും സഹിതം) എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 34 എച്ച്പി പവറും 28 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച ബൈക്കില്‍ 5 സ്‌പോക് അലോയ് വീലുകളും ഡിസ്എന്‍ഗേജ് ചെയ്യാന്‍ കഴിയുന്ന ഡുവല്‍ ചാനല്‍ എബിഎസും നല്‍കിയിരിക്കുന്നു. 169.5 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ജി 310 ആര്‍ സഹോദരനിലേതുപോലെ ജി 310 ജിഎസിന് 41 എംഎം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് ലഭിച്ചിരിക്കുന്നു. അഡ്വഞ്ചര്‍ വേരിയന്റ് ആയതുകൊണ്ടുതന്നെ ജിഎസിന് 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയര്‍ വീലും നല്‍കി. മെറ്റ്‌സെലര്‍ ടയറുകളാണ് ഉപയോഗിക്കുന്നത്. ജിഎസിന് തീര്‍ച്ചയായും വില കൂടുതലാണ്. ബിഎംഡബ്ല്യു ജി 310 ജിഎസിന് തല്‍ക്കാലം എതിരാളികളില്ല. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇവനുമുന്നില്‍ വളരെ താഴെയാണ്. 4.69 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള കാവസാക്കി വേഴ്‌സിസ് എക്‌സ്-300 മുകളിലും.

വില : 3.49 ലക്ഷം രൂപ (ഇന്ത്യ എക്‌സ് ഷോറൂം)
പവര്‍ : 34 എച്ച്പി @ 9,500 ആര്‍പിഎം
ടോര്‍ക്ക് : 28 എന്‍എം @ 7,500 ആര്‍പിഎം

Comments

comments

Categories: Auto
Tags: Top bikes