നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു

നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച പുനരാരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തിയത്. ഇന്‍ഡിഗോ വിമാനമാണ് ആദ്യം റണ്‍വേയില്‍ ഇറങ്ങിയത്. ബുധനാഴ്ച രാത്രിയോടെ 33 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും 30 ഓളം വിമാനങ്ങള്‍ പുറപ്പെടുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും തുറക്കുന്നത്. 1000 പേര്‍ 24 മണിക്കൂറും കഠിനാധ്വാനം നടത്തിയാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കിയതെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് നെടുമ്പാശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിരുന്നു. കനത്ത മഴയില്‍ എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വിമാനത്താവളത്തിനു ചുറ്റുമുള്ള 2300 മീറ്റര്‍ ചുറ്റുമതില്‍ തകരുകയും ചെയ്തിരുന്നു.

റണ്‍വേ, ഏപ്രണ്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ലോഞ്ചുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്. മൂന്നൂറ് കോടിയോളം രൂപയുടെ നഷ്ടമാണ് വെള്ളപ്പൊക്കം മൂലം വിമാനത്താവളത്തിനുണ്ടായത്. ഈ മാസം ഇരുപതിനാരംഭിച്ച പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Comments

comments

Categories: Current Affairs