ഇസ്ലാമാബാദ് മെഡിക്കല്‍ സിറ്റി പദ്ധതിക്കായി എംബിഎഫ് ഗ്രൂപ്പ് കരാറില്‍ ഒപ്പുവെച്ചു

ഇസ്ലാമാബാദ് മെഡിക്കല്‍ സിറ്റി പദ്ധതിക്കായി എംബിഎഫ് ഗ്രൂപ്പ് കരാറില്‍ ഒപ്പുവെച്ചു

പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ സമഗ്ര മെഡിക്കല്‍ സിറ്റി പ്രൊജക്റ്റുമായി യുഎഇ കേന്ദ്രമാക്കിയ എംബിഎഫ് ഗ്രൂപ്പ്

ദുബായ്: യുഎഇ കേന്ദ്രമാക്കിയ എംബിഎഫ് ഗ്രൂപ്പ് പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ വമ്പന്‍ ഹെല്‍ത്ത്‌കെയര്‍ പദ്ധതി ലോഞ്ച് ചെയ്യും. ഇതിനായി 970 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ എംബിഎഫ് ഗ്രൂപ്പ് ഒപ്പുവെച്ചു. ഇബ്‌സ്‌ചെസ് ഹൗസിംഗ്, നിക്‌സണ്‍ എന്നിവരുമായാണ് കമ്പനി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 400 ബെഡ്ഡുകളുള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമെന്ന് എംബിഎഫ് ഗ്രൂപ്പ് സ്ഥാപകന്‍ ഷേഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസ്സിമി പറഞ്ഞു. മെഡിക്കല്‍ മാള്‍, തെറാപ്യൂട്ടിക്ക്, റിക്രിയേഷണല്‍ ഏരിയ, റീജണല്‍ കാര്‍ഡിയോളജി സെന്റര്‍, ഓര്‍ത്തോപീഡിക്ക് സെന്റര്‍ തുടങ്ങിയവയും പദ്ധതിയിലുണ്ടാകും.

മെഡിക്കല്‍ സിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി ഒരു നഴ്‌സിംഗ് കോളെജും ഉണ്ടാകുമെന്ന് എംബിഎഫ് ഗ്രൂപ്പ് മേധാവി വ്യക്തമാക്കി. പ്രതിമാസം ഒരു ദശലക്ഷം രോഗികള്‍ക്ക് സേവനമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്‍ ഖാസ്സിമി പറഞ്ഞു.

പാക്കിസ്ഥാനിലെ ജനസംഖ്യയിലെ വര്‍ധന കണക്കിലെടുത്ത് അത്യാധുനിക സൗകര്യങ്ങളുള്ള കൂടുതല്‍ ആശുപത്രികള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ സിറ്റിക്കായുള്ള നിക്ഷേപം ഇതിനോടകം തന്നെ 970 മില്ല്യണ്‍ ഡോളര്‍ കവിഞ്ഞു. മെഡിക്കല്‍ സിറ്റിയുമായി ബന്ധപ്പെട്ട 1,000ത്തോളം വരുന്ന മെഡിക്കല്‍, ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാരെ നിയന്ത്രിക്കുന്നത് എംബിഎഫ് ഗ്രൂപ്പ് തന്നെയായിരിക്കും. എന്നാല്‍ പാക്കിസ്ഥാന്‍ സ്വദേശികളായിരിക്കും ജീവനക്കാര്‍.

Comments

comments

Categories: Arabia