ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 23% വര്‍ധിച്ചു

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 23% വര്‍ധിച്ചു

ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് സിംഗപ്പൂരില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) 23 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. 12.75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്കൊഴുക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 10.4 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ രേഖപ്പെടുത്തിയ സ്ഥാനത്താണിതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

സേവനം, വ്യാപാരം, ടെലികോം, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍, ഊര്‍ജം തുടങ്ങിയവയാണ് ആദ്യ പാദത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയ പ്രധാന മേഖലകള്‍. സേവന മേഖല ഇക്കാലയളവില്‍ 2.43 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി. വ്യാപാര രംഗത്ത് 1.62 ബില്യണ്‍ ഡോളറിന്റെയും ടെലികോം മേഖലയില്‍ 1.59 ബില്യണ്‍ ഡോളറിന്റെയും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ 1.4 ബില്യണ്‍ ഡോളറിന്റെയും ഊര്‍ജ വിഭാഗത്തില്‍ 969 മില്യണ്‍ ഡോളറിന്റെയും പ്രത്യക്ഷ വിദേശ നിക്ഷേപമാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് സിംഗപ്പൂരില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 6.52 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സിംഗപ്പൂരില്‍ നിന്നും ഇക്കാലയളവില്‍ എത്തിയത്. മൗറീഷ്യസില്‍ നിന്നും 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ജപ്പാനില്‍ നിന്നും 874 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും നെതര്‍ലന്‍ഡ്‌സില്‍ നിന്നും 836 മില്യണ്‍ ഡോളര്‍ നിക്ഷേപവും ഇന്ത്യയിലേക്കെത്തി. യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 648 മില്യണ്‍ ഡോളിന്റെയും 348 മില്യണ്‍ ഡോളറിന്റെയും നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്.

ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയും വ്യാപാര കമ്മിയും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ശുഭസൂചനയാണ്. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.8 ശതമാനമായി കറന്റ് എക്കൗണ്ട് കമ്മി ഉയരുമെന്നാണ് എസ്ബിഐ റിസര്‍ച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44.85 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വര്‍ധനയാണ് (വെറും മൂന്ന് ശതമാനം) ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരുന്നത്.

Comments

comments

Categories: Business & Economy