പ്രളയം കേരളത്തിന്റെ ജിഡിപിയില്‍ 2.2 ശതമാനത്തോളം നഷ്ടമുണ്ടാക്കി

പ്രളയം കേരളത്തിന്റെ ജിഡിപിയില്‍ 2.2 ശതമാനത്തോളം നഷ്ടമുണ്ടാക്കി

1,725 കോടി രൂപയുടെ നഷ്ടമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് കണക്കാക്കപ്പെടുന്നത്

ന്യൂഡെല്‍ഹി: പ്രളയം സംസ്ഥാന ജിഡിപിയില്‍ 2.2 ശതമാനം നഷ്ടം വരുത്തിയതായി വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ധനക്കമ്മി 5.4 ശതമാനത്തിലേക്ക് ഉയരാന്‍ ഇത് കാരണമാകുമെന്നും റേറ്റിംഗ് ഏജന്‍സിയായ അക്യൂട്ട് റേറ്റിംഗിസിന്റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഓഗസ്റ്റ് എട്ട് മുതല്‍ 20 വരെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നാശനഷ്ടം നേരിട്ടുണ്ട്. പ്രളയത്തില്‍ 90,000 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകളും നൂറ് കണക്കിന് പാലങ്ങളും 50,000 ഏക്കര്‍ കൃഷിയും 10,000 വീടുകളും നശിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള വിവരം. മൊത്തം 35,000 കോടിയിലധികം രൂപയുടെ നാശ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. ഇത് സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതലാണ്.
അക്യൂട്ട് റേറ്റിംഗിസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏകദേശം 10,800 കോടി രൂപയുടെ നഷ്ടമാണ് പ്രളയം കാരണം ഉണ്ടാവുക. കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായം ഇല്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ധനക്കമ്മി 5.4 ശതമാനത്തിലധികമായി ഉയരുമെന്നും അക്യൂട്ട് റേറ്റിംഗ്‌സ് നിരീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.2 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ ധനക്കമ്മി.
അടിസ്ഥാനസൗകര്യ രംഗത്തും കാര്‍ഷിക രംഗത്തും ഉണ്ടായ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തെ ടൂറിസം, കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസം മേഖല മാത്രം സംഭാവന ചെയ്യുന്നത് പത്ത് ശതമാനത്തോളമാണ്. റബ്ബര്‍, തേയില, കുരുമുളക്, ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ വ്യവസായ മേഖലകളില്‍ 1,200 കോടി രൂപയിലധികം നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.
പ്രളയം കാരണമുണ്ടായ നഷ്ടകണക്കുകളുടെ മേഖല തിരിച്ചുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കിയിട്ടുള്ളത് റിയല്‍റ്റി മേഖലയിലാണ്. 1,725 കോടി രൂപയുടെ നഷ്ടമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏജന്‍സി കണക്കാക്കിയിട്ടുള്ളത്. കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലുമായി 1,216 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്- 657 കോടി രൂപ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്- 549 കോടി രൂപ, ഹോട്ടല്‍ ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ്- 161 കോടി രൂപ, ഖനനം-75 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: GDP, Kerala flood