പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടും: ജയ്റ്റ്‌ലി

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടും: ജയ്റ്റ്‌ലി

ഭക്ഷ്യേതര വിഭാഗത്തില്‍ നിന്നുള്ള വായ്പയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 11.8 ശതമാനം വര്‍ധനയാണുണ്ടായത്

ന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍ വില വര്‍ധനയും ആഗോള വ്യാപാര യുദ്ധം സംബന്ധിച്ച അനിശ്ചിതത്വങ്ങളും വെല്ലുവിളിയാകുന്നുണ്ടെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അടുത്ത വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ യുകെയെ മറികടന്നുകൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. മുംബൈയില്‍ നടന്ന ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ത്യജിക്കുന്നത് അഭികാമ്യമല്ലെന്നാണ് ജയ്റ്റ്‌ലി പറയുന്നത്. നികുതി വരുമാനവും നികുതിദായകരുടെ എണ്ണവും വര്‍ധിച്ചതിന്റെ ഫലമായി അടിസ്ഥാനസൗകര്യ മേഖലയിലെ സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ ബാങ്കിംഗ് മേഖലയിലെ വായ്പാ വളര്‍ച്ചയിലുണ്ടായ പുരോഗതി സാമ്പത്തിക പ്രകടനങ്ങള്‍ മെച്ചപ്പെടുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷ്യേതര വിഭാഗത്തില്‍ നിന്നുള്ള വായ്പയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 11.8 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 6.8 ശതമാനം വളര്‍ച്ച അനുഭവപ്പെട്ട സ്ഥാനത്താണിത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ബാങ്കിംഗ് മേഖല സുപ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്നതായും ജയ്റ്റ്‌ലി പറഞ്ഞു. പ്രൊഫഷണലിസവും വിശ്വാസ്യതയും വിപുലീകരണ ശ്രമങ്ങളുംമ മുറുകെ പിടിക്കാന്‍ ബാങ്കിംഗ് രംഗം ബാധ്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. 2016-2017 സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സ്വകാര്യ നിക്ഷേപത്തിലും ഉപഭോക്തൃ ഉപഭോഗത്തിലും ഉണ്ടായ ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച ഇടിയാന്‍ കാരണമായത്. എന്നാല്‍ ഇക്കാലയളവിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 7.7 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഏഴ് പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.
സര്‍ക്കാര്‍ ചെലവിടലും നിക്ഷേപവും വര്‍ധിച്ചതാണ് മാര്‍ച്ച് പാദത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സഹായിച്ചത്. ലോക ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: economy