ജനസംഖ്യാ നിയന്ത്രണത്തില്‍ ചൈന തീരുമാനം മാറ്റുന്നു

ജനസംഖ്യാ നിയന്ത്രണത്തില്‍ ചൈന തീരുമാനം മാറ്റുന്നു

ഏകദേശം നാല് പതിറ്റാണ്ടിലെത്തിയിരിക്കുന്ന ചൈന ജനന നിയന്ത്രണ നയം നടപ്പില്‍ വരുത്തിയിട്ട്. 1979-ലാണ് ചൈന, ഒറ്റ കുട്ടി നയം നടപ്പിലാക്കിയത്. പിന്നീട് 2016-ല്‍ ഈ നയം അല്‍പം പരിഷ്‌കരിച്ച് ‘രണ്ട് കുട്ടികള്‍ നയ’മാക്കി. എന്നാല്‍ ഈ നയം ചൈനയെ വലിയൊരു സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിലേക്കാണു നയിക്കുന്നതെന്നു ഭരണകൂടം മനസിലാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നയം തിരുത്താനുള്ള ശ്രമത്തിലാണു ചൈനീസ് ഭരണകൂടമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.

 

ജനസംഖ്യാവിസ്‌ഫോടനത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമം തുടരുമ്പോഴും, പതിറ്റാണ്ടുകളോളം പിന്തുടര്‍ന്ന ‘രണ്ട് കുട്ടികള്‍ നയം’ (two-child policy) ഉപേക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിക്കുകയാണു ചൈന. പ്രസ്തുത നയം അനുസരിച്ച്, ഇപ്പോള്‍ ചൈനയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആവാം. 1979 മുതല്‍ 2016 വരെയുള്ള കാലത്ത് ചൈനീസ് ഭരണകൂടത്തിന്റെ നയം ഒരു കുട്ടി എന്ന നിലയിലുമായിരുന്നു. 2016-ലാണ് രണ്ട് കുട്ടികള്‍ നയം നടപ്പില്‍ വരുത്തിയത്. ഇപ്പോള്‍, ചൈനയില്‍ രണ്ടിലധികം കുട്ടികളുണ്ടാവുകയെന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യാന്‍ പോവുകയാണു ചൈന. ജനന നിയന്ത്രണം സംബന്ധിച്ച ഒരു കരട് സിവില്‍ കോഡിനെ ഉദ്ധരിച്ചു കൊണ്ട് തിങ്കളാഴ്ച ചൈനയുടെ ഭരണകൂടത്തിന്റെ കീഴിലുള്ള പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതിയ നയം, കുട്ടികളുടെ എണ്ണത്തിന്റെ പരിധി ഉയര്‍ത്തുമോ അല്ലെങ്കില്‍ കുട്ടികളുടെ എണ്ണത്തില്‍ പരിധി വേണ്ടെന്ന നിലപാട് സ്വീകരിക്കുമോ എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നില്ല. ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈയാഴ്ച കരട് സിവില്‍ കോഡ് ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020-ാടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുമെന്നും സൂചനയുണ്ട്. ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണു ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം 1979-ല്‍ ഒരു കുട്ടി നയം (one-child policy) നടപ്പിലാക്കിയത്. പിന്നീട് 2016-ല്‍ ഈ നയം പരിഷ്‌കരിച്ച് ‘രണ്ട് കുട്ടികള്‍ നയ’മാക്കി. എങ്കിലും ജനനനിരക്ക് പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. എന്നാല്‍ ഈ നയം ചൈനയുടെ തൊഴില്‍സേനയെ ബാധിക്കുമെന്നു മനസിലാക്കിയതോടെ ആശങ്കയ്ക്കു കാരണമായി തീര്‍ന്നു. തൊഴില്‍സേനയില്‍ ഭൂരിഭാഗവും വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്കു ദോഷകരമാണ്. മാത്രമല്ല, ജനന നിയന്ത്രണത്തെ തുടര്‍ന്ന് രൂപപ്പെട്ട ലിംഗപരമായ അസന്തുലിതാവസ്ഥ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നു ചൈന മനസിലാക്കി. ചൈനയില്‍ ജനന നിയന്ത്രണ നയങ്ങളില്‍ ഭരണകൂടം മാറ്റം വരുത്തുമെന്ന വിധത്തില്‍ സമീപകാലത്ത് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ വാര്‍ത്ത പ്രചരിക്കാനും കാരണമുണ്ടായിരുന്നു.ചൈനീസ് കലണ്ടര്‍ പ്രകാരം 2019 വര്‍ഷം Year of the Pig ആണ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാംപില്‍ രണ്ട് പന്നികളും, മൂന്ന് പന്നിക്കുട്ടികളും ഉള്‍പ്പെടുന്ന പന്നി കുടുംബത്തിന്റെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയത്. ഇതാണു ജനന നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സൂചനയാണെന്ന വിധം റിപ്പോര്‍ട്ട് പ്രചരിക്കാന്‍ കാരണമായി തീര്‍ന്നത്. നേരത്തേ, 2016-ല്‍ രണ്ട് കുട്ടികള്‍ നയം പ്രഖ്യാപിക്കുന്നതിനു മുമ്പ് ചൈന പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാംപില്‍ രണ്ട് കുട്ടിക്കുരങ്ങന്മാരുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്. ഡൈവോഴ്‌സ് ചെയ്യാന്‍ തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് മൂന്നു മാസം ‘ശാന്ത കാലഘട്ട’മായി (calm-down period) നല്‍കണമെന്നു കഴിഞ്ഞ മാസം ചൈനയിലെ ഉന്നത കോടതി ഉത്തരവിട്ടിരുന്നു. ഇതിലൂടെ അവരുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള അവസരമാണ് അവര്‍ക്ക് കോടതി നല്‍കിയത്. വിവാഹിതരാകുന്നവര്‍ക്കു ചൈനയിലെ പ്രവിശ്യാ സര്‍ക്കാരുകള്‍ പണം സബ്‌സിഡിയായി നല്‍കുമെന്ന വാഗ്ദാനവും നല്‍കി.

ഒരു കുട്ടി മാത്രം പോരാ

1979 മുതലാണ് ചൈനയില്‍ ഒറ്റ കുട്ടി നയം നടപ്പിലാക്കിയത്. ഈ തീരുമാനം ഏറെ വിവാദം ക്ഷണിച്ചു വരുത്തിയ ഒന്നുകൂടിയായിരുന്നു. 1978ല്‍ ഡെങ് സിയാവോയുടെ നേതൃത്വത്തില്‍ 11-ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനമാണ് ഈ നയത്തിന് ആധാരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 1950-കളില്‍ തന്നെ ഒറ്റ കുട്ടി നയം കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമം ചൈനയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ 1959 മുതല്‍ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.
ഒറ്റ കുട്ടി നയത്തെ തുടര്‍ന്നു നിരവധി ഗര്‍ഭിണികള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകേണ്ടി വന്നു. മറ്റ് ചിലര്‍ക്കു നിയമം ലംഘിച്ചതിന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാല്‍ ഇത്തരം കാര്‍ക്കശ്യം നിറഞ്ഞ നയത്തിലൂടെ ചൈനയ്ക്ക് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. തൊഴില്‍രംഗത്തെ ജീവനക്കാര്‍ ഇന്ന് ഭൂരിഭാഗവും വാര്‍ധക്യത്തിലെത്തിയവരാണ്. യുവതീ, യുവാക്കള്‍ക്കാകട്ടെ, അവരുടെ മാതാപിതാക്കളെയും മുത്തച്ഛന്മാരേയും മുത്തശിമാരേയും പരിചരിക്കേണ്ട, പിന്തുണയ്‌ക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. 2017-ലെ കണക്ക് അനുസരിച്ച്, ചൈനയിലെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് (പ്രത്യുല്‍പാദന നിരക്ക്) ഒരു സ്ത്രീക്ക് 1.6 കുട്ടികളെന്ന നിലയിലാണ്. ജനസംഖ്യ ഒരേനിലയിലുള്ള അവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമുള്ള 2.1 എന്ന അനുപാതത്തിനും താഴെയാണിത്. ഒറ്റ കുട്ടി നയത്തിലൂടെ ചൈന തടഞ്ഞത് 40 കോടി ജനനങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒറ്റ കുട്ടി നയം 2016-ല്‍ ചൈന പരിഷ്‌കരിച്ചെങ്കിലും, അത് ഫലപ്രദമായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ചൈനയിലെ നഗരവല്‍കൃത മധ്യവര്‍ഗം പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ കുറഞ്ഞ ജനന നിരക്ക് മതിയെന്നു തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ഇതിനൊരു കാരണമാണ്. നഗരങ്ങളില്‍ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുകയെന്നത് വളരെ ചെലവേറിയ കാര്യമാണ്. ഭൂരിഭാഗം മാതാപിതാക്കള്‍ക്കും ഈ ചെലവ് താങ്ങാന്‍ സാധിക്കുന്നില്ല. അതു കൊണ്ടു തന്നെ കുട്ടികള്‍ വേണ്ടെന്ന നിലപാട് എടുക്കുന്നവരും കുറവല്ല അവിടെ.

 

ചൈനയുടെ രണ്ട് കുട്ടികള്‍ നയം: പ്രതീക്ഷയോടെ തായ് ഹോസ്പിറ്റലുകള്‍

തായ്‌ലാന്‍ഡിലെ സ്വകാര്യ ആശുപത്രികള്‍ ചൈനയുടെ ‘രണ്ട് കുട്ടികള്‍ നയ’ത്തെ ഏറെ പ്രതീക്ഷയോടെയാണു നോക്കി കാണുന്നത്. നയം നടപ്പിലാവുകയാണെങ്കില്‍ ചൈനയില്‍നിന്നും നിരവധി ദമ്പതികള്‍ ഫെര്‍ട്ടിലിറ്റി സേവനങ്ങള്‍ക്കായി തായ്‌ലാന്‍ഡിലെത്തുമെന്നാണു കരുതുന്നത്. ഇങ്ങനെയെത്തുന്നവര്‍ വരും വര്‍ഷങ്ങളില്‍ ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി ബില്യന്‍ കണക്കിനു ഡോളറുകള്‍ ചെലവഴിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. വിട്രോ ഫെര്‍ട്ടിലൈസേഷനായി ബാങ്കോങിലുള്ള ഒരു സ്വകാര്യ ആശുപത്രി പുതിയ വാര്‍ഡ് തന്നെ നിര്‍മിക്കുകയുണ്ടായി.

Comments

comments

Categories: World