ഡ്രൈവറില്ലാ കാര്‍ ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തി

ഡ്രൈവറില്ലാ കാര്‍ ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തി

ടോക്യോ: തിങ്കളാഴ്ച സെന്‍ട്രല്‍ ടോക്യോയിലെ തിരക്കേറിയ നിരത്തിലൂടെ ഡ്രൈവറില്ലാ കാര്‍, യാത്രക്കാരെയും വഹിച്ചു വിജയകരമായി ഓട്ടം നടത്തി. 5.3 കിലോമീറ്റര്‍ ദൂരത്തിലാണ് ഓടിയത്. 2020 ഒളിംപിക്‌സിനു വേദിയാവുകയാണ് ടോക്യോ. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെയും കായികതാരങ്ങളെയും അവര്‍ താമസിക്കുന്ന കേന്ദ്രങ്ങളെയും ഒളിംപിക്‌സ് വേദിയെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടു ഡ്രൈവറില്ലാ കാറുകള്‍ക്കു സര്‍വീസ് നടത്താനാകുമെന്ന പ്രതീക്ഷ ഇതോടെ കൈവന്നിരിക്കുകയാണ്.

തിങ്കളാഴ്ച പരീക്ഷണ ഓട്ടം നടത്തിയ വാഹനം വികസിപ്പിച്ചെടുത്തത് ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ട് നിര്‍മാതാക്കളായ ZMP ആണ്. ഈ വാഹനം ഏറ്റെടുത്ത് സര്‍വീസ് നടത്തുന്നത് ടാക്‌സി കമ്പനിയായ ഹിനോമാരു കോട്‌സുവാണ്.

പ്രതിദിനം മടക്ക യാത്രകള്‍ ഉള്‍പ്പെടെ, നാലു ട്രിപ്പുകള്‍ മാത്രമേ ടാക്‌സി ഇപ്പോള്‍ നടത്തുന്നുള്ളൂ. റിസര്‍വേഷന്‍ ഓണ്‍ലൈനില്‍ നടത്താനുള്ള സൗകര്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ട്രിപ്പ് ഒരു ദിശയില്‍ മാത്രം സഞ്ചരിക്കുന്നതിന് 1,500 യെന്‍(13.5 ഡോളര്‍) ആണ് വാടക. ട്രിപ് ആരംഭിക്കാനും വാടക തുക അടയ്ക്കാനും യാത്രക്കാര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും. ടോക്യോ നഗരം 2020 ല്‍ ഒളിംപിക്‌സിന് വേദിയാവുന്ന സമയത്ത് ടാക്‌സി സര്‍വീസ് വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓപറേറ്റര്‍മാര്‍.

Comments

comments

Categories: World