പേടിഎമ്മില്‍ നിക്ഷേപിച്ച് ബഫറ്റ്; 25 ബില്യണ്‍ ഓഹരികള്‍ വാങ്ങി

പേടിഎമ്മില്‍ നിക്ഷേപിച്ച് ബഫറ്റ്; 25 ബില്യണ്‍ ഓഹരികള്‍ വാങ്ങി

ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹതാവേ 356 ദശലക്ഷം ഡോളര്‍ മുടക്കിയെന്ന് വിപണി വൃത്തങ്ങള്‍; ഹതാവേയുടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ടോഡ് കോംബ്‌സിനെ പേടിഎം ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമാക്കി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പണമിടപാട് ബിസിനസിലേക്ക് ചുവടുവെച്ച പ്രമുഖ അമേരിക്കന്‍ വ്യവസായിയായ വാറന്‍ ബഫറ്റ് ഇന്ത്യന്‍ കമ്പനിയായ പേടിഎമ്മില്‍ വമ്പന്‍ നിക്ഷേപം നടത്തി. ഡിജിറ്റല്‍ പേമെന്റ് രംഗത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയായ പേടിഎമ്മിന്റെ 25 ബില്യണ്‍ ഓഹരികളാണ് ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെര്‍ക്ക്‌ഷെയര്‍ ഹതാവേ സ്വന്തമാക്കിയത്. 356 ദശലക്ഷം ഡോളറാണ് കമ്പനി ഇതിനായി മുടക്കിയതെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പേടിഎമ്മിന് 10 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ബഫറ്റിന്റെ കമ്പനി കണക്കാക്കിയത്. ഇതോടെ പേടിഎമ്മില്‍ നിര്‍ണായക നിക്ഷേപമുള്ള വ്യക്തികളിലൊരാളായി അമേരിക്കന്‍ കോടിപതി മാറി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് നടത്തിയ നിക്ഷേപത്തെ കവച്ചു വെക്കുന്നതാണ് ബഫറ്റിന്റെ നിക്ഷേപമെന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പ്രതികരിച്ചു. ഇടപാട് തുക വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം പേടിഎമ്മിന്റെ 20 ശതമാനം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വാങ്ങിയിരുന്നു. കമ്പനിക്ക് ഏഴ് ബില്യണ്‍ ഡോളര്‍ മൂല്യമാണ് അന്ന് വിലയിട്ടിരുന്നത്. ഇതില്‍ നിന്നും മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യവര്‍ധനയാണ് പേടിഎമ്മിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

2010 ല്‍ സ്ഥാപിതമായ പേടിഎമ്മില്‍ ഇനി ബഫറ്റിന് നിര്‍ണായക സ്വാധീനം ഉണ്ടാവുമെന്ന സൂചന നല്‍കി ബെര്‍ക്ക്‌ഷെയര്‍ ഹതാവേയുടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ടോഡ് കോംബ്‌സിനെ പേടിഎം ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്. പേടിഎമ്മിന്റെ വിജയകഥ ഏറെ പ്രേരണ നല്‍കുന്നതാണെന്ന് കോംബ്‌സ് പ്രതികരിച്ചു. ഇന്ത്യയിലെ പേമെന്റ്, ധനകാര്യ സേവനങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സില്‍ ചൈനീസ് കമ്പനിയായ ആലിബാബയും ആന്റ് ഫിനാന്‍ഷ്യലും നിര്‍ണായകമായ നിക്ഷേപം നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. 40 ശതമാനം ഓഹരികളാണ് ഈ കമ്പനികള്‍ക്ക് സംയുക്തമായുള്ളത്.

ഹതാവെയുടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പേമെന്റ് വ്യവസായത്തിന്റെ സാധ്യതകളെപ്പറ്റി വാറന്‍ ബഫറ്റ് വാചാലനായിരുന്നു. വലിയ കളിക്കാര്‍ ഈ വ്യവസായത്തിലേക്ക് കടന്നു വരുന്നുണ്ടെന്നും ഇത് മേഖലയെ ആകെ മാറ്റി മറിക്കുമെന്നുമാണ് ബഫറ്റ് അഭിപ്രായപ്പെട്ടത്. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റിന് പ്രിയം കൂടിയതാണ് മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ പേടിഎമ്മിലേക്ക് ബഫറ്റിനെ ആകര്‍ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുന്നേറ്റം നടത്താന്‍ ബഫറ്റിന്റെ പിന്തുണ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പേടിഎം. 50 കോടി ഇന്ത്യക്കാരെ ഡിജിറ്റല്‍ പേമെന്റിലേക്ക് എത്തിക്കാനുള്ള ലക്ഷ്യം നേടിയെടുക്കാനാകുമെന്ന് വിജയ് ശേഖര്‍ ശര്‍മ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Business & Economy, Slider
Tags: Buffet, PayTM