തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ബാങ്കിംഗ് ഇതര ധനകാര്യ മേഖല

തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ബാങ്കിംഗ് ഇതര ധനകാര്യ മേഖല

ഒരു വര്‍ഷത്തിനകം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ 35 മുതല്‍ 40 ശതമാനം തൊഴില്‍ ശക്തി വിപുലീകരിക്കാന്‍ സാധ്യത; കിട്ടാക്കടങ്ങളുമായി മല്ലടിക്കുന്ന ബാങ്കുകളുടെ അവസരങ്ങള്‍ എന്‍ബിഎഫ്‌സികള്‍ ലക്ഷ്യമിടുന്നു

 

മുംബൈ: വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) 35 മുതല്‍ 40 ശതമാനം തൊഴില്‍ ശക്തി വിപുലീകരിക്കാന്‍ സാധ്യതയുള്ളതായി വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു. ബാങ്കുകള്‍ നിഷ്‌ക്രിയാസ്തികള്‍ മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ പാടുപെടുന്ന സാഹചര്യത്തില്‍ ബാങ്കിംഗ് അല്ലാത്ത ഉപഭോക്തൃ അടിത്തറയുള്ള എന്‍ബിഎഫ്സികള്‍ക്ക് ഈ മേഖലയിലെ വളര്‍ച്ചയെ നയിക്കുന്നതിനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. മികച്ച വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടാം നിര നഗരങ്ങളില്‍ വില്‍പ്പന, നിക്ഷേപ ശേഖരണം എന്നീ മേഖലകളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തിലാണ് ബാങ്കുകള്‍. അതേസമയം ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് റിക്രൂട്ട്മെന്റെ് സേവനങ്ങള്‍ നല്‍കുന്ന ടീം ലീസിന്റെ മേധാവി അജയ് ഷാ പറഞ്ഞു. ബാങ്കിംഗ് അല്ലാത്ത ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാനുള്ള കഴിവാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. മേഖലയിലെ നവീകരണവും വളര്‍ച്ചയും പി ടു പി (പിയര്‍ ടു പിയര്‍ ) വായ്പാ പ്ലാറ്റ്ഫോമുകള്‍ പോലുള്ള ബിസിനസ് മാതൃകള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 35-50 ശതമാനം തൊഴില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അര്‍ദ്ധ നഗരങ്ങളിലും ഗ്രാമീണ വിപണികളിലേക്കുമുള്ള എന്‍ബിഎഫ്‌സികളുടെ കടന്നു കയറ്റം, രണ്ടാം നിര നരങ്ങള്‍ മുതല്‍ നാലാം നിര നഗരങ്ങളില്‍ വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തുടക്കക്കാര്‍ മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും നേട്ടമുണ്ടാകും,’ അജയ് വ്യക്തമാക്കി.

ഉപഭോക്തൃ സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, വായ്പ, ധന ശേഖരണം തുടങ്ങിയ മേഖലയിലാണ് ഉയര്‍ന്ന തൊഴിലാളി ആവശ്യകതയുള്ളത്. മികച്ച ഗുണനിലവാരമുള്ള ആളുകളെ തെരഞ്ഞെടുക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈബര്‍ സുരക്ഷ, വിവര സുരക്ഷ എന്നിവയാണ് ശ്രദ്ധചെലുത്തേണ്ട മറ്റ് വിഭാഗങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാങ്കിംഗ് ഇതര ധനകാര്യ മേഖല ഏതാണ്ട് 2,50,000 നും മൂന്ന് ലക്ഷത്തിനും അടുത്ത് തൊഴില്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നതെന്നാണ് സ്റ്റാഫിംഗ് കമ്പനിയായ എക്സ്ഫെനോയുടെ സഹ സ്ഥാപകനായ കമല്‍ കരന്തും പറഞ്ഞു.

Comments

comments

Categories: Banking, Slider
Tags: Bnaking