വാറന്‍ ബഫറ്റിന്റെ നിക്ഷേപം പേടിഎം സ്ഥിരീകരിച്ചു

വാറന്‍ ബഫറ്റിന്റെ നിക്ഷേപം പേടിഎം സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: നിക്ഷേപ സാമ്രാജ്യത്തിലെ മാന്ത്രികനായ വാറന്‍ ബഫറ്റുമായുള്ള ഇടപാട് പേടിഎം   മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് സ്ഥിരീകരിച്ചു. പേടിഎമ്മിന്റെ യാത്രയ്ക്കായി ആഗോള നിക്ഷേപകനായ ബഫറ്റില്‍ നിന്ന് അംഗീകാരം ലഭിച്ചുവെന്നും ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ ചരിത്രത്തിന് ഇത് വഴിയൊരുക്കുമെന്നും കമ്പനി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎം 2000-2500 കോടി രൂപ വരെ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. നിക്ഷേപം സംബന്ധിച്ചുള്ള സ്ഥിരീകരണം ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാതവേ തിങ്കളാഴ്ച വൈകുന്നേരം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇടപാടിന്റെ വിശദാംശങ്ങള്‍ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല.

നിക്ഷ്പത്തോടൊപ്പം ബെര്‍ക്ഷയറിലെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായ ടോഡ് കോംപ്‌സ് പേടിഎമ്മിന്റെ എട്ടംഗ ബോര്‍ഡിലേക്കെത്തും. ഗൂഗിള്‍ സെര്‍ച്ച് ബിസിനസിന്റെ മുന്‍ മേധാവിയായിരുന്ന അമിത് സിംഗാളിന് പകരക്കാരനായാണ് ബോര്‍ഡിലേക്ക് കോംപ്‌സ് എത്തുന്നത്.

ബാങ്ക് ഓഫ് അമേരിക്ക, ഗോള്‍ഡ്മാന്‍ സാച്‌സ്, വെല്‍സ് ഫാര്‍ഗൊ തുടങ്ങി ലോകത്തിലെ വന്‍കിട സാമ്പത്തിക സേവന കമ്പനികളില്‍ ബെര്‍ക്‌ഷെയറിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Business & Economy, Slider