സ്‌പോടണിനെ സ്വന്തമാക്കി സമാര കാപ്പിറ്റല്‍

സ്‌പോടണിനെ സ്വന്തമാക്കി സമാര കാപ്പിറ്റല്‍

മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സമാര കാപ്പിറ്റല്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പോടണ്‍ ലോജിസ്റ്റിക്‌സിനെ ഏറ്റെടുത്തു. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇന്ത്യ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സില്‍ നിന്ന് 100 ദശലക്ഷം ഡോളറിനാണ് സമാര സ്‌പോടണിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. ഈഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസായിരുന്നു ഇടപാടില്‍ ഇരു കമ്പനികളുടെയും ഉപദേശകര്‍. സ്‌പോടണിന്റെ സേവനം എയര്‍ എക്‌സ്പ്രസ്, മൂന്നാം കക്ഷി ലോജിസ്റ്റിക്‌സ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ സമാര കാപ്പിറ്റലിന് പദ്ധതിയുണ്ട്.

ഇന്ത്യ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് നെതര്‍ലാന്റ്‌സ് ആസ്ഥാനമായ ലോജിസ്റ്റിക്‌സ് കമ്പനിയായ ടിഎന്‍ടിയുടെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌പോടണ്‍ ആദ്യ കാലത്ത് സ്റ്റാര്‍ട്രക് ലോജിസ്റ്റിക്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയില്‍ മൂന്നു റീജിയണല്‍ ഓഫീസുകളും 11 ഹബ്ബുകളും 8 ഡെപോസ്റ്റുകളുമുള്ള കമ്പനിക്ക് 1,000 ലധികം ജീവനക്കാരുടെ ശൃംഖലയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ബിസിനസ് ടു ബിസിനസ് മാതൃകയിലുള്ള കമ്പനി ഹൈ-ടെക്, ഓട്ടോമൊബീല്‍, എന്‍ജിനീയറിംഗ്, ഫാര്‍സ്യൂട്ടിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ലൈഫ്‌സ്റ്റൈല്‍, റീട്ടെയ്ല്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കാണ് ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്നത്. ഇന്ത്യയിലെ 20,000 പിന്‍കോഡുകളിലായി ഏകദേശം 2,000 ഉപഭോക്താക്കള്‍ക്ക് കമ്പനി സേവനം നല്‍കുന്നുണ്ട്. ഡെറ്റ് വിമുക്ത കമ്പനിയായ സ്‌പോടണിന് 600 കോടി രൂപയുടെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Comments

comments

Categories: Business & Economy