മിയാലിന്റെ ഓഹരികള്‍ക്കായി കടുത്ത മത്സരം

മിയാലിന്റെ ഓഹരികള്‍ക്കായി കടുത്ത മത്സരം

ബിഡ് വെസ്റ്റ് സര്‍വീസിന്റെ 13.5 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്; അണിനിരക്കുന്നത് പ്രമുഖ സ്വകാര്യ ഇക്വിറ്റി കമ്പനികളും വിമാനത്താവള നിയന്ത്രാതാക്കളും

മുംബൈ: മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (മിയാല്‍) 13.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളും വിമാനത്താവള നിയന്ത്രാതാക്കളും സജീവമായി രംഗത്തെത്തി. ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സേവന വ്യാപാര വിതരണ സ്ഥാപനമായ ബിഡ് വെസ്റ്റ് സര്‍വീസിന്റെ പക്കലുള്ള ഓഹരികളാണ് വില്‍ക്കുന്നത്. 2,100-2,500 കോടി രൂപയിലേക്ക് ഇടപാടിന്റെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. 2011 ഒക്‌റ്റോബറില്‍ തങ്ങളുടെ പക്കലുള്ള 13.5 ശതമാനം ഓഹരികള്‍ ബിഡ് വെസ്റ്റ് ഇന്ത്യന്‍ പ്രൊമോട്ടറായ ജിവികെക്ക് വിറ്റിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ശേഷിക്കുന്ന ഓഹരികളും കൈമാറാന്‍ നീക്കം നടക്കുന്നത്.

സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോണ്‍, ടിപിജി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്, ബ്രൂക്ക് ഫീല്‍ഡ്, ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പ്, ദുബായ് എയര്‍പോര്‍ട്ട് ഗ്രൂപ്പ് എന്നിവയാണ് ഓഹരികള്‍ വാങ്ങാന്‍ രംഗത്തുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ആഗോള നിക്ഷേപകബാങ്കായ എന്‍എം റോത്‌സ്‌ചൈല്‍ഡിനാണ് ഓഹരി വില്‍പനയുടെ ചുമതല.

എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയിലെ 49 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ ഓഹരികള്‍ വിറ്റ് ഫണ്ട് സമാഹരിക്കാന്‍ ജിവികെയും ശ്രമിക്കുന്നുണ്ട്. സിറ്റി ഗ്രൂപ്പിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. എഎംപി കാപ്പിറ്റല്‍, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മലേഷ്യ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ബിഎച്ച്ഡി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിനു വേണ്ടി സമീപിച്ചിട്ടുള്ളത്. മിയാലില്‍ 50.5 ശതമാനം ഓഹരികളാണ് ജിവികെ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. വിമാനത്താവള ടെര്‍മിനല്‍ നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ ആദ്യ നിക്ഷേപകരില്‍ ഒന്നാണ് ബിഡ് വെസ്റ്റ്.

ജിവികെ ഗ്രൂപ്പ്, എയര്‍പോര്‍ട്ട് കമ്പനി സൗത്ത് ആഫ്രിക്ക (10 ശതമാനം ഓഹരികള്‍), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (26 ശതമാനം ഓഹരികള്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട മറ്റ് സ്ഥാപനങ്ങള്‍. 8,700 കോടി രൂപയുടെ കടമാണ് നിലവില്‍ മിയാലിന് ഉള്ളത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപ വരുമാനവും കമ്പനി നേടി. 1,300 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.

Comments

comments

Categories: Business & Economy, Slider
Tags: MIAL