മഹീന്ദ്ര മറാസോ ബുക്കിംഗ് ആരംഭിച്ചു

മഹീന്ദ്ര മറാസോ ബുക്കിംഗ് ആരംഭിച്ചു

സെപ്റ്റംബര്‍ 3 ന് മഹീന്ദ്ര മറാസോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ മറാസോയുടെ ബുക്കിംഗ് ആരംഭിച്ചു. ഏതാനും ഡീലര്‍മാര്‍ അനൗദ്യോഗികമായാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. പതിനായിരം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 3 ന് മഹീന്ദ്ര മറാസോ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഇതുവരെ പൂര്‍ണ്ണമായി അനാവരണം ചെയ്തിട്ടില്ലെങ്കിലും രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് മഹീന്ദ്ര വാഹനം അയച്ചുതുടങ്ങിയിട്ടുണ്ട്. പുതിയ മോഡലിന്റെ ടീസറുകള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഡാഷ് ബോര്‍ഡ്, മധ്യ ഭാഗത്തായി സ്ഥാപിച്ച റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് ടീസറുകളില്‍ കണ്ടിരുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മൂന്ന് നിരകളിലും എസി വെന്റുകള്‍ എന്നിവ ടോപ് സ്‌പെക് വേരിയന്റുകളില്‍ ഉണ്ടായിരിക്കും. ഏഴ്, എട്ട് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ പുതിയ എംപിവി ലഭിക്കും. 7 സീറ്റ് വേരിയന്റില്‍ മധ്യ നിരയില്‍ വെവ്വേറെ ക്യാപ്റ്റന്‍ ചെയറുകള്‍ നല്‍കും. എന്നാല്‍ 8 സീറ്റര്‍ വേരിയന്റില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റ് ആയിരിക്കും.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് കരുത്തേകും. ഈ മോട്ടോര്‍ 130 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്. എയര്‍ബാഗുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) സഹിതം എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ ഏതെങ്കിലും മോഡലിന് പകരമല്ല മറാസോ വരുന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ വാഹന നിരയില്‍ പുതിയ ഉല്‍പ്പന്നമായിരിക്കും മറാസോ. മാരുതി സുസുകി എര്‍ട്ടിഗയുടെയും (6.34-10.69 ലക്ഷം രൂപ) ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും (14.34-21.57 ലക്ഷം രൂപ) ഇടയിലായിരിക്കും മഹീന്ദ്ര മറാസോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വിലയെന്ന് ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto
Tags: Mahindra