സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നേട്ടമുണ്ടാക്കി: ജയ്റ്റ്‌ലി

സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നേട്ടമുണ്ടാക്കി: ജയ്റ്റ്‌ലി

2019 സാമ്പത്തിക വര്‍ഷം 7.3 ശതമാനവും 2020 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനവും വളര്‍ച്ച ഇന്ത്യ നേടുമെന്ന് ഐഎംഎഫിനെ ഉദ്ധരിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; 2019 ല്‍ വിലക്കയറ്റ നിരക്ക് 5.2 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാവും

 

ന്യൂഡെല്‍ഹി: സാമ്പത്തിക മേഖലയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ മികച്ച ഫലമുണ്ടാക്കിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റ ജയ്്റ്റ്‌ലിയുടെ അഭിപ്രായ പ്രകടനം. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ 15 വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ കണക്കുകളും വിശകലനവും പുറത്തു വിട്ടതിന് പിന്നാലെ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ വാദങ്ങളെ ഖണ്ഡിച്ച് അദ്ദേഹം രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 7.35 ശതമാനത്തേക്കാള്‍ മെച്ചപ്പെട്ട ശരാശരി വളര്‍ച്ചാ നിരക്കായ 8 ശതമാനമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്ന് ഐഎംഎഫ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ജയ്റ്റ്‌ലി സമര്‍ത്ഥിച്ചു.

2014 ജനുവരി-ഫെബ്രുവരി കാലത്തെയും 2018 ജൂലൈ-ഓഗസ്റ്റ് കാലഘട്ടത്തിലെയും ഐഎംഎഫ് രേഖകള്‍ താരതമ്യം ചെയ്താല്‍ മോദി സര്‍ക്കാരിന്റെ നടപടികള്‍ ഫലം കണ്ടെന്ന് വ്യക്തമാകുമെന്ന് ധനമന്ത്രി ഫേസ്ബുക്ക് ബ്ലോഗില്‍ എഴുതി. 2014 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനം വാര്‍ഷിക വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിച്ചത്. ദശാബ്ദക്കാലത്തെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ പ്രതീക്ഷയായിരുന്നു ഇത്. വിലക്കയറ്റം ഇക്കാലയളവില്‍ ഇരട്ടയക്കത്തിലേക്ക് എത്തി. യുപിഎ സര്‍ക്കാരിന്റെ ബാക്കിപത്രമായിരുന്നു ഇത്. അതേസമയം 2019 സാമ്പത്തിക വര്‍ഷം 7.3 ശതമാനം ജിഡിപി വളര്‍ച്ച ഇന്ത്യക്കുണ്ടാവുമെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. 2020 സാമ്പത്തിക വര്‍ഷം കുറച്ചു കൂടി മെച്ചപ്പെട്ട് 7.5 ശതമാനമെന്ന നിരക്കില്‍ ഇന്ത്യ വളരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിലക്കയറ്റവും നിയന്ത്രണ പരിധിയിലാണ്. 2019 ല്‍ 5.2 ശതമാനമാകും വിലക്കയറ്റ നിരക്കെന്നാണ് പ്രവചനം.

മോദി സര്‍ക്കാരിന്റെ കീഴില്‍ ‘സമ്പദ് വ്യവസ്ഥ ഗണ്യമായ തോതില്‍ ശുദ്ധീകരിക്കപ്പെടുകയും കൂടുതല്‍ സുതാര്യമാക്കപ്പെടുകയും ചെയ്തു. സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള ബഹുസമ്പദ് വ്യവസ്ഥാ നയങ്ങളും ഘടനാപരമായ പരിഷ്‌കാരങ്ങളും അനുഗുണമായ ഫലം നല്‍കുന്നത് തുടരുകയാണ്,’ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന തോതിലുള്ള ധനകമ്മിയും വിലക്കയറ്റ നിരക്കും വര്‍ധിച്ച കറന്റ് എക്കൗണ്ട് കമ്മിയും നിശ്ചലാവസ്ഥയിലായ അടിസ്ഥാന സൗകര്യ വികസനവും ഊര്‍ജ മേഖലയിലെ മരവിപ്പുമാണ് യുപിഎ സര്‍ക്കാര്‍ എന്‍ഡിഎ സര്‍ക്കാരിന് കൈമാറിയതെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഇത്തരമൊരു ദുര്‍ഘടമായ സാഹചര്യത്തില്‍ നിന്നാണ് മോദി സര്‍ക്കാരിന് നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജയ്റ്റ്‌ലിയുടെ വാദങ്ങളെ ഖണ്ഡിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തി. മികച്ച വളര്‍ച്ചാ സാധ്യതകളുള്ള സമ്പദ് വ്യവസ്ഥയാണ് എന്‍ഡിഎക്ക് യുപിഎ കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 304.2 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യ ശേഖരവും 315 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും അക്കാലത്തുണ്ടായിരുന്നു. എണ്ണ വിലയിടിവിന്റെയും വിപണി വിലയിടിവിന്റെയും അപ്രതീക്ഷിത നേട്ടവും മോദി സര്‍ക്കാരിന് കിട്ടിയെന്ന് ചിദംബരം പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയ ജിഡിപി ബാക്ക് സീരിസ് ഡാറ്റയെ ചൊല്ലി കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് അനുദിനം ചൂടുപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സര്‍ക്കാരിന്റെ കീഴിലുള്ള വിഭാഗത്തില്‍ നിന്ന് ലഭിച്ച പ്രശംസയെ അനുഗുണമാക്കാനുള്ള രാഷ്ട്രീയ ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേരത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി പ്രവര്ഡത്തിച്ച മൊണ്ടേക് സിംഗ് അലുവാലിയയും വാദപ്രതിവാദത്തിലേക്ക് എടുത്തു ചാടിയിരുന്നു. 2008-09 കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ധനകമ്മി പിടിച്ചു നിര്‍ത്താന്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് കുറച്ചുകൂടി മെച്ചപ്പെട്ട ശ്രമങ്ങള്‍ നടത്താമായിരുന്നെന്നാണ് അലുവാലിയ അഭിപ്രായപ്പെട്ടിരുന്നത്. വിലക്കയറ്റം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ പ്രതിബന്ധമായി മാറിയിരുന്നെന്നും അലുവാലിയ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വാജ്‌പേയ് സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2003 ലും ഒന്നാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നാല് വര്‍ഷങ്ങളിലും ആഗോള സാമ്പത്തിക വളര്‍ച്ചയെ കവച്ചു വെച്ചിരുന്നെന്നും അലുവാലിയ ചൂണ്ടിക്കാട്ടി.

അതേസമയം യുപിഎ സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്ക് 5.92 ശതമാനത്തിലേക്ക് കൂപ്പു കുത്തിയത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുന്നത്. 2012-13 കാലത്ത് 5.46 ശതമാനവും തൊട്ടടുത്ത വര്‍ഷം 6.39 ശതമാനവുമായിരുന്നു വളര്‍ച്ചാ നിരക്ക്. 2000-01 കാലഘട്ടത്തിലെ 3.66 ശതമാനമെന്ന നിരക്ക് 2003-04 സാമ്പത്തിക വര്‍ഷമായപ്പോഴെക്കും 8.08 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ വാജ്‌പേയ് സര്‍ക്കാരിനായെന്നും എന്നാല്‍ അഞ്ച് വര്‍ഷത്തിനകം യുപിഎ ഇത് പകുതിയാക്കിയെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. അതേസമയം സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഡാറ്റ ഔദ്യോഗിക സ്വഭാവമുള്ളതല്ലെന്നും സാമ്പത്തിക വളര്‍ച്ചയും ഉല്‍പ്രേരക നടപടികളും 2001 ല്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടിരുന്നെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News, Slider