ശീതളച്ഛായ: അര്‍ത്ഥവും അന്വയവും സമാസവും

ശീതളച്ഛായ: അര്‍ത്ഥവും അന്വയവും സമാസവും

പശ്ചിമഘട്ട സംരക്ഷണത്തിന് അതീവ സൂക്ഷ്മതയോടെ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുമായി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ മേശവലിപ്പുകളില്‍ പൊടിപിടിച്ചുറങ്ങുകയാണ്. ഗാഡ്ഗില്‍ ശുപാകര്‍ശകളെ അട്ടിമറിക്കാനുദ്ദേശിച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അതിന് മീതെ ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റി റിപ്പോര്‍ട്ടുമെല്ലാം വന്നു. കര്‍ഷക ക്ഷേമം പറഞ്ഞ് ഒരു കൂട്ടം നിക്ഷിപ്ത താല്‍പര്യക്കാര്‍ തങ്ങളുടെ അനധികൃത പ്രവൃത്തികളെ സംരക്ഷിക്കുന്നതും രാഷ്ട്രീയക്കാരില്‍ ചിലര്‍ അവര്‍ക്കും കുടപിടിക്കുന്നതും കാണാനായി. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിടാനും അക്രമ പ്രവര്‍ത്തനങ്ങള്‍ വരെ നടത്താനും അവരില്‍ ചിലര്‍ക്ക് സാധിച്ചു. പ്രളയം തകര്‍ത്തെറിഞ്ഞ കേരളവും കര്‍ണാടകയിലെ കുടകും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്.

‘വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി’
-‘ഒരു പാട്ട് പിന്നെയും’, സുഗതകുമാരി

ലോകത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ പ്രാധാന്യമുള്ള പത്ത് പ്രദേശങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. അറബിക്കടലിന് സമാന്തരമായി ഡെക്കാണ്‍ പീഠഭൂമിക്ക് അതിരായി ഉയര്‍ന്ന്, പിന്നെ താഴ്‌വാരത്തേയ്ക്ക് ഊര്‍ന്ന് കന്യാകുമാരി മുതല്‍ ഗുജറാത്തിലെ സാത്പുര മലനിരകള്‍ വരെ 1,600 കിലോമീറ്റര്‍ നീളത്തില്‍, ഏകദേശം നൂറ് കിലോമീറ്റര്‍ വീതിയില്‍, 1.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന സഹ്യപര്‍വ്വത നിരയാണ് പശ്ചിമഘട്ടം. ജൈവ മഹാവൈവിദ്ധ്യലോല പ്രദേശം (bio-diversity hotspot) എന്ന് അംഗീകരിക്കപ്പെട്ട ഈ പര്‍വ്വതസാനുക്കള്‍ അനേകശതം അപൂര്‍വ സസ്യലതാദികളുടെയും ജീവജാലങ്ങളുടെയും വാസവ്യവസ്ഥയാണ്. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി, അറബിക്കടല്‍ അതിരിടുന്ന കരഭൂമിയുടെ കാവലാളായി പശ്ചിമഘട്ടം നിലകൊള്ളുന്നു. ഇരുപത്തഞ്ച് കോടി ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണിയാണിത്.

പശ്ചിമഘട്ട മലനിരകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ജൈവസമ്പത്തില്‍ ഏകദേശം ഏഴ് ശതമാനം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കാക്കുന്നത്. അതിജീവിക്കുന്ന ജീവജാലങ്ങളില്‍ 51 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. 2012 ജൂലൈ 1ന് റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ ചേര്‍ന്ന ലോക പൈതൃക സമിതിയില്‍ ഉണ്ടായ തീരുമാനപ്രകാരം ഐക്യരാഷ്ട്രസഭ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. കേരളത്തിന്റെ മിതശീതോഷ്ണ കാലാവസ്ഥക്ക് കാരണം പശ്ചിമഘട്ടമാണ്. എന്ന് മാത്രമല്ല, പ്രകൃതിയുടെ ഈ വരദാനം ഏറ്റവും കൂടുതല്‍ അനുഗ്രഹിക്കുന്നത് കേരളത്തെയാണ്. ആറ് സംസ്ഥാനങ്ങളിലായി 44 ജില്ലകളിലെ 142 താലൂക്കുകളില്‍ പടര്‍ന്ന് കിടക്കുന്ന പശ്ചിഘട്ടത്തിന്റെ ഭാഗമായ സഹ്യപര്‍വ്വതമാണ് കേരളത്തിന് തണലേകുന്ന ശീതളച്ഛായ.

2009 മെയ് മുതല്‍ 2011 ജൂലൈ വരെ ഭാരത സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേഷ് അറിയപ്പെടുന്നത് ഇന്ത്യന്‍ പരിസ്ഥിതി അവബോധത്തിന്റെ നവീന ശില്‍പ്പി എന്ന നിലക്കാണ്. അദ്ദേഹമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വനവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ട് ഇറങ്ങിയ ദേശീയ നേതാക്കളില്‍ പ്രഥമസ്ഥാനം ജയ്
റാം രമേഷ് എന്ന മുംബൈ ഐഐടി ഉത്പന്നത്തിനാണ്. 2010 മാര്‍ച്ചില്‍ ജയ്‌റാം രമേഷിന്റെ നിര്‍ദ്ദേശപ്രകാരം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിന്റെ പരിപാലന, സംരക്ഷണ, പുനരുജ്ജീവന മാര്‍ഗ്ഗങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കി. ചെയര്‍മാനായത് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. അതാണ് ഗാഡ്ഗില്‍ കമ്മിറ്റി എന്ന് പരക്കെ അറിയപ്പെടുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍, അവയിലെ വ്യവസായങ്ങള്‍, തദ്ദേശീയ ജനങ്ങള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2011 ഓഗസ്റ്റ് മാസത്തില്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് ഒരുമാസം മുന്‍പ്, ജൂലൈയില്‍, ജയ്‌റാം രമേഷിനെ ഗ്രാമവികസന മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം ഇവയാണ്:

1. പശ്ചിമഘട്ട പ്രദേശമത്രയും പരിസ്ഥിതിലോല മേഖലയാണ്.

2. പശ്ചിമഘട്ടം കടന്ന് പോകുന്ന 142 താലൂക്കുകളെ മൂന്ന് തരം പരിസ്ഥിതിലോല മണ്ഡലങ്ങളായി തിരിച്ചു.

3. ഇതില്‍ ഒന്നാം നമ്പര്‍ പ്രദേശം (അതീവ ലോല പ്രദേശം) അതീവ പ്രാധാന്യമുള്ളതും ഖനനം, താപനിലയങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നിയന്ത്രിക്കപ്പെടേണ്ടതുമാണ്.

4. അതീവ ലോല പ്രദേശങ്ങളില്‍ ജലം സംഭരിക്കുന്ന അണക്കെട്ടുകള്‍ നിര്‍മ്മിക്കരുത്.

5. വനം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി, മുകളില്‍ നിന്ന് താഴേക്കുള്ള ഭരണസംവിധാനം മാറ്റി, പ്രാദേശിക ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി, താഴെ നിന്ന് മുകളിലേക്ക് നീങ്ങുന്ന ഭരണപ്രക്രിയ വേണം എന്ന് നിര്‍ദ്ദേശം വച്ചു.

6. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം അധികാരങ്ങളെല്ലാമുള്ള പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി എന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനം രൂപീകരിക്കണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2012 മേയ് മാസം വരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൊടിപിടിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ സമ്മര്‍ദ്ദ ശക്തി മൂലം അതേ മാസത്തില്‍ റിപ്പോര്‍ട്ട്് പുറത്ത് വിടേണ്ടി വന്നു. എന്നാല്‍ ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയോ, അതിനുതകും വിധം പ്രാദേശിക ഭാഷകളിേലക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയോ ഉണ്ടായില്ല. മറിച്ച്, റിപ്പോര്‍ട്ടിന്റെ മുക്കും മൂലയും മാത്രം കേട്ടറിഞ്ഞ സംസ്ഥാനങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിനാെണാരുങ്ങിയത്. കേരളത്തിലെ അതിരപ്പള്ളി, കര്‍ണ്ണാടകയിലെ ഗുണ്ട്യ എന്നീ പദ്ധതികള്‍ ഒന്നാം വിഭാഗം അതീവ ലോല പ്രദേശങ്ങളിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് ഒരു കാരണമാവാം. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഖനന മാഫിയയും കേരളത്തിലെ ക്വാറി മാഫിയയും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ ഈ 142 താലൂക്കുകളിലും കൃഷി ചെയ്യാനാവില്ല എന്നവര്‍ കര്‍ഷകരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. മാഫിയകളുടെ താത്പര്യം സംരക്ഷിക്കാന്‍ ഇറങ്ങിയ രാഷ്ട്രീയക്കാരില്‍ വലിയ കക്ഷിഭേദമൊന്നും കണ്ടില്ല. എന്ന് മാത്രമല്ല, ചില സംസ്ഥാനങ്ങളില്‍ ഖനന മാഫിയയ്ക്ക് വലിയ രാഷ്ട്രീയ പങ്കാളിത്തവുമുണ്ട്. ഇവരുടെ കുപ്രചാരണങ്ങള്‍ക്ക് വിധേയരായവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഗാഡ്ഗിലിന്റെ കോലവും കത്തിക്കുന്ന പരിപാടി ആറ് സംസ്ഥാനങ്ങളിലെ 142 താലൂക്കുകളിലും നടത്തി.

മാഫിയയുടെ പ്രലോഭനം മൂലം രാഷ്ട്രീയനേതൃത്വത്തിന് തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി നഷ്ടപ്പെട്ടു. അവര്‍ക്ക് സമയം കടം വാങ്ങിയേ തീരൂ എന്നായി. സമയം നീട്ടാന്‍ ഒരു വഴി കണ്ടെത്തിയത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കുവാന്‍ മറ്റൊരു കമ്മിറ്റിയെ വെച്ചുകൊണ്ടാണ്. സത്യത്തില്‍ അങ്ങനെയൊരു കമ്മിറ്റിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല. നല്ല ലളിതമായ ഇംഗ്ലീഷിലാണ് കമ്മിറ്റി റിപ്പോര്‍ട്ട്. എങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിച്ച് ‘നടപ്പാക്കാന്‍’ ശാസ്ത്രജ്ഞനായ കെ കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയില്‍ പുതിയ കമ്മിറ്റിയെ നിയമിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഗാഡ്ഗില്‍ കണ്ടെത്തിയ പ്രദേശങ്ങളുടെ 37 ശതമാനം മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങളായി തരം തിരിക്കേണ്ടതുള്ളൂ. ബാക്കിയെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനൊപ്പം തന്നെ നിന്നു, കസ്തൂരിരംഗന്‍ കമ്മിറ്റിയും. വീണ്ടും സംസ്ഥാനങ്ങളുടെ അഭിപ്രായ സ്വരൂപണം. കേരളത്തെയും കര്‍ണ്ണാടകയിലെ കുടകിനെയും പ്രളയം മൂടിയ 2018 ആഗസ്ത് 16 ന് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിക്ക് ഒരു കത്തയച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ കര്‍ണാടകത്തിന്റെ എതിരഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട്. കേരളത്തിലെ 123 ഗ്രാമങ്ങളാണ് കസ്തുരിരംഗന്‍ കമ്മിറ്റി പരിസ്ഥിതി ലോലമായി കണ്ടെത്തിയതെങ്കില്‍, കര്‍ണ്ണാടകത്തില്‍ അത് 1,576 ആണ്.

കേരളം ഒരുപടി കൂടി മുന്നോട്ട് പോയിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ കേന്ദ്രം വെച്ച കസ്തുരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ കേരളം വച്ച കമ്മിറ്റിയാണ് ഉമ്മന്‍ കമ്മിറ്റി. അന്നത്തെ കേരള മുഖ്യമന്ത്രിയുടെ ഒന്നാം പേരും കമ്മിറ്റി അദ്ധ്യക്ഷന്റെ ഒന്നാം പേരും സമാനമായത് തികച്ചും യാദൃച്ഛികം മാത്രം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കസ്തൂരിരംഗന്‍ കമ്മിറ്റി വനമായി കണക്കാക്കി എന്നതാണ് ഉമ്മന്‍ കമ്മിറ്റിയുടെ നിഗമനങ്ങളിലൊന്ന്. ഇത് ഉപഗ്രഹസര്‍വേ വഴി കണ്ടെത്തിയതാണ്. അതുപോലെ കൃഷിക്കാരെ പരിസ്ഥിതിലോല പ്രദേശത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും. പൊതുവില്‍ ‘നമ്മുടെ പറുദീസാ നഷ്ടം അഥവാ കപ്പ കൃഷിയിലെ എലിശല്യത്തെക്കുറിച്ച് പാലാക്കാര്‍ക്ക് വേണ്ടി ഒരു പഠനം’ എന്ന സക്കറിയക്കഥയിലെ കേരളാ കോണ്‍ഗ്രസുകാരന്റെ മുഖഭാവം ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഉണ്ടായിത്തീര്‍ന്നു. റിപ്പോര്‍ട്ടുകളെല്ലാം പലയിടത്തായി വിശ്രമത്തിലാണ്. ഇതെല്ലാമാണ് ശീതളച്ഛായ അന്വയിച്ചപ്പോള്‍ കിട്ടുന്ന സമാസങ്ങള്‍; സന്ധിവേദനകള്‍.

ബ്രിട്ടീഷുകാര്‍ മല കയ്യേറി തോട്ടം പിടിപ്പിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഭാഗത്ത് കൂലിപ്പണിക്കാരായി വന്നത് തമിഴരും സിംഹളരും ആയിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം നടക്കുന്ന കാലത്ത് സര്‍ദാര്‍ കെ എം പണിക്കരുടെ പഠനസംഘം വരുന്നതിന് തൊട്ട് മുന്‍പ് തിരുവിതാംകൂര്‍ പ്രധാനമന്ത്രി ആയിരുന്ന പട്ടം താണു പിള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് രായ്ക്ക് രാമാനം മലവാരത്തേയ്ക്ക് ലോറിക്ക് ആളെ അടിച്ചു. അവര്‍ക്ക് കൃഷി ചെയ്യാന്‍ ബ്ലോക്ക് ബ്ലോക്കായി അയ്യഞ്ച് ഏക്കര്‍ സ്ഥലവും അന്നേക്കന്ന് കൊടുത്തു. അങ്ങിനെയാണ് ഒറ്റ രാത്രികൊണ്ട് കേരളത്തിന്റെ തെക്കന്‍ മലവാരം മലയാളി ഭൂരിപക്ഷം ആയത്. അല്ലെങ്കില്‍ ഇന്ന് മുല്ലപ്പെരിയാറെല്ലാം നില്‍ക്കുന്നയിടം തമിഴ്നാടിന്റെ കൈവശം ഇരിക്കുമായിരുന്നു. ആ തലമുറയുടെ പിന്മുറക്കാരാണ് ഇന്ന് അവിടെ കൃഷി ചെയ്ത് ജീവിച്ച് പോകുന്നത്. അവരെ ഇറക്കി വിടാനൊന്നും ഗാഡ്ഗിലോ കസ്തൂരിരംഗനോ പറഞ്ഞിട്ടില്ല. പിന്നെയെന്തിനാണ് ഇത്ര വലിയ കോലാഹലം ഇവിടെ ഉണ്ടായത്? ആര് ആരുടെ താത്പര്യം സംരക്ഷിക്കാനാണ് വളഞ്ഞ വഴിയിലൂടെ നോക്കുന്നത്? വ്യത്യസ്ത രാഷ്ട്രീയ നേതൃത്വം ഭരണത്തിലുള്ള ഈ ആറ് സംസ്ഥാനങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ ഒരുപോലെ വിമുഖരാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടം മുഴുവന്‍ പൂര്‍ണ്ണമായും നടപ്പാക്കണം. എങ്കിലേ ഇനിയൊരു പ്രളയം ഈ പര്‍വതങ്ങളുടെ താഴ്‌വരകളില്‍ ഉണ്ടാവാതിരിക്കൂ. ജീവിതവും ജീവനും എല്ലായിടത്തും എല്ലാവര്‍ക്കും ഒരുപോലെ വിലപ്പെട്ടതാണ്. വെട്ടിയ മരത്തിന്റെ ബാക്കിവന്ന കുറ്റിയിലെങ്കിലും ചാഞ്ഞിരുന്ന്, ആര്‍ദ്രമായി, ഒടിഞ്ഞുപോയ ചിറകുകളെ വിസ്മരിച്ച്, ബാക്കി വന്ന ഒറ്റച്ചിറകില്‍ താളമടിച്ച് നമുക്ക് തെളിഞ്ഞ് പാടണമെങ്കില്‍ ഇനിയെങ്കിലും അത് ചെയ്യണം. ശീതളച്ഛായ അര്‍ത്ഥപൂര്‍ണ്ണമായ വാക്കാവട്ടെ, നമുക്ക്.

Comments

comments

Categories: FK Special, Slider